Categories
latest news

35 ഖാപ് പഞ്ചായത്തുകള്‍ ഇന്ന് യോഗം ചേരും…യു.പി.യിലെ ബിജെപിക്ക് നടുക്കം

ലൈംഗിക അതിക്രമത്തിനെതിരെ നീതി തേടി തെരുവില്‍ പ്രതിഷേധിക്കുന്ന അന്തര്‍ദ്ദേശീയ ഗുസ്തി താരങ്ങള്‍ നടത്താന്‍ പോകുന്ന നിരാഹാര സമരത്തിന് ശക്തമായ പിന്തുണയുമായി യു.പിയിലെയും ഹരിയാനയിലെയും ഖാപ് പഞ്ചായത്തുകള്‍ ഇന്ന് യോഗം ചേരുമ്പോള്‍ പടിഞ്ഞാറന്‍ യു.പിയിലെ ബിജെപി ആകെ ഞെട്ടലിലാണ്. ഗുസ്തിതാരങ്ങളുടെ സമരത്തെ നേരിടുന്ന രീതിയിലും അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച മുസാഫർനഗറിലെ സൗറാം ഗ്രാമത്തിൽ ഖാപ് നേതാക്കളുടെ യോഗം വിളിച്ചിരിക്കയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ പ്രസിഡണ്ട് നരേഷ് ടിക്കായത്ത് . ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള 30-35 ഖാപ് നേതാക്കൾ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

thepoliticaleditor

തങ്ങള്‍ക്ക് ഡെല്‍ഹി പൊലീസില്‍ നിന്നും നേരിട്ട ഭീകരമായ മര്‍ദ്ദനവും പീഡനവും കാരണം വികാരഭരിതരായ താരങ്ങള്‍ തങ്ങളുടെ അന്തര്‍ദ്ദേശീയ മെഡലുകള്‍ ഗംഗയില്‍ എറിഞ്ഞു കളയാനായി ചൊവ്വാഴ്ച ഹരിദ്വാറിലെത്തിയപ്പോള്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചത് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത്തും കര്‍ഷക നേതാക്കളും ആയിരുന്നു. അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കാന്‍ ടിക്കായത്ത് കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവും നല്‍കി. പരിഹാരമുണ്ടായില്ലെങ്കില്‍ ഡെല്‍ഹി ഇന്ത്യാ ഗേറ്റിനു മുന്നില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. മുമ്പ് ഡെല്‍ഹിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ ഭാരതീയ കിസാന്‍ യൂണിയന്റെ പ്രഖ്യാപനം വലിയ ആശങ്കയോടെയാണ് യു.പി.യിലെ ബിജെപി കാണുന്നത്. നരേന്ദ്രമോദിയുടെ പിടിവാശിയെ മുട്ടുകുത്തിച്ച കര്‍ഷകസമരം ഗുസ്തി താരങ്ങളുടെ കാര്യത്തിലും പിന്തുണയുടെ രൂപത്തിലെത്തിയാല്‍ പിന്നെ മോദിക്ക് രണ്ടാം നാണക്കേട് ആയി മാറുമെന്നുറപ്പാണ്.
ബ്രിജ്ഭൂഷണെതിരെ തെളിവില്ലെന്ന് ഇന്നലെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ച ഡെല്‍ഹി പോലീസ് അതിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായപ്പോള്‍ ട്വിറ്റര്‍ കുറിപ്പ് നീക്കം ചെയ്യുകയും നിലപാട് മാറ്റുകയും ചെയ്തു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന നിലയിലേക്ക് പ്രസ്താവന തിരുത്തി.

ഒരു കുറ്റമെങ്കിലും തെളിയിച്ചാല്‍ താന്‍ തൂങ്ങിച്ചാവുമെന്ന് ബ്രിജ് ഭൂഷണ്‍ ഇന്നലെ പ്രസ്താവിച്ചത് ഡെല്‍ഹി പൊലീസ് ഒരു തെളിവും തനിക്കെതിരെ കണ്ടെത്തില്ല എന്ന് ഉറപ്പുള്ളതു കൊണ്ടു കൂടിയാണ്. സുപ്രീംകോടതി കര്‍ക്കശമായ നിര്‍ദ്ദേശം നല്‍കിയതു കൊണ്ടു മാത്രമാണ് കേസെടുക്കാന്‍ അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡെല്‍ഹി പൊലീസ് തയ്യാറായതു തന്നെ. അവര്‍ കാര്യമായ ഒരന്വേഷണവും നടത്തിയില്ല. ബ്രിജ്ഭൂഷണില്‍ നിന്നോ മറ്റ് സാക്ഷികളില്‍ നിന്നോ കാര്യമായ ഒരു മൊഴി പോലും രേഖപ്പെടുത്തിയില്ല.

കേന്ദ്ര കായിക മന്ത്രി അനുരാഗ താക്കൂര്‍ ബുധനാഴ്ച പറഞ്ഞത് പൊലീസ് അന്വേഷണത്തെ വിശ്വസിക്കാനാണ്. ക്ഷമ കാണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കയാണ്. 38 ദിവസമായി കായികതാരങ്ങള്‍ ഡെല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തിനൊടുവിലും ക്ഷമ കാണിക്കാനാണ് മന്ത്രിയുടെ ആഹ്വാനം.

ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ പ്രസിഡണ്ട് നരേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തിട്ടുള്ള പിന്തുണ കായികതാരങ്ങള്‍ക്ക് ലഭിച്ചാല്‍ ഇന്നത്തെ ഖാപ് പഞ്ചായത്തുകളുടെ തീരുമാനം കൂടി വന്നു കഴിഞ്ഞാല്‍ ഡെല്‍ഹിയിലെ കായികതാരങ്ങളുടെ സമരം വലിയ പ്രക്ഷോഭമായി മാറുമെന്ന് ഉറപ്പാണ്. പടിഞ്ഞാറന്‍ യു.പി.യിലെ ബിജെപി ഘടകങ്ങള്‍ ഇതില്‍ വളരെ അസ്വസ്ഥരാണ് എന്നാണ് റിപ്പോര്‍ട്ട്.

Spread the love
English Summary: KHAP PANCHATH MEETING TODAY ON WRESTLERS PROTESTS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick