Categories
kerala

സ്ത്രീശക്തി മോദിക്കൊപ്പമോ…പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടുവാന്‍ മൂന്നു കാര്യങ്ങള്‍ മതി

ബിജെപി നടത്തുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന കാമ്പയിനിന്റെ ഭാഗമായി തൃശ്ശൂരില്‍ ബിജെപി എത്തിച്ച സ്തീകളുടെ സദസ്സിനെ നോക്കി പ്രധാനമന്ത്രി നടത്തിയ അവകാശവാദങ്ങള്‍ പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഏത് ഭരണാധികാരിക്കും ഭരണം കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്കപ്പുറം അസാധാരണമായി ഒന്നുമില്ല. എന്നാല്‍ മോദി ഉത്തരം പറയേണ്ട കാര്യങ്ങള്‍ ഒരു പക്ഷേ ഇന്ത്യയില്‍ സ്തീകളുടെ അന്തസ്സും അഭിമാനവും തകര്‍ത്ത ഒട്ടേറെ സംഭവങ്ങളിലെ പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടത്തെക്കുറിച്ചായിരുന്നു. മോദിക്ക് ഉത്തരം മുട്ടി ഉമിനീരിറക്കാന്‍ ബുദ്ധിമുട്ടുന്ന ചില ചോദ്യങ്ങളുണ്ട്. അതില്‍ വെറും മൂന്നെണ്ണം താഴെ പറയാം.

  1. 2020 സെപ്തംബര്‍ 14-ന് ഉത്തര്‍പ്രദേശിലെ ഹത്രസ് എന്ന ഗ്രാമത്തില്‍ 19 വയസ്സുള്ള ഒരു യുവതി കൂട്ടബലാല്‍സംഗത്തിനിരയായി. അവളുടെ നാവ് ബലാല്‍സംഗം നടത്തിയവര്‍ ഛേദിച്ചു കളഞ്ഞു. രണ്ടാഴ്ച ജീവനു വേണ്ടി പൊരുതിയ ശേഷം ഡെല്‍ഹിയിലെ ആശുപത്രിയില്‍ ആ യുവതി മരണത്തിന് കീഴടങ്ങി. അവളുടെ മൃതദേഹം പോലും ബന്ധുക്കളെ കാണിക്കാതെ രായ്ക്കു രാമാനം ഹത്രസിലെത്തിച്ച് സംസ്ഥാനസര്‍ക്കാരിന്റെ ജില്ലാ ഭരണാധികാരികളുടെ അറിവോടെ വയലിലിട്ട് കത്തിച്ചുകളഞ്ഞു. രാജ്യം മുഴുവന്‍ വിറങ്ങലിച്ചു നിന്ന സംഭവമായിരുന്നു അത്. സുപ്രീംകോടതി ഇടപെട്ട് ഉത്തരവിട്ടതിനു ശേഷം മാത്രമാണ് ലക്‌നൊ ആശുപത്രിയില്‍ മൃതപ്രായയായി കഴിയുകയായിരുന്ന യുവതിയെ ഡെല്‍ഹിയില്‍ വിദഗ്ധ ചികില്‍സയ്ക്കായി മാറ്റാന്‍ ബിജെപിയുടെ യോഗി ഭരണകൂടം തയ്യാറായത് എന്നും ഓര്‍ക്കുക. വന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഈ കേസ് സി.ബി.ഐ.ക്ക് വിട്ടതും. എന്നാല്‍ തെളിവുകള്‍ മിക്കതും നശിപ്പിക്കപ്പെടുകയോ വളച്ചൊടിക്കുകയോ ചെയ്തതിനാലാണെന്നു പറയുന്നു, പ്രതികളായ നാലുപേരില്‍ മൂന്നു പേരെയും യു.പി. കോടതി വെറുതെവിട്ടു!! ഇന്ത്യന്‍ മനസ്സാക്ഷിയെ നടുക്കിയ സംഭവത്തില്‍ രാജ്യത്തെ പ്രധാനമന്ത്രി വാ തുറന്ന ഒരക്ഷരമെങ്കിലും ആ യുവതിക്കനുകൂലമായി പറഞ്ഞതായി കേട്ടിട്ടില്ല.
  2. മണിപ്പൂരിലെ കാങ് പോക്പി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ജനക്കൂട്ടം രണ്ട് യുവതികളെ നഗ്നരായി നടത്തിച്ച് അവരെ വയലില്‍ വെച്ച് ബലാല്‍സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം മെയ് നാലാം തീയതി. രണ്ടു മാസത്തിനു ശേഷം ഇന്റര്‍നെറ്റ് നിരോധനം ഏതാനും ദിവസത്തേക്ക് നീക്കിയപ്പോഴാണ് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച് ഈ സംഭവത്തിന്റെ വീഡിയോ പുറത്തു വന്നത്. ഇന്ത്യ മുഴുവന്‍ നാണിച്ച് തല താഴ്ത്തിയ സംഭവം. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇതിലധികം ഒരു അപമാനം ഉണ്ടാവാനില്ലെന്ന് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അപലപിച്ച സംഭവം. എന്നാല്‍ പ്രധാനമന്ത്രി എന്ത് ചെയ്തു. ബിജെപി മുഖ്യമന്ത്രി ബിരേന്‍സിങിന്റെ സമുദായമായ മെയ്‌തേയ് സമുദായത്തിന്റെ മേല്‍ക്കൈയില്‍ കുക്കി വിഭാഗക്കാര്‍ക്കു നേരെ സംഘടിതമായി നടന്ന ഒട്ടേറെ ആക്രമണങ്ങളിലും കൊലകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കുക്കിയുവതികളെ നഗ്നരാക്കി നടത്തിച്ച് ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം. തടയാന്‍ ശ്രമിച്ച യുവതികളിലൊരാളിന്റെ സഹോദരനെയും അക്രമിക്കൂട്ടം വധിച്ചു. വീഡിയോ പുറത്തു വന്ന് ഒരു മാസത്തിനു ശേഷമാണ് നാല് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
    മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും ഈ നാരീശക്തിക്കൊപ്പെമെന്ന് പറയുന്ന പ്രധാനമന്ത്രി പാര്‍ലമെന്റിലൊന്ന് പ്രതികരിക്കാനോ, സകലമാന ജനങ്ങളും ആവശ്യപ്പെട്ടിട്ടും മണിപ്പൂരിലൊന്ന് സന്ദര്‍ശിച്ച് അവിടുത്തെ ജനതയുടെ മുറിവുണക്കാന്‍ ഒരു വാക്ക് പറയാനോ തയ്യാറായില്ല. മണിപ്പൂര്‍ കലാപം തുടങ്ങി 60 ദിവസം കഴിഞ്ഞ ശേഷമാണ് നരേന്ദ്രമോദി ഇതേപ്പറ്റി ഒരു വാക്കെങ്കിലും മിണ്ടിയത്. നൂറുകണക്കിന് സ്ത്രീകള്‍ മണിപ്പൂരില്‍ മാനഭംഗം ചെയ്യപ്പെട്ടും ഭവനരഹിതരായും ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടും ആ നാട് ചോരക്കളമായപ്പോള്‍ സ്ത്രീശക്തിയുടെ പേരില്‍ അഭിമാനം കൊള്ളുന്ന നരേന്ദ്രമോദി എന്തു ചെയ്തു.
  3. ഇന്ത്യയുടെ യശസ്സ് ലോകത്തെങ്ങും തെളിയിച്ച നമ്മുടെ അഭിമാനമായ വനിതാ ഗുസ്തി താരങ്ങള്‍ തങ്ങളെ മാനഭംഗപ്പെടുത്തിയ ഗുസ്തിഫെഡറേഷന്‍ പ്രസിഡണ്ടായ ബിജെപി എം.പി.യും മധ്യപ്രദേശിലെ പാര്‍ടിയുടെ പ്രമുഖനുമായ ബ്രിജ്ഭൂഷണ്‍ സിങിനെതിരെ ഒരു നടപടിയും എടുക്കാത്ത സംഘടനയുടെ അവസാനവാക്കാണ് നരേന്ദ്രമോദി. ബ്രിജ്ഭൂഷനെതിരെ കേസെടുക്കാനായി ഇരകളായിത്തീര്‍ന്ന ഈ വനിതകള്‍ക്ക് ഡല്‍ഹി ജന്തര്‍മന്തറില്‍ രണ്ടു മാസത്തിലധികം നിരാഹാരസത്യാഗ്രഹം നടത്തേണ്ട ഗതികേട് വന്നു. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളാവട്ടെ ഏത് ഇന്ത്യന്‍ സ്ത്രീക്കാണ് അഭിമാനകരം. ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തിരംഗത്തു നിന്നു തന്നെ വിടുതല്‍ പ്രഖ്യാപിച്ചു. ബജ്രംഗ് പുനിയയും വിനേഷ് ഫോഗട്ടും തങ്ങളുടെ മെഡലുകളും പത്മപുരസ്‌കാരവും കേന്ദ്രസര്‍ക്കാരിന് തിരിച്ചു നല്‍കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു. തങ്ങള്‍ക്കേറ്റ അപമാനത്തിന് പരിഹാരമില്ലാത്തതാണ് അവരെ ഇത്തരം കടുംകൈക്ക് പ്രേരിപ്പിച്ചത്. ഗുസ്തി ഫെഡറേഷനില്‍ തിരഞ്ഞെടുപ്പു വന്നപ്പോള്‍ താരങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബിജെപി നടത്തിയ അടവുനയത്തിന്റെ ഫലമായി, മാനഭംഗക്കേസിലെ വില്ലന്‍ ബ്രിജ്ഭൂഷന്‍ മാറി നിന്നെങ്കിലും അയാളുടെ വിശ്വസ്ത അനുയായി സഞ്ജയ് സിങാണ് 15-ല്‍ 13 വോട്ടും നേടി ‘വിജയിച്ചത്’. ബ്രിജ്ഭൂഷണിന്റെ പാവയാണ് താന്‍ എന്ന് സഞ്ജയ്‌സിങ് തെളിയിച്ചതോടെയാണ് വനിതാതാരങ്ങള്‍ അപമാനിതരായി ഇപ്പോള്‍ കൂടുതല്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഒടുവില്‍ സഞ്ജയ്‌സിങിന്റെ പാവകമ്മിറ്റിയെ സര്‍ക്കാരിന് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. എന്തേ സ്ത്രീശക്തിയില്‍ പുളകം കൊള്ളുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒരക്ഷരം വാതുറന്ന് പ്രതികരിക്കുകയും കര്‍ക്കശ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാതെ ബ്രിജ്ഭൂഷണെ രക്ഷിക്കാന്‍ സര്‍വ്വ അടവിനും കൂട്ടുനിന്നത്.

ഈ മൂന്നുകാര്യങ്ങള്‍ക്കുമാണ് തൃശ്ശൂരിലെ സ്ത്രീകളോടല്ല, ഈ കേരളത്തിലെ സ്ത്രീസമൂഹത്തോട് നരേന്ദ്രമോദി ഉത്തരം പറയേണ്ടത്. ഭരണത്തിന്റെ ഭാഗമായി സ്വാഭാവികമായും നല്‍കുന്ന ആനുകൂല്യങ്ങളുടെ പേരില്‍ മേനി പറയാതെ, പ്രിയപ്പെട്ട പ്രധാനമന്ത്രീ…അങ്ങ് ഇന്ത്യന്‍ സ്ത്രീകളെ തീര്‍ത്താല്‍ തീരാത്ത അപമാനക്കടലിലേക്ക് തള്ളി വിട്ട സംഭവത്തില്‍ പാലിച്ച മൗനത്തില്‍, അക്രമികളെ സംരക്ഷിക്കും വിധം പെരുമാറിയ ഭരണസംവിധാനത്തിനെതിരെ ഒരക്ഷരം പറയാതെ പാലിച്ച കാപട്യത്തിന്, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും ഒരു കാര്യവും തുറന്നു പറയാതെ നടത്തിയ രക്ഷപ്പെടലുകള്‍ക്ക് മതിയായ ഉത്തരം നല്‍കാന്‍ തയ്യാറാവുക.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick