Categories
latest news

കനഗോലുവിനെ കുറച്ചു കാണരുത്…തെലങ്കാനയില്‍ വിജയിച്ചതിനു പിന്നിലെ കനഗോലു തന്ത്രങ്ങള്‍…

അഞ്ച് സംസ്ഥാനങ്ങളിൽ തെലങ്കാനയിലാണ് സുനിൽ കനഗോലുവിന്റെ ടീമിന് തന്ത്രങ്ങൾ നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ അവസരവും സ്വാതന്ത്ര്യവും ലഭിച്ചത്. കർണാടക തിരഞ്ഞെടുപ്പിനായി പ്രവർത്തിച്ച മുഴുവൻ ടീമിനെയും തെലങ്കാനയിലേക്ക് മാറ്റിയാണ് കനഗോലു തന്ത്രങ്ങൾ പ്ലാൻ ചെയ്തത്

Spread the love

കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ വിജയം പല തരത്തില്‍ മര്‍മ്മ പ്രധാനമാണ്. ഏറ്റവും പ്രധാനം തെക്കെ ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ശക്തമായ ആധിപത്യ സാന്നിധ്യമാണ്. തെലങ്കാന പോലെ വലിയൊരു സംസ്ഥാനത്ത് പുതിയതായി അധികാരം കയ്യടക്കുക എന്നത് ആ പാര്‍ടിയെ സംബന്ധിച്ച് വലിയ നേട്ടമാണ്.

രണ്ടാമത്തെ കാര്യം, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു തന്തജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്ലാന്‍ കൃത്യമായി നടപ്പാക്കാന്‍ സാധിച്ചതായി കോണ്‍ഗ്രസ് വിലയിരുത്തിയ സംസ്ഥാനമാണ് തെലങ്കാന എന്നതാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും കനഗോലുവിനെ അതാതിടത്തെ താപ്പാനകളായ അശോക് ഗെഹ് ലോട്ടും കമല്‍നാഥും കാര്യമായി അടുപ്പിച്ചില്ല എന്നതും കനഗോലുവിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു. കര്‍ണാടകയിലും ചരിത്ര വിജയത്തിന് കോണ്‍ഗ്രസിന് സാധിച്ചത് കനഗോലുവിന്റെ കളിയിലൂടെയായിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും തോറ്റെങ്കിലും അവിടെയെല്ലാം കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനം ഉണ്ട്. ഒപ്പം തെലങ്കാന പുതിയൊരു സ്വാധീന സംസ്ഥാനമായി വന്നതോടെ അതിന്റെ നേട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാവുമെന്നതാണ് തെലങ്കാന വിജയത്തിന്റെ മറ്റൊരു സവിശേഷത.

thepoliticaleditor

അഞ്ച് സംസ്ഥാനങ്ങളിൽ തെലങ്കാനയിലാണ് സുനിൽ കനഗോലുവിന്റെ ടീമിന് തന്ത്രങ്ങൾ നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ അവസരവും സ്വാതന്ത്ര്യവും ലഭിച്ചത്. തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി ആരംഭിച്ച പ്രചാരണങ്ങൾ ക്രിയാത്മകവും വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പര്യാപ്തവുമായിരുന്നു. കർണാടക തിരഞ്ഞെടുപ്പിനായി പ്രവർത്തിച്ച മുഴുവൻ ടീമിനെയും തെലങ്കാനയിലേക്ക് മാറ്റിയാണ് കനഗോലു തന്ത്രങ്ങൾ പ്ലാൻ ചെയ്തത്.

നീലു (ജലം), നിധിലു (ധനകാര്യം), നിയമകാലു (തൊഴിൽ)” എന്നീ സംസ്ഥാന പ്രസ്ഥാനത്തിന്റെ വാഗ്ദാനങ്ങളെ അടിസ്ഥാനമാക്കിയാണ് തെലങ്കാനയ്ക്കുവേണ്ടിയുള്ള കോൺഗ്രസ് പ്രചാരണം രൂപകല്പന ചെയ്തത്. ഈ മുന്നണികളിലെല്ലാം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പരാജയം തുറന്നുകാട്ടാനാണ് കോൺഗ്രസ് ശ്രമിച്ചത്. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയും 5 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക സ്ഥിതിക്ക് മുഖ്യമന്ത്രി ഉത്തരവാദിയാണെന്നു വാദിക്കുകയും ചെയ്തു. പിഎസ്‌സി പരീക്ഷാ പേപ്പർ ചോർച്ചയും തൊഴിലില്ലായ്മയും തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നങ്ങളാക്കി.

‘ഡൊറാലു വേഴ്സസ് പ്രജാലു’ എന്ന പേരിൽ കോൺഗ്രസ് നടത്തിയ പ്രചാരണം കെസിആറിന്റെ നട്ടെല്ല് ഒടിച്ചു. ഡൊറാലു എന്നാൽ ഭൂവുടമകൾ, പ്രജലു എന്നാൽ സാധാരണക്കാർ. കെ.സി.ആർ സർക്കാരിനെതിരായ 10 വർഷത്തെ ഭരണ വിരുദ്ധതയെ നേരിടാൻ ഈ മുദ്രാവാക്യം കോൺഗ്രസിനെ സഹായിച്ചു എന്ന് കരുതുന്നു.

“ഭാരത് രാഷ്ട്ര സമിതിയുടെശക്തമായ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും മറികടക്കാൻ ബുദ്ധിമുട്ടാണെന്ന് കോൺഗ്രസിന് അറിയാമായിരുന്നു. തെലങ്കാനയിൽ കോൺഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുക എന്ന ആശയമാണ് നല്ലതെന്നും കെസിആറിനും കുടുംബാംഗങ്ങൾക്കുമെതിരെ ശക്തമായ ഭരണവിരുദ്ധ ഘടകം ഉണ്ടാക്കിയതിനാലാണ് കോൺഗ്രസ് വിജയിച്ചത് “– സുനിൽ കനഗോലുവിന്റെ ടീമംഗം ഓട് ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ.

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തെലങ്കാനയിലേക്കു പല കുറി നടത്തിയ സന്ദർശനങ്ങൾ വലിയ മാറ്റമുണ്ടാക്കുകയും കോൺഗ്രസ് പാർട്ടിക്ക് പിന്തുണ വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്തു എന്നും വിലയിരുത്തപ്പെടുന്നു. തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി സുനിലിനും സംഘത്തിനും തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താൻ സർവ സ്വാതന്ത്ര്യവും അനുവദിച്ചു. കർണാടകത്തിലെ തിരഞ്ഞെടുപ്പ് വിജയം താഴെത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് വലിയ രീതിയിൽ ഊർജം പകർന്നിരുന്നു. തെലങ്കാനയിലെ അനിഷേധ്യ നേതാവായി കണക്കാക്കപ്പെടുന്ന കെസിആറിനെതിരെ കടുത്ത പോരാട്ടം നടത്താൻ പാർട്ടിയുടെ എല്ലാ യൂണിറ്റുകളും ഒരുമിച്ച് പ്രവർത്തിച്ചതും ഈ ഊർജത്തിന്റെ ഫലമായിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick