സമൂഹത്തില്‍ ന്യൂനപക്ഷങ്ങളോട് ഭൂരിപക്ഷസമുദായത്തിന് വിദ്വേഷം വളര്‍ത്തിയെടുത്ത് വോട്ട് ബാങ്ക് ശക്തമാക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇപ്പോള്‍ ഹിന്ദുത്വ ശക്തികള്‍ നടപ്പാക്കുന്നതാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാലു മാസത്തിനിടെ 50 റാലികളാണ് തീവ്രഹിന്ദുത്വ സംഘടനയുടെ ബാനറില്‍ സംഘടിപ്പിച്ചതെന്ന് കണക്കുകള്‍ പുറത്തു വരുന്നു. കാവി പുതപ്പിച്ച് നഗരവീഥികളിലൂടെ ഒഴുകുന്ന എല്ലാ റാലികളിലും ഉയര്‍ന്നത് ഒരേ തരം മുദ്രാവാക്യം-ലവ് ജിഹാദ്. അതോടൊപ്പം ലാന്‍ഡ് ജിഹാദ് പിന്നെ മുസ്ലീംകളെ സാമ്പത്തികമായി ബഹിഷ്‌കരിച്ച് സാമ്പത്തിക ഉപരോധത്തിനുള്ള ആഹ്വാനവും.
മഹാരാഷ്ട്രയിലെ 36 സംസ്ഥാനങ്ങളിലായി കുറഞ്ഞത് 50 ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ച റാലികള്‍ നടന്നതായി മാധ്യമങ്ങളുടെ കണക്കെടുപ്പില്‍ പറയുന്നു. ഈ റാലികളെല്ലാം ഒരേ മാതൃകയിലാണ് നടത്തിയതത്രേ. പ്രസംഗിക്കുന്നവരെല്ലാം ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കും. മുസ്ലീം സമുദായത്തിന് നേരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യും.

ഔദ്യോഗികമായി ഈ റാലികളില്‍ ബി.ജെ.പി. സാന്നിധ്യം ഉണ്ടാകില്ല. എന്നാല്‍ പ്രാദേശിക ബി.ജെ.പി.എം.എല്‍.എ. ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കളുടെ പങ്കാളിത്തം ഉറപ്പാണ്. വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട മുന്‍ ബി.ജെ.പി. നേതാക്കളാണ് പ്രധാന പ്രസംഗകരായി എത്തുന്നത്. സകാല്‍ ഹിന്ദുസമാജം എന്ന പേരിലാണ് റാലികള്‍ നടത്തുന്നത്. ഇത് സംഘപരിവാര്‍ സംഘടനയാണ്. ബി.ജെ.പി.യുടെ നിഴല്‍ സാന്നിധ്യം എല്ലാ റാലികളിലും സജീവമാണു താനും. ബി.ജെ.പി.യുടെ തെലങ്കാനയിലെ നേതാവായ ടി.രാജസിങ്, മഹാരാഷ്ട്രയിലെ വലതു പക്ഷ തീവ്രവാദ പ്രസംഗകരായ കാളീചരണ്‍ മഹാരാജ്, കാജല്‍ ഹിന്ദുസ്ഥാനി എന്നിവരുള്‍പ്പെടെ അതിവിദ്വേഷ പ്രസംഗങ്ങള്‍ നടത്തി റാലികളെ വിദ്വേഷ വേദികളാക്കുകയും ചെയ്യുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന കര്‍ണാടകയില്‍ പച്ചയായ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങളാണ് ബി.ജെ.പി. സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലികളില്‍. ബി.ജെ.പി.ക്ക് ഇപ്പോഴും ഒറ്റയ്ക്ക് ആധിപത്യം ഉറപ്പില്ലാത്ത സംസ്ഥാനമാണ് കര്‍ണാടക. ഇപ്പോഴത്തെ ബി.ജെ.പി. ഭരണം തന്നെ 2019-ല്‍ ജയിച്ച ദേവഗൗഡയുടെ ജനതാദള്‍, കോണ്‍ഗ്രസ് സഖ്യം പൊളിച്ച് എം.എല്‍.എ.മാരെ വിലയ്‌ക്കെടുത്ത് ഉണ്ടാക്കിയതാണ്.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.ക്ക് ആകെയുള്ള ഭരണം കര്‍ണാടകയിലാണ്. അത് നിലനിര്‍ത്താന്‍ 2019-ലെ തന്ത്രങ്ങള്‍ പോരാത്തതിനാല്‍ ന്യൂനപക്ഷ വിദ്വേഷം ആളിക്കത്തിച്ച് യു.പി., ഗുജറാത്ത് മോഡലില്‍ ഹിന്ദുവോട്ട് ശാക്തീകരണം ആണ് ലക്ഷ്യമിടുന്നത്. ഇതിനായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിരുദ്ധ നിലപാട് പച്ചയ്ക്ക് പറയുന്നവരെ റാലികളില്‍ താര പ്രചാരകരായി കൊണ്ടുവരികയും ചെയ്യുന്നു.