കേരളത്തിലെ ഇടതുമുന്നണിയുടെ ഘടകകക്ഷികളില്‍ ഒറ്റ നിയമസഭാംഗം മാത്രമുള്ള പാര്‍ടിക്ക് ഊഴമിട്ട് മന്ത്രിസ്ഥാനം നല്‍കണമെന്ന മുന്നണി നയത്തിന്റെ തീരുമാനം നടപ്പാക്കിയിരിക്കുന്നു. നേരത്തെ മന്ത്രിമാരായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍ കോവിലും രണ്ടര വര്‍ഷ്ം പൂര്‍ത്തിയാക്കിയ ശേഷം കസേര വിട്ടു. ഇതോടെ മറ്റ് രണ്ട് ഒറ്റ അംഗക്കക്ഷികളുടെ നേതാക്കളായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ്‌കുമാറും മന്ത്രിക്കസേര ഏറ്റെടുക്കുകയാണ്. മികച്ച ഒരു മുന്നണി തീരുമാനം എന്നു മാത്രമേ ഇതേപ്പറ്റി പറയാനാവൂ.
എന്നാല്‍ ദീര്‍ഘകാലം ഇടതുമുന്നണിയുടെ ഘടകകക്ഷിയായിരുന്ന ഒരു കക്ഷി കൂടി ഒരേയൊരു നിയമസഭാംഗവുമായി ഇടതുമുന്നണിയിലുണ്ട്. ജനതാദള്‍ ആയിട്ടും ലോക് താന്ത്രിക് ജനതാദള്‍ ആയിട്ടും ഇപ്പോള്‍ ആര്‍.ജെ.ഡി. ആയിട്ടും വേഷം തരാതരം മാറുന്നുണ്ടെങ്കിലും വീരേന്ദ്രകുമാറിന്റെയും ഇപ്പോള്‍ ശ്രേയംസ്‌കുമാറിന്റെയും പാര്‍ടി എന്ന് വിളിച്ചാല്‍ കൃത്യമായ അടയാളമാകുന്ന കക്ഷിയെക്കുറിച്ചാണ് പറയുന്നത്. കടന്നപ്പള്ളി രാമചന്ദ്രന്റെ പാര്‍ടി ഏതെന്ന് ചോദിച്ചാല്‍ പറയാവുന്നത് കോണ്‍ഗ്രസ്-എസ്. എന്നാണ്. സത്യത്തില്‍ ഇപ്പോള്‍ ആ ഒരു പാര്‍ടി ഉണ്ടോ എന്ന് വിളിച്ചു ചോദിക്കേണ്ടതുണ്ട്. എന്‍.സി.പി. എന്ന പാര്‍ടിയായി ഭൂരിപക്ഷം പേരും പിളര്‍ന്നു പോയതോടെ കോ്ണ്‍ഗ്രസ് എസ് എന്ന പാര്‍ടിയില്‍ അണികള്‍ ഉണ്ടോ എന്ന് വിളിച്ചുചോദിക്കേണ്ട അവസ്ഥയാണ്. എന്‍.സി.പി.യാവട്ടെ ഇടതുമുന്നണി മന്ത്രിസഭയില്‍ സ്ഥിരം അംഗവുമാണ്. ഇപ്പോള്‍ കടന്നപ്പള്ളി കൂടി വരുന്നതോടെ പഴയ കോണ്‍ഗ്രസ് എസിന് ഫലത്തില്‍ രണ്ട് മന്ത്രിമാരായി.
ജനതാദള്‍ പിളര്‍ന്ന് പിളര്‍ന്ന് ഇനി പിളരാന്‍ ആളില്ലാതായ അവസ്ഥയില്‍ ഇപ്പോഴത്തെ ജനതാദള്‍-എസ്. എന്ന പാര്‍ടിക്ക് ഒരു മന്ത്രി ഇപ്പോള്‍ സ്ഥിരമായി ഇടതു കാബിനറ്റില്‍ ഉണ്ട്. കെ.കൃഷ്ണന്‍കുട്ടി നേരത്തെ വീരേന്ദ്രകുമാറിന്റെ ജനതാദളിലെ പ്രധാന നേതാവായിരുന്നു. ഇദ്ദേഹവും മാത്യു ടി.തോമസും ചേര്‍ന്ന് പാര്‍ടിയില്‍ നിന്നും പോയി വേറെ ജനതാദള്‍ ഉണ്ടാക്കി. വീരന്റെ ദള്‍ ലോക് താന്ത്രിക ദള്‍ ആയിത്തീരുകയും ചെയ്തു. ഇടക്കാലത്ത് ഇവര്‍ യു.ഡി.എഫിലേക്ക് പോയെങ്കിലും ഉടനെ തിരിച്ച് ഇടതുമുന്നണിയിലേക്കു തന്നെ വന്ന അവസ്ഥയിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്.
ഇടതുമുന്നണി 2021-ൽ വീണ്ടും ജയിക്കുകയും മന്ത്രിമാരെ തീരുമാനിക്കയും ചെയ്തപ്പോള്‍ ലോക് താന്ത്രിക് ദളിന് മാത്രം മന്ത്രിസ്ഥാനത്തിന് പരിഗണിക്കപ്പെടാത്ത അവസ്ഥ ഉണ്ടാകാന്‍ കാരണം എന്താണ്. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിപദവി ലഭിക്കാത്തതിനെച്ചൊല്ലി 2021-ൽ എല്‍ജെഡിയില്‍ വലിയ പ്രശ്‍നം ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് എം.വി.ശ്രേയാംസ്കുമാറിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ജില്ലാ സെക്രട്ടേറിയറ്റിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
കൂത്തുപറമ്പില്‍നിന്ന് ജയിച്ച കെ.പി.മോഹനനാണ് നിയമസഭയില്‍ എല്‍ജെഡിയുടെ ഏകപ്രതിനിധി. മന്ത്രിയാകാന്‍ ആദ്യഘട്ടം മുതല്‍ കെ.പി.മോഹനന്‍ ശ്രമവും തുടങ്ങിയിരുന്നു. എന്നാല്‍ എല്‍ജെഡിക്ക് അവസരം നല്‍കേണ്ടെന്നായിരുന്നു സിപിഎം തീരുമാനം. ഈ തീരുമാനം തിരുത്തിക്കാനും മന്ത്രിസ്ഥാനം വാങ്ങിയെടുക്കാനും സംസ്ഥാന പ്രസിഡന്‍റ് എം.വി.ശ്രേയാംസ്കുമാറിനു സാധിച്ചില്ല എന്ന ചർച്ചയും വിമർശനവും ആണ് അന്ന് പാർട്ടിയിൽ ഉണ്ടായത്. കൃഷ്ണൻ കുട്ടി- മാത്യു ടി തോമസ് സംഘം നേതൃത്വം നൽകുന്ന ജനതാ ദളുമായി ലയിക്കണമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് എല്‍ജെഡിയോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ആവർത്തിച്ചെങ്കിലും ലയന ആവശ്യം എല്‍ജെഡി തള്ളിയിരുന്നു . മാത്രമല്ല പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ സിപിഎം ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി. ഇതിന്റെ നീരസം സിപിഎം പരോക്ഷമായി പ്രകടിപ്പിച്ചതാണ് തങ്ങളോടുള്ള അവഗണനയ്ക്ക് കാരണം എന്ന് പല നേതാക്കളും കരുതുന്നു.
കെ.പി.മോഹനന്‍ എന്ന മുന്‍മന്ത്രി ലോക് താന്ത്രിക് ദളിന്റെ ഏക അംഗമായി ഉണ്ടായിട്ടും ഒറ്റ അംഗ കക്ഷിക്ക് മന്ത്രിസ്ഥാനം എന്ന നയത്തിന്റെ പരിധിയില്‍ മോഹനന്‍ വരാതിരിക്കുന്നതിന്റെ കാരണവും ദുരൂഹമായി തുടരുന്നു.
ലോക് താന്ത്രിക് ദളിന്റെ ഉന്നത നേതാവായ ശ്രേയാംസ്‌കുമാര്‍ തോറ്റു പോയതിനാല്‍ തനിക്ക് കിട്ടാത്ത മന്ത്രിസ്ഥാനം മറ്റാര്‍ക്കും കൊടുക്കേണ്ട എന്ന് അദ്ദേഹം ഇടതുമുന്നണി നേതൃത്വത്തിന് സന്ദേശം നല്‍കിയിട്ടുണ്ടോ, അറിയില്ല. മോഹനനും ശ്രേയാംസ്‌കുമാറും തമ്മില്‍ പാര്‍ടിയില്‍ രണ്ട് ചേരിയിലാണ് എന്നത് പരസ്യമായ രഹസ്യമായതിനാല്‍ ഇത്തരം സാധ്യതപോലും അഭ്യൂഹമായി പരന്നിരുന്നു.
ഇപ്പോള്‍ വീണ്ടും ഊഴമിട്ട് ഒറ്റ അംഗ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ വേഷം മാറിയ ലോക് താന്ത്രിക് ദള്‍ ആയ ആര്‍.ജെ.ഡിയെ പറ്റി ഇടതു മുന്നണി നേതൃത്വം മൗനമാണ്. ഇത് ആ പാര്‍ടിയുടെ സമ്മതത്തോടെയാണോ എന്നാണ് ഇനി പുറത്തു വരാനുള്ളത്. ജനപിന്തുണയുടെയും പാര്‍ടിയിലെ അനുയായികളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ആര്‍.ജെ.ഡി. എന്തുകൊണ്ടും കോണ്‍ഗ്രസ്-എസിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നിട്ടും ആര്‍.ജെ.ഡി. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തത് എന്തുകൊണ്ട് എന്നതാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജഞാ വേളയില്‍ രാഷ്ട്രീയകേരളത്തില്‍ ചര്‍ച്ചയായി മാറുന്നത്.
പഴയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസുകാരും പഴയ സോഷ്യലിസ്റ്റു പാര്‍ടിക്കാരും ചേര്‍ന്ന് അതി വിചിത്രമായ നാടകങ്ങളാണ് ഇടതുമുന്നണിയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് മറ്റൊരു കാര്യം. ജനതാദള്‍-എസ് ഇപ്പോള്‍ ഇടതു മതേതരപക്ഷത്തെന്ന് കേരളത്തില്‍ പറയുമ്പോഴും ബിജെപി മുന്നണിയിലാണ് ആ പാര്‍ടി ദേശീയ തലത്തില്‍ എന്നത് അതി വിചിത്രമായ അവസ്ഥയാണ്. മുന്‍ ഇടത് എം.എല്‍.എ. സി.കെ. നാണു ഇപ്പോള്‍ എവിടെയാണെന്ന് നാണു നിലപാട് പറഞ്ഞെങ്കിലും അദ്ദേഹം നല്‍കിയ കത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഇടതു മുന്നണിയില്‍ ഇപ്പോള്‍ തന്നെ പഴയ ജനതാദള്‍ ആയ രണ്ട് പാര്‍ടികള്‍ ഉണ്ട്. അവയുടെ നേതാക്കള്‍ തമ്മില്‍ തീര്‍ത്താല്‍ തീരാത്ത ഭിന്നതയും ആണ്. എല്ലാം അധികാരത്തിനു വേണ്ടിയുള്ള കടുംപിടുത്തവും കാണാപ്പുറ നിലപാടുകളും മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം.