Categories
latest news

പ്രതിപക്ഷ പാര്‍ടികളില്‍ ബി.ജെ.പി. സൃഷ്ടിച്ചിരിക്കുന്ന പുതിയ ഭയം…

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ബി.ജെ.പി. വളഞ്ഞിട്ട് ആക്രമിക്കുന്നതിനു പിന്നിലെ കാരണം തേടി രാഷ്ട്രീയ നിരീക്ഷകര്‍ അലയുമ്പോള്‍ ലഭിക്കുന്ന ഉത്തരം വളരെ വിചിത്രവും രസകരവുമാണ്. രാഹുലിനോട് ബി.ജെ.പി.ക്കുള്ള അലര്‍ജി മാത്രമല്ല ഈ ആക്രമണത്തിന് കാരണം, പകരം പ്രതിപക്ഷ പാര്‍ടികളെ ചിലത് ഓര്‍മിപ്പിക്കല്‍ കൂടിയാണെന്നാണ് കണ്ടെത്തല്‍. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നിയേക്കാമെങ്കിലും അതില്‍ യാഥാര്‍ഥ്യമുണ്ടെന്നാണ് നിരീക്ഷണം. അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പ് ബി.ജെ.പി.യെ സംബന്ധിച്ച് എന്നതിലപ്പുറം ആര്‍.എസ്.എസിന് പരമപ്രധാനമാണ്. അടുത്ത വര്‍ഷം അധികാരം വീണ്ടും പിടിച്ചാല്‍ ഇന്ത്യയുടെ അലകും പിടിയും മാറ്റുന്ന സുപ്രധാന തീരുമാനങ്ങള്‍ ആര്‍.എസ്.എസ്. നടപ്പാക്കാന്‍ സര്‍ക്കാരിനെ ഉപയോഗിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആ തീരുമാനങ്ങള്‍ പ്രഖ്യാപിക്കണമെങ്കില്‍ ബി.ജെ.പി. വീണ്ടും വരണം.
എന്നാല്‍ ആര്‍.എസ്.എസ്. ബുദ്ധികേന്ദ്രങ്ങള്‍ വളരെ വ്യക്തമായി നിരീക്ഷിക്കുന്നത് രാജ്യത്ത് വളരെ വലിയ തോതില്‍ ഭരണവിരുദ്ധ വികാരങ്ങള്‍ ഉണ്ട് എന്നാണ്. സര്‍ക്കാരിനെതിരായി വലിയ ജനകീയ വികാരങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഇവയെല്ലാം കൃത്യമായി ഏകോപിപ്പിച്ച് വോട്ടായി വീഴുകയാണെങ്കില്‍ 2024-ല്‍ ബി.ജെ.പി.ക്ക് അധികാരം നില
നിര്‍ത്തുക എളുപ്പമല്ല.

ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുകയോ ശക്തമായ പ്രതിപക്ഷപാര്‍ടിയായി നില്‍ക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു നിന്നാല്‍ ബി.ജെ.പി.ക്ക് ഭൂരിപക്ഷം കിട്ടാന്‍ വിയര്‍ക്കും. ഇന്ത്യയില്‍ എല്ലായിടത്തും ഇപ്പോഴും വേരുകളുള്ള ഏക പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് ആര്‍.എസ്.എസ്. കണക്കുകൂട്ടുന്നുണ്ടത്രേ. രാഹുലിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാന്‍ മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, പിണറായി വിജയന്‍, അരവിന്ദ് കെജരിവാള്‍, അഖിലേഷ് യാദവ്, നിതീഷ് കുമാര്‍ തുടങ്ങിയവര്‍ക്കൊന്നും താല്‍പര്യമേയില്ല. എം.കെ.സ്റ്റാലിന്‍ മാത്രമാണ് വ്യത്യസ്തന്‍. പ്രതിപക്ഷത്ത് ഉള്ള നേതൃസ്ഥാന മോഹികളെല്ലാം കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യവും മുന്നണിയും രൂപപ്പെടുത്താനുള്ള തിക്കിലും തിരക്കിലുമാണ്.
എന്നാല്‍ അവസാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ നേതൃപദവി അംഗീകരിക്കേണ്ടി വരുമോ എന്ന ആശങ്കയും ഇവര്‍ക്കെല്ലാം ഉണ്ട്.
ഇപ്പോള്‍ സംഘപരിവാര്‍ ചെയ്യുന്നത്, രാഹുല്‍ ഗാന്ധി പ്രധാന നേതാവായി ഉയര്‍ന്നുവരാനിടയുണ്ടെന്നും അങ്ങിനെ സംഭവിച്ചാല്‍ നിങ്ങളെല്ലാം പിന്നില്‍ പോകുമെന്നും പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുകയാണത്രേ. രാഹുലിന്റെ സാന്നിധ്യത്തില്‍ ശരിക്കും പേടിക്കുന്നത് ബി.ജെ.പി. ആണെങ്കിലും അവര്‍ ഇപ്പോള്‍ പ്രതിപക്ഷ പാര്‍ടികളില്‍ ആകുലതയുണ്ടാക്കി രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷസഖ്യം വരാതിരിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. അതിന്റെ ഭാഗമാണ് രാഹുലിനെതിരായ കടുത്ത ആക്രമണങ്ങള്‍. രാഹുലിന്റെ പ്രതിച്ഛായ നല്ലതല്ലെന്ന് വരുത്തിയാല്‍ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശേഷി കുറയ്ക്കാനാവും. രാഹുല്‍ കൊള്ളില്ലെന്ന് ശക്തമായി പ്രതീതിയുണ്ടാക്കിയാല്‍ അത് സ്ഥാനമോഹികളായ പ്രതിപക്ഷ നേതാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുമെന്ന് സംഘപരിവാറിന് അറിയാം. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുഖ്യ പ്രതിപക്ഷത്തേക്കും തിരഞ്ഞെടുപ്പിലെ ബി.ജെ.പി. വിരുദ്ധ ചേരിയുടെ നേതൃസ്ഥാനത്തേക്കും വരാതിരിക്കുക എന്നതാണ് തന്ത്രം. അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍, എല്ലാ പ്രതിപക്ഷ പാര്‍ടികളും ഒത്തൊരുമയോടെ നിന്നാല്‍ ബി.ജെ.പി. തോല്‍ക്കുന്ന അവസ്ഥ ഉണ്ടായേക്കാം. രാമക്ഷേത്രം ഉദ്ഘാടനത്തോടെ പുതിയ ഹിന്ദുത്വവികാരത്തിരയുടെ തുടര്‍ച്ചയില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിന് പ്രധാന ശത്രുവായ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തെ മറ്റ് നേതാക്കളെ ആകുലപ്പെടുത്തി നേരിടുകയെന്ന തന്ത്രമാണ് നടപ്പാക്കിവരുന്നതെന്നാണ് ഹിന്ദി മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

thepoliticaleditor
Spread the love
English Summary: STRATEGY OF SANGH PARIVAR BEHIND DEMORALISE RAHUL GANDHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick