രാജ്യത്തെ റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണം അമിതവേഗതയാണെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 2022-ൽ 72.4 ശതമാനം അപകടങ്ങളും 75.2 ശതമാനം മരണങ്ങളും “സ്പീഡ് ലിമിറ്റ്” ലംഘനം മൂലമാണ് ഉണ്ടായതെന്ന് ‘റോഡ് ആക്സിഡന്റ് ഡെത്ത് ഇൻ ഇന്ത്യ 2022’ റിപ്പോർട്ട് പറയുന്നു. 1.57 ലക്ഷം റോഡപകട മരണങ്ങൾ നടന്ന 2018 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണങ്ങളാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 4.70 ലക്ഷത്തിലധികം അപകടങ്ങളാണ് 2018-ൽ സംഭവിച്ചത്.
ഹെൽമറ്റ് ധരിക്കാത്തതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട് 50,000-ത്തിലധികം പേർ മരിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അപകടത്തിൽപ്പെട്ടവരിൽ 35,692 പേർ റൈഡർമാരുമാണ്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത 16,715 പേർ കൊല്ലപ്പെട്ടു. 2022-ൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൊത്തത്തിൽ 4.61 ലക്ഷം റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1.68 ലക്ഷം പേർ മരിക്കുകയും 4.43 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളിൽ 11.9 ശതമാനം വർധനവ് ഉണ്ട്. മരണനിരക്കിൽ 9.4 ശതമാനവും പരിക്കുകളിൽ 15.3 ശതമാനവും വർധനവുണ്ടായി.