Categories
latest news

ജാതി സെന്‍സസ് കോണ്‍ഗ്രസിന് ഫൈനൽ മാച്ച്…മണ്ഡൽ രാഷ്ട്രീയത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം

ബോഫോഴ്‌സ് അഴിമതിയില്‍ രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ 1988-ല്‍ ആടിയുലഞ്ഞപ്പോള്‍ വിശ്വനാഥ് പ്രതാപ് സിങ് എന്ന മാണ്ഡയുടെ രാജാവ് കോണ്‍ഗ്രസ് സര്‍ക്കാരിലെ ധനകാര്യവകുപ്പു മന്ത്രിയായിരുന്നു, രാജീവിന്റെ വിശ്വസ്തനും. എന്നാല്‍ വി.പി.സിങ് അതിനുപ്പുറവും എന്തൊക്കെയോ ആയിരുന്നു എന്ന് തെളിയിക്കുന്ന ഒരു രാഷ്ട്രീയ ചലനത്തിനാണ് ഇന്ത്യ പിന്നീട് സാക്ഷ്യം വഹിച്ചത്.

വി.പി.സിങ് രാജീവ്ഗാന്ധിയോട് ഇടഞ്ഞതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അജ്ഞാതമെങ്കിലും അദ്ദേഹം മന്ത്രിസഭയില്‍ നിന്നും പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയും ജനമോര്‍ച്ച എന്ന അഴിമതിവിരുദ്ധ പ്രസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ജനമോര്‍ച്ചയിലേക്ക് പിന്നീട് ലോക്ദള്‍ ലയിക്കുകയും ജനതാദള്‍ എന്ന രാഷ്ട്രീയ പാര്‍ടി രൂപം കൊള്ളുകയും ചെയ്തു. 1989-ലെ നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം രുചിച്ചു. വി.പി.സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇടതു പക്ഷത്തിന്റെയും ബിജെപിയുടെയും പുറത്തുനിന്നുള്ള പിന്തുണയോടെ അധികാരത്തില്‍ വന്നത് സത്യത്തില്‍ പിന്നീടുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ വഴിത്തിരിവിനാണ് നാന്ദി കുറിച്ചത്.

thepoliticaleditor

രാജീവ്ഗാന്ധിയുടെ കാലത്ത് വിവാദമായ ഷബാനുബീഗം കേസ് വിധിയെ മറികടക്കാന്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കിയപ്പോള്‍ അത് മുസ്ലീം പ്രീണനമായി വ്യാഖ്യാനിക്കപ്പെട്ടതോടെ അതിനെ മറികടക്കാന്‍ കോണ്‍ഗ്രസും രാജീവ് ഗാന്ധിയും ബദലായി ഹിന്ദുക്കളെയും പ്രീണിപ്പിക്കാമെന്ന അത്യന്തം ബാലിശവും ആത്മഹത്യാപരവുമായ തീരുമാനമാണ് എടുത്തത്. തന്റെ മുത്തച്ഛന്‍ മുപ്പത്തിരണ്ടു വര്‍ഷം മുമ്പ് അടച്ചുപൂട്ടിയിട്ട ബാബരിമസ്ജിദ് ഹിന്ദുക്കള്‍ക്ക് “രാം ലല്ല” യുടെ ആരാധനയ്ക്ക് തുറന്നു കൊടുക്കുകയായിരുന്നു രാജീവ് ചെയ്തത്. ഇതോടെ സംഘപരിവാറും ആര്‍.എസ്.എസും ഇന്ത്യയില്‍ മറ്റൊരു വിശാലപദ്ധതിക്ക് തുടക്കമിട്ടത് വി.പി.സിങ് കാലത്തായിരുന്നു. ഹിന്ദുത്വ വോട്ട്ബാങ്ക് ശക്തിപ്പെടുത്താനായി ആര്‍.എസ്.എസ്. അയോധ്യയും രാമക്ഷേത്ര നിര്‍മ്മാണവും പ്രധാന രാഷ്ട്രീയ അജണ്ടയായി പ്രഖ്യാപിച്ചു.

ദശാബ്ദത്തിലേറെയായി ശീതീകരണിയില്‍ സൂക്ഷിച്ച മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത സിങ് അത് നടപ്പാക്കുകയാണെന്ന് പ്രഖ്യാപിച്ചത് വന്‍ തിരയിളക്കമാണ് ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടാക്കിയത്. ബിജെപിയുടെ ഹിന്ദു വോട്ടുബാങ്ക് രാഷ്ട്രീയത്തിനെ തടുക്കാന്‍ പിന്നാക്കക്കാരുടെ ശാക്തീകരണരാഷ്ട്രീയം ഉപയോഗിക്കുക എന്ന വന്‍ തന്ത്രമാണ് വി.പി.സിങ് പുറത്തെടുത്ത് പയറ്റിയത്. ബിജെപി സവര്‍ണഹിന്ദുക്കളെ മണ്ഡല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ തെരുവിലിറക്കി പ്രതികരിച്ചു. യു.പി.യില്‍ രാജീവ ഗോസ്വാമി എന്ന ഒരു മേല്‍ജാതിക്കാരനായ വിദ്യാര്‍ഥി തെരുവില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം വന്‍ കോളിളക്കമുണ്ടാക്കി.

ദുര്‍ബലമായ സര്‍ക്കാര്‍ ആയതിനാല്‍ തങ്ങളുടെ പിന്തുണയ്ക്കു വേണ്ടി എന്ന് വിട്ടുവീഴ്ചയ്ക്കും വി.പി. തയ്യാറാകും എന്നു വിചാരിച്ചായിരിക്കണം അന്നത്തെ ബിജെപി. അധ്യക്ഷന്‍ ലാല്‍ കിഷന്‍ അദ്വാനി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും അയോധ്യയിലേക്ക് കുപ്രസിദ്ധമായ രഥയാത്ര ആരംഭിച്ചത്. എന്നാല്‍ രാജ്യത്തിന്റെ അധികാരം പിടിക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാഹളമാണത് എന്ന് തിരിച്ചറിയാന്‍ രാഷ്ട്രീയ മര്‍മജ്ഞനായ വി.പി.സിങിന് കൃത്യമായി സാധിച്ചു. രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്യിക്കാന്‍ സിങിന് സാധിച്ചു. യു.പി.യില്‍ യാത്ര പ്രവേശിക്കും മുമ്പേ ബിഹാറിലെ സമസ്തിപൂരില്‍ അന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിനെ കൊണ്ടാണ് അദ്വാനിയെ അറസ്റ്റ് ചെയ്തത്. വി.പി.സിങിനെതിരെ പാര്‍ടിയില്‍ നീങ്ങിയിരുന്ന യു.പി.മുഖ്യമന്ത്രി മുലായം സിങ് യാദവിന് അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു.
തന്ത്രശാലിയായ വി.പി.സിങ് അതിന് മുലായത്തിനെ സമ്മതിച്ചില്ല.

അദ്വാനി അറസ്റ്റു ചെയ്യപ്പെട്ടതോടെ സ്വാഭാവികമായും ബിജെപി വി.പി.സിങിനുള്ള പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടു വന്നതോടെ വി.പി.സിങ് സര്‍ക്കാര്‍ നിലം പതിക്കുകയും ചെയ്തത് ചരിത്രം. പക്ഷേ കമണ്ഡല്‍ രാഷ്ട്രീയത്തെ വെട്ടാന്‍ വി.പി.സിങ് പുറത്തെടുത്ത മണ്ഡല്‍ രാഷ്ട്രീയം ഇന്ത്യയിലെ പിന്നീടുള്ള അധികാര രാഷ്ട്രീയത്തിന്റെ ഘടനയും സ്വഭാവവും എല്ലാം മാറ്റിത്തീര്‍ത്തത് നമ്മള്‍ അനുഭവിച്ചു.
കോണ്‍ഗ്രസിന് പിന്നീട് ഒരിക്കലും ഇന്ത്യന്‍ ജനസാമാന്യത്തിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു കാമ്പയിന്‍ ഏറ്റെടുക്കാന്‍ സാധിച്ചില്ല. ബാബരി മസ്ജിദ് തകര്‍ക്കാന്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് അനുവദിക്കാതെ ചെറുത്തിരുന്നുവെങ്കില്‍ ഇന്നും കോണ്‍ഗ്രസ് ഇന്ത്യയില്‍ വലിയ ഭരണവര്‍ഗശക്തിയായി നിലനില്‍ക്കുമായിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് എന്ന വലിയ പേരുദോഷം ആ പാര്‍ടിയെ ദശാബ്ദങ്ങളായി വേട്ടയാടുന്നു. അതിന്റെ പ്രധാന ഗുണഭോക്താക്കളായി ബിജെപി മാറുകയും ചെയ്തു.

എന്നാല്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ഇതാദ്യമായി തൊണ്ണൂറുകളിലെ രാഷ്ട്രീയ ബലാബലത്തിന്റെ ഛായ വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിക്കാന്‍ തുടങ്ങുകയാണ്. കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്ന ജാതി സെന്‍സസ് ആ അര്‍ഥത്തില്‍ ഒരു വജ്രായുധമാണ്. ഹിന്ദുത്വയ്‌ക്കെതിരെ ഇന്ന് എടുത്തുപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആയുധം. ഈ ആയുധത്തിന് പ്രചാരണപരമായ സമഗ്രത മാത്രമല്ല, ഇന്ത്യന്‍ ജനതയിലെ ഗണ്യമായൊരു വിഭാഗത്തെ സ്വാധീനിക്കാനുള്ള കഴിവും ഉണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ബിജെപി ഈ ആയുധത്തിന്റെ വരവില്‍ വളരെ അസ്വസ്ഥരാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു.

വി.പി.സിങ് എന്ന സമര്‍ഥനും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ നിര്‍വ്വചിച്ചയാളുമായ ഭരണാധിപന്‍ ഒരിക്കല്‍ ഹിന്ദുത്വക്കെതിരെ എടുത്തു പ്രയോഗിച്ചതെന്തോ അതിന്റെ പുതിയൊരു രൂപം ഇപ്പോള്‍ ഹിന്ദുത്വക്കെതിരെ പ്രയോഗിക്കപ്പെടുകയാണ്. ചരിത്രം മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഫലം എന്താവും എന്നുകൂടി നോക്കിയാല്‍ മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ ഇതിലും നമുക്ക് ദര്‍ശിക്കാനാവും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick