Categories
latest news

ഇത്തവണ കോണ്‍ഗ്രസ് പൊളിഞ്ഞു പോയതിന് അഞ്ചു കാരണങ്ങള്‍

ഏറ്റവും സുപ്രധാനമായൊരു കാര്യം കോണ്‍ഗ്രസ് അതിന്റെ പ്രകടന പത്രികയില്‍ ഉന്നയിച്ചതും ഇന്ത്യയില്‍ വലിയ തരത്തില്‍ വോട്ടു ധ്രുവീകരണം കോണ്‍ഗ്രസിന് അനുകൂലമായി നടക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ച ജാതി സെന്‍സസ് ഹിന്ദി മേഖലയില്‍ എന്തു കൊണ്ട് ചലനം ഉണ്ടാക്കിയില്ല എന്നതാണ്

Spread the love

മോദി, മോദി മാത്രം…ഉയര്‍ത്തിക്കാട്ടി സംസ്ഥാനങ്ങളിലും ബി.ജെ.പി. വോട്ട് പിടിച്ചപ്പോള്‍ സംസ്ഥാനങ്ങളിലെ താപ്പാനകളെ വിശ്വസിക്കുകയും അവരുടെ ഇഷ്ടത്തിന് വിടുകയും ചെയ്തതാണ് കോണ്‍ഗ്രസിന് മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരം കിട്ടാതെ പോയത് എന്നാണ് പൊതുവായ നിഗമനം. രാജസ്ഥാനില്‍ അശോക് ഗെഹലോട്ടിനെയും മധ്യപ്രദേശില്‍ കമല്‍നാഥിനെയും ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേലിനെയും ഉയര്‍ത്തിക്കാട്ടിയ കോണ്‍ഗ്രസിന് മൂന്നിടത്തും വലിയ പരാജയമാണ് ലഭിച്ചത്. എന്നാല്‍ ബിജെപി ഈ മൂന്നിടത്തും നരേന്ദ്രമോദിയെ തന്നെയാണ് ഉയര്‍ത്തിക്കാട്ടി വോട്ട് അഭ്യര്‍ഥിച്ചത്. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമെന്ന് പ്രതീക്ഷിച്ച ഛത്തീസ്ഗഢില്‍ മോദിയുടെ വികസന ആനുകൂല്യങ്ങളും സബ്‌സിഡികളും എണ്ണിപ്പറഞ്ഞും ക്ഷേമ പദ്ധതി വാഗ്ദാനങ്ങള്‍ കൂടുതല്‍ നല്‍കിയും ബിജെപി നടത്തിയ പ്രചാരണം ഫലം കണ്ടു.

ഛത്തീസ് ഗഢിലെ പട്ടികജാതി-വര്‍ഗ മേഖലയില്‍ കോണ്‍ഗ്രസിന് വലിയ വോട്ടു ചോര്‍ച്ച സംഭവിച്ചു എന്ന് മനസ്സിലായിട്ടുണ്ട്. ഇതിന് എന്താണ് കാരണമെന്നത് കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവര്‍ക്ക് ഇപ്പോള്‍ മനസ്സിലാകുന്നുണ്ടാവണം. കാരണം പട്ടികജാതി മേഖലയില്‍ സംഘപരിവാര്‍ ആക്രമണം ഉണ്ടായപ്പോള്‍ അവര്‍ ആശ്രയത്തിനായി ചെന്നു മുട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ വാതിലാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനോട് വേണ്ടത്ര താല്‍പര്യത്തോടെ പ്രതികരിച്ചില്ല എന്നും അതു കൊണ്ടു തന്നെ ആ മേഖലയിലുള്ളവര്‍ പുതിയ സഖ്യമുണ്ടാക്കി അതു മൂലം വോട്ട് ഭിന്നിച്ചു പോയിട്ടുണ്ടെന്നുള്ള യാഥാര്‍ഥ്യം ഇപ്പോള്‍ പാര്‍ടി തിരിച്ചറിയുന്നുണ്ട്.

thepoliticaleditor

സംസ്ഥാനത്തെ താപ്പാന നേതാക്കളെ അതിജീവിച്ച് ് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നത്ര ശക്തമായ അധികാര പ്രഭാവം രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും കോണ്‍ഗ്രസില്‍ ഇല്ലെന്നു വേണം കരുതാന്‍. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സംസ്ഥാന നേതാക്കളെ വിശ്വസിച്ച് എല്ലാം അവരെ ഏല്‍പിക്കാന്‍ തയ്യാറാവുകയും ചെയ്തു. സുനില്‍ കനഗോലു എന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞനെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ നിയോഗിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ടീമിനെ കമല്‍നാഥിനെക്കൊണ്ടും ഗെഹലോട്ടിനെ കൊണ്ടും അംഗീകരിപ്പിക്കാനുള്ള ആജ്ഞാ ശക്തി ദേശീയ നേതൃത്വത്തിന് എന്തുകൊണ്ടോ ഉണ്ടായില്ല. എന്നാല്‍ തെലങ്കാനയില്‍ ഇത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാന്‍ സാധിച്ചപ്പോള്‍ ഒരു പ്രധാന തെന്നിന്ത്യന്‍ സംസ്ഥാനത്ത് വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയെടുത്തത്. ഇത് കോണ്‍ഗ്രസിലെ പഴയ താപ്പാനകളെന്ന് അഭിമാനിക്കുന്ന, എ്ന്നാല്‍ ജനപിന്തുണ തുടര്‍ച്ചയായി കുറഞ്ഞു വരുന്ന നേതാക്കള്‍ക്ക് വലിയൊരു പാഠവും സന്ദേശവുമാണ്.

ഇതിനപ്പുറം ഏറ്റവും സുപ്രധാനമായൊരു കാര്യം കോണ്‍ഗ്രസ് അതിന്റെ പ്രകടന പത്രികയില്‍ ഉന്നയിച്ചതും ഇന്ത്യയില്‍ വലിയ തരത്തില്‍ വോട്ടു ധ്രുവീകരണം കോണ്‍ഗ്രസിന് അനുകൂലമായി നടക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ച ജാതി സെന്‍സസ് ഹിന്ദി മേഖലയില്‍ എന്തു കൊണ്ട് ചലനം ഉണ്ടാക്കിയില്ല എന്നതാണ്. ഇത് അടുത്ത ദിനങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയേക്കാം.

അതേ പോലെ പ്രധാനമായ മറ്റൊരു കാര്യം മൃദുഹിന്ദുത്വ കൊണ്ട് തീവ്ര ഹിന്ദുത്വയെ മറികടക്കാന്‍ സാധിക്കില്ലെന്ന സത്യം കോണ്‍ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും തുടര്‍ച്ചയായി മറന്നു എന്നതാണ്. 82 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള കര്‍ണാടകയില്‍ ന്യൂനപക്ഷ സമുദായത്തെ കൂടി വളരെ വ്യക്തമായി ചേര്‍ത്തു പിടിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് വലിയ വിജയം നേടി. ഈ സന്ദേശം പോലും അവര്‍ക്ക് മധ്യപ്രദേശിലും മറ്റും പാഠമായില്ല. മതേതരവും ന്യൂനപക്ഷ അനുകൂലവുമായ പ്രകടമായ നയങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ മാത്രമേ സംഘപരിവാറിനെതിരായ ബൈനറി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിയൂ. അത് മാത്രമാണ് അവര്‍ക്ക് ഇന്ത്യയില്‍ വിജയസാധ്യത ഒരുക്കുക. ഇന്ത്യാ മുന്നണിയുടെ യോഗം പോലും ഭോപ്പാലില്‍ നടത്താതിരിക്കാന്‍ കമല്‍നാഥ് സമ്മര്‍ദ്ദം ചെലുത്തിയത് മൃദുഹിന്ദുത്വം കൊണ്ട് വോട്ട് നിറയ്ക്കാന്‍ പറ്റുമെന്ന വ്യാമോഹം കൊണ്ടായിരുന്നു. ഉദയനിധി സ്റ്റാലിന്റെ പ്രതികരണങ്ങള്‍ സൃഷ്ടിച്ച ഓളങ്ങള്‍ മൂലം ഡി.എം.കെ. ഉള്‍പ്പെട്ട ഇന്ത്യാ മുന്നണി ഭോപാലില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് ഹിന്ദുത്വ വോട്ട് നഷ്ടമാകുമെന്ന പേക്കിനാവ് കണ്ട് കമല്‍നാഥിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കീഴടങ്ങാന്‍ പാടില്ലായിരുന്നു. ഇനിയെങ്കിലും ചുമരെഴുത്തുകള്‍ വായിക്കാന്‍ കോണ്‍ഗ്‌സ് തയ്യാറാവേണ്ടിയിരിക്കുന്നു.

എന്തു കൊണ്ട് “ഇന്ത്യ മുന്നണി” എന്ന നിലയില്‍ പ്രകടമായ രാഷ്ട്രീയ മാനദണ്ഡങ്ങളോടെ കോണ്‍ഗ്രസ് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മല്‍സരിക്കാന്‍ തയ്യാറായില്ല എന്ന ചോദ്യവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്, പ്രത്യേകിച്ച് ഇടതു പക്ഷം ഇതൊരു വിമര്‍ശനമായി ഉയര്‍ത്തിക്കഴിഞ്ഞു.

ഭാരത് ജോഡോ യാത്ര ഹിന്ദി ഹൃദയ ഭൂമിയില്‍ സൃഷ്ടിച്ചുവെന്ന് കരുതപ്പെട്ട കോണ്‍ഗ്രസ് അനുകൂല മനോഭാവം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ദൃശ്യമായില്ല എന്നതും രാഹുലിന്റെ ദൗര്‍ബല്യമായി ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick