Categories
latest news

ഈദ് ആഘോഷം വേണ്ടെന്ന് വെച്ച് പൂഞ്ചിലെ ഗ്രാമീണര്‍…ഭീകരതയുടെ ഇരകളുടെ നിശ്ശബ്ദ പ്രതിരോധം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സാൻജിയോട്ടെ ഗ്രാമത്തിലെ നിവാസികൾ ശനിയാഴ്ച ഈദ് ആഘോഷിക്കില്ല. കാരണം ഭീകരരുടെ കയ്യില്‍ ചാമ്പലായിപ്പോയത് അവരുടെ ഗ്രാമത്തിലെ പെരുന്നാള്‍ ആഘോഷത്തിന്റെ സന്തോഷം മുഴുവനും ആയിരുന്നു.

ഭീകരര്‍ അഞ്ച് സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ട്രക്ക്

വ്യാഴാഴ്ച അജ്ഞാത ഭീകരര്‍ അഞ്ച് സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ട്രക്ക് ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഈദ് ആഘോഷത്തിനായി പഴങ്ങളും മറ്റ് സാധന സാമഗ്രികളും കൊണ്ടു പോയതായിരുന്നു. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടികള്‍ക്കായുള്ള സാധനങ്ങള്‍ കയറ്റിയ ട്രക്ക് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ടോട്ട ഗലി കടന്ന് ലക്ഷ്യസ്ഥലത്ത് എത്തുന്നതിന് 7-8 കിലോമീറ്റര്‍ മാത്രം ബാക്കിയിരിക്കെയാണ് പതിയിരുന്ന ഭീകരര്‍ ട്രക്കിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ട്രക്കിന് തീപിടിച്ചു.

thepoliticaleditor

ആക്രമണം നടന്നയുടൻ സമീപത്തെ ഭട്ടാ ദുരിയനിൽ നിന്നുള്ള സൈനികരും ഗ്രാമവാസികളും സ്ഥലത്തെത്തിയപ്പോൾ കണ്ടത് അഞ്ച് സൈനികരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ. ആറാമത്തെ ഭടൻ ഗുരുതരാവസ്ഥയിൽ കിടക്കുന്നു. ഒപ്പം ചിതറിക്കിടക്കുന്ന പഴങ്ങളും ഭക്ഷ്യവസ്തുക്കളും.

ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചും തങ്ങളുടെ അഭ്യുദയകാംക്ഷികളായിരുന്ന അഞ്ച് സുരക്ഷാ ഭടന്‍മാരുടെ ദുരന്തത്തില്‍ ദുഖം പങ്കുവെച്ചും ഗ്രാമം മുഴുവന്‍ സ്വമേധയാ ഒരു തീരുമാനമെടുത്തു-ഇന്ന് ഈദ് ആഘോഷമില്ല. എവിടെയും ദീപസംവിധാനവും ഘോഷങ്ങളും ഒന്നും വേണ്ട.

ഭീകരതയോടുള്ള കാശ്മീരികളുടെ നിശ്ശബ്ദ പ്രതിരോധമായി മാറുകയായിരുന്നു ആ തീരുമാനം.

Spread the love
English Summary: village in poonch says won’t celebrate Eid

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick