Categories
kerala

ഒരുപാട് നാളുകൾക്ക് ശേഷം ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേട്ടു- മുൻ മെത്രാപ്പോലീത്ത

ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്തയും സിപിഎം അനുഭാവം നേരത്തെ തുറന്നു പറഞ്ഞിട്ടുള്ള വൈദികനുമായ ഗീവർഗീസ് മാർ കൂറിലോസ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഉദ്ഘാടന വേദിയിൽ എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയതായിരുന്നു അദ്ദേഹം.

മെത്രാപ്പൊലീത്ത സ്ഥാനം സ്വയം ഒഴിഞ്ഞ് സ്വതന്ത്രജീവിതത്തിലേക്ക് ഈയിടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രവേശിച്ചത്. മെത്രാപ്പോലീത്തയായിരിക്കുമ്പോള്‍ത്തന്നെ സമൂഹമാധ്യമങ്ങളിലൂടെ സി.പി.എം.-ഇടതു രാഷ്ട്രീയത്തിന് പരസ്യമായി പിന്തുണ നല്‍കിയിരുന്ന ബിഷപ്പായിരുന്നു ഇദ്ദേഹം.

thepoliticaleditor

അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാർഗമായി മാറിയെന്നുമായിരുന്നു എം ടിയുടെ വിമർശനം. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റുപറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു.അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് നടത്തിയത്.

ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എം ടിയുടെ സുവിശേഷം

അധികാരത്തിന്റെ നൈതികതയെ കുറിച്ചുള്ള എം ടിയുടെ വിചാരങ്ങൾ ഫാസിസത്തിന്റെ എല്ലാ ആവിഷ്കാരങ്ങളോടും സമരസപ്പെട്ടു കഴിഞ്ഞ കേരള സമൂഹത്തിൻറെ മാനസാന്തരം ആവശ്യപ്പെടുന്ന സുവിശേഷമാണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനും, പ്രസ്ഥാനങ്ങൾക്കും, നേതാക്കൾക്കും ഇന്ന് സംഭവിച്ചിരിക്കുന്ന വ്യതിയാനങ്ങളും വൈകല്യങ്ങളും തുറന്നു കാട്ടിയ എം ടി അധികാരത്തെ കുറിച്ചുള്ള ബദൽ ഇടതുപക്ഷ രാഷ്ട്രീയ സങ്കല്പങ്ങളും മാതൃകകളുമാണ് തന്റെ പ്രഭാഷണത്തിലൂടെ അവതരിപ്പിച്ചത്.എം ടിയുടെ വിമർശനങ്ങളുടെയും ബദൽ വിചാരങ്ങളുടെയും വെളിച്ചത്തിലുള്ള മൗലികമായ തിരുത്തലുകളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും കേരള സമൂഹം പ്രതീക്ഷിക്കുന്നത്.
എം ടിയുടെ സുവിശേഷം കേരളത്തിലെ ക്രൈസ്തവ സഭക്കും പ്രസക്തമായ ഒരു സുവിശേഷമാണ്. ആൾക്കൂട്ടത്തെ കുഞ്ഞാടുകളായും, സ്തുതിഗീതങ്ങൾ ആലപിക്കുന്ന ഗായകസംഘങ്ങളായും, പഴമയുടെ ഉപാസകരായും നിലനിർത്തി, ശുശ്രൂഷയെ സമഗ്രാധിപത്യമാക്കി തീർത്തിരിക്കുന്ന “പരമാദ്ധ്യക്ഷർ,” യേശുവിൽ വെളിപ്പെട്ട അധികാരത്തിന്റെ ക്രൈസ്തവ നൈതികതയുടെ വെളിച്ചത്തിൽ മനസാന്തരപ്പെടണം എന്നതാണ് ഈ സുവിശേഷത്തിന്റെ സന്ദേശം.എന്നാൽ, ഈ മാനസാന്തരം ആവശ്യമായിരിക്കുന്നത്, കേവലം മെത്രാച്ചന്മാർക്ക് മാത്രമല്ല. അധികാരമെന്നത് അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും പദവിയാണെന്ന സങ്കല്പത്തിലാണ് സെമിനാരി അദ്ധ്യാപകർ, വൈദികർ, അത്മായ നേതാക്കൾ തുടങ്ങി സഭയിലെ നേതൃനിരയിലുള്ളവരെല്ലാം തന്നെ തങ്ങളുടെ അധികാരത്തെ ഉപയോഗിക്കുന്നത്. ആൾക്കൂട്ടം, സ്വന്തം നിയോഗം തിരിച്ചറിഞ്ഞു സംഗതമായ സാക്ഷ്യം നിർവ്വഹിക്കുന്ന ശിഷ്യ സമൂഹമായി രൂപാന്തരപ്പെടുന്നതിന് പ്രേരകമാകുന്ന ചാലകശക്തിയാകണം അധികാരം. ഈ തിരിച്ചറിവിനും അതിന്റെ അടിസ്ഥാനത്തിലുള്ള മനസാന്തരത്തിനുമുള്ള ആഹ്വാനമാണ് എംടിയുടെ സുവിശേഷം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick