Categories
kerala

എല്ലാവരും കുറ്റക്കാരാണ്, കേസിന്റെ സമയത്ത് ഒരുപാട് അനുഭവിച്ചു—മധുവിന്റെ കുടുംബം

അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധിക്ക് പിന്നാലെ എല്ലാവരും കുറ്റക്കാരാണ് എന്ന് കുടുംബം പ്രതികരിച്ചു . കേസിൽ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.

രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. “രണ്ട് പേരെ വെറുതെ വിട്ടതില്‍ ഇതുവരെ പോരാടിയ പോലെ തന്നെ പോരാടും.കേസിന്റെ സമയത്ത് ഒരുപാട് അനുഭവിച്ചു. ഒരുപാട് ഭീഷണികളും കുറ്റപ്പെടുത്തലും അവഗണനയുമുണ്ടായി. എല്ലാം മറികടന്ന് ഇവിടെ വരെയെത്തി. 14 പേരെ മാത്രമാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. മുഴുവന്‍ പേരെയും ശിക്ഷിക്കും വരെ പോരാടും.”– സഹോദരി പ്രതികരിച്ചു.
നാലാം പ്രതി കൽക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ്, പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം എന്നിവരെയാണ് വെറുതെ വിട്ടത്.

thepoliticaleditor

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ തെളിഞ്ഞു. എന്നാൽ പതിനാറാം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രമാണ്.

മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചയാളാണ് ഒന്നാം പ്രതി ഹുസൈൻ. ഇയാൾ മധുവിൻറെ നെഞ്ചിലേക്ക് ചവിട്ടിയിരുന്നു. പിന്നാലെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

കൊലപാതകം നടന്ന് അഞ്ച് വർഷം നീണ്ട പ്രതിസന്ധികൾക്കും നാടകീയതകൾക്കും ഒടുവിലാണ് മണ്ണാര്‍ക്കാട് എസ്സി എസ് ടി പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. 2018 ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. 2022 ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കേസില്‍ നൂറ്റി ഇരുപത്തിഏഴ് സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ നൂറ്റി ഒന്നുപേരെ വിസ്തരിച്ചു. എഴുപത്തി ആറുപേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴിനല്‍കി. ഇരുപത്തി നാലുപേര്‍ കൂറുമാറി. രണ്ടുപേര്‍ മരിച്ചു.

സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു മധുവിനെ ആൾക്കൂട്ടം മര്‍ദ്ദിച്ചത്. ഇതിന് ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു.

Spread the love
English Summary: all accused are guilty says madhu's family

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick