Categories
kerala

കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടിനായി ബിജെപിയുടെ തന്ത്രത്തില്‍ ഒടുവില്‍ അനിലും വീണു

ആദ്യം ടോം വടക്കന്‍, പിന്നെ അല്‍ഫോന്‍സ് കണ്ണന്താനം, ഇപ്പോള്‍ അനില്‍ ആന്റണി–ബിജെപി നിരന്തരം കേരളത്തില്‍ നിന്നും ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമുദായത്തിലെ പ്രധാനപ്പെട്ട ചിലരെ തിരഞ്ഞു പിടിച്ച് സ്വന്തമാക്കി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും വേരുറപ്പിക്കാനുമുള്ള നീക്കത്തിന്റെ ഏറ്റവും പുതിയ നീക്കമാണ് ഇന്ന് പാര്‍ടിയുടെ ജന്മദിനത്തില്‍ ബിജെപി നടത്തിയത്. കേരളത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ വോട്ട് പിന്തുണയാണ് കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി. ഇതില്‍ ഗണ്യമായ രീതിയില്‍ വിള്ളല്‍ വീഴ്ത്തി സ്വന്തമാക്കാന്‍ സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ബിജെപിക്ക് മുസ്ലീം ന്യൂനപക്ഷത്തിന്റെ പിന്തുണ കേരളത്തില്‍ ഒരു കാരണവശാലും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ ക്രിസത്യാനികളുടെത് അങ്ങിനെയല്ല. കേന്ദ്രഭരണകക്ഷിയോടൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള ജനിതക വ്യവസ്ഥയുള്ള ഒരു പക്ഷം കേരളത്തിലെ ക്രിസ്ത്യന്‍ സഭകളിലും രാഷ്ട്രീയ നേതാക്കളിലും ഉണ്ട് എന്ന് ബിജെപിക്കറിയാം. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന ക്രിസ്ത്യന്‍ പീഢനമൊന്നും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് പ്രശ്‌നമല്ല. അവരില്‍ ഒട്ടേറെ സംഘപരിവാര്‍ അനുകൂലികള്‍ വളരുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ബിജെപി ഒരു പാട് കാലമായി ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായി ചാനലുകളില്‍ നിറഞ്ഞ നിന്ന ടോം വടക്കന്‍ എല്ലാവരെയും ഞെട്ടിച്ച് ഒരു നാള്‍ ബിജെപിയിലേക്ക് പോയി. ഇടതു പക്ഷത്തിന്റെ സ്വതന്ത്രനായി കേരളത്തില്‍ എം.എല്‍.എ. ആയ അല്‍ഫോണ്‍സ് കണ്ണന്താനം ഒരു നാള്‍ എല്ലാവരുടെയും കണ്ണ് തുറിപ്പിച്ചു കൊണ്ട് ബിജെപിയിലേക്ക് പോയി മന്ത്രിയായി.
എന്നിട്ട് എന്ത് സംഭവിച്ചു-ഒന്നുമുണ്ടായില്ല. ബിജെപി ആകര്‍ഷിച്ച ക്രിസ്ത്യന്‍ പേരുകാരൊന്നും കേരളത്തില്‍ ഒരു ഓളവും ഉണ്ടാക്കിയില്ല. എന്നുമാത്രമല്ല ടോം വടക്കനൊക്കെ രാഷ്ട്രീയത്തിലേ അപ്രസക്തനായിപ്പോവുകയും ചെയ്തത് എല്ലാവരും കണ്ടു.
അനില്‍ ആന്റണിയുടെ കാര്യത്തില്‍ ബി.ജെ.പി. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നേട്ടമാണ് കണ്ടത്. എ.കെ.ആന്റണിയുടെ മകനെ ഏറ്റെടുക്കുക വഴി ദേശീയ തലത്തില്‍ രണ്ടു കാര്യങ്ങള്‍ നേടാം- ഗാന്ധി കുടുംബത്തിന്റെ അരുമയും വിശ്വസ്തനുമായ എകെ ആന്റണിയുടെ മകനെ ബിജെപിയാക്കിയാല്‍ ഗാന്ധി കുടുംബത്തിന് അത് വഴി നല്‍കാവുന്ന ആഘാതം വലിയതാണ്, ഒപ്പം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയമായി വലിയ ആയുധമാക്കാനും കഴിയും. മറ്റൊന്ന്, അനില്‍ എന്ന ക്രിസ്ത്യാനിക്ക്, കോണ്‍ഗ്രസിലെ പരമോന്നതന്റെ മകന് വരെ ബിജെപിയില്‍ എത്താമെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസുകാരും അല്ലാത്തവരുമായ ക്രിസ്ത്യാനികള്‍ക്ക് എന്തു കൊണ്ട് ബിജെപിയിലേക്ക് കൂട്ടത്തോടെ വന്നുകൂടാ എന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്. ബിജെപിയുടെ സൗത്ത് മിഷന്‍ നടപ്പാക്കുന്ന ബിജെപി അനിലിലൂടെ ഉന്നം വെക്കുന്നത് കേരളത്തിലെ വോട്ട് അടിത്തറയുണ്ടാക്കല്‍ ആണ് എന്നത് നിസ്തര്‍ക്കമാണ്. അനിലിന് ചില പദവികള്‍ നല്‍കാനുള്ള നീക്കത്തോടെയാണ് ബിജെപിയുടെ നീക്കം. ത്രിപുര കഴിഞ്ഞാല്‍ ഇനി കേരളം പിടിക്കും എന്ന ലക്ഷ്യം നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അതിനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് അനിലിന് വിരിച്ച കുങ്കുമ പരവതാനി.

എന്നാല്‍ ഇതെല്ലാം വെറും വ്യാമോഹം മാത്രമാണെന്നുള്ള വിമര്‍ശനവും ശക്തമായി ബിജെപിക്കെതിരെ നിലനില്‍ക്കുന്നു. യാതൊരു ജനകീയ അടിത്തറയുമില്ലാത്ത ചില ക്രിസ്ത്യാനികളെ പിടിച്ചെടുത്തതു കൊണ്ടു മാത്രം കേരളത്തിലെ സമവാക്യത്തില്‍ മാറ്റമുണ്ടാക്കാനാവില്ലെന്ന കാര്യം ടോം വടക്കനെയും കണ്ണന്താനത്തെയും ഉദാഹരിച്ച് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അനില്‍ ആന്റണിയെ കോണ്‍ഗ്രസുകാര്‍ക്കു പോലും അറിയില്ല എന്നും എകെ ആന്‍ണിയുടെ മകന്‍ എന്നതിനപ്പുറം ഒരു വ്യക്തിയെപ്പോലും സ്വാധീനിക്കാനുള്ള ആര്‍ജ്ജവവും ആദര്‍ശവും വ്യക്തിത്വവും അനിലിന് ഇല്ലെന്നും കോണ്‍ഗ്രസുകാര്‍ അല്ലാത്തവരും കരുതുമ്പോള്‍ ബി.ജെ.പി.ക്ക് കേരളത്തില്‍ അനിലിനെ കൊണ്ട് എന്ത് നേട്ടമുണ്ടാക്കാനാണ് കഴിയുക എന്ന ചോദ്യവും ഉയരുന്നു. രാഷ്ട്രീയ ചരിത്രത്തിന്റെ നിര്‍വികാര വിസ്മൃതിയിലേക്ക് പതുക്കെ അനിലും പോകുമോ അതോ ബിജെപിയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥപദവി പോലെ എന്തെങ്കിലും ഏറ്റെടുത്ത് ജീവിക്കുമോ എന്നതാണ് കാലത്തിന്റെ മുന്നില്‍ ഇനി ബാക്കിയാവുന്ന സന്ദേഹം.

thepoliticaleditor
Spread the love
English Summary: bjp aims to catch christian vote bank through anil antony

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick