Categories
latest news

ജനം കൊന്ന് കൊലവിളിച്ചു…
‘പശു ആലിംഗന ദിന’ തീരുമാനം പിൻവലിച്ച്‌ കേന്ദ്ര മൃഗസംരക്ഷണ ബോർഡ്

ഫെബ്രുവരി 14 ന് പ്രണയദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി(കൗ ഹഗ് ഡേ) ആചരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ട്രോളുകളും പ്രചരിച്ചിരുന്നു.

പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി മൂലം വൈദിക പാരമ്പര്യങ്ങൾ ഏതാണ്ട് വംശനാശത്തിന്റെ വക്കിലാണ് എന്നതിനാലാണ് ആഹ്വാനം നൽകിയതെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നേരത്തെ പറഞ്ഞിരുന്നു.

thepoliticaleditor

കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി.ക്കും വലിയ നാണക്കേട് ഉണ്ടാക്കുന്ന പരിഹാസങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മാത്രമല്ല സംഘപരിവാറിന്റെ സൈദ്ധാന്തികനായി കല്‍പിക്കപ്പെടുന്ന വീര്‍ സവര്‍ക്കര്‍ പശുവിനെ മാത്രം വിശുദ്ധമൃഗമായി കണ്ട് ആരാധിക്കുന്നതിനെതിരെ എടുത്ത നിലപാടുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

” ചപ്പുചവറുകൾ തിന്നുകയും തോന്നുമ്പോൾ എവിടെയും എല്ലായിടത്തും ചാണകമിടുകയും ചെയ്യുന്ന ഒരു മൃഗത്തെ ദേവതയുടെ പദവിയിലേയ്ക്കുയർത്തുന്നത് എൻ്റെ ദൃഷ്ടിയിൽ മനുഷ്യത്വത്തേയും ദിവ്യത്വത്തേയും പരിഹസിക്കുന്ന ഒന്നാണ്. ഒരു വശത്ത് നാം അംബേദ്ക്കറെപ്പോലെ പണ്ഡിതരായ മനുഷ്യരേയും ചൊക്കമേളയെപ്പോലുള്ള ദിവ്യാത്മാക്കളേയും അവരുടെ ജാതി കൊണ്ട് അശുദ്ധരായി കരുതുന്നു. പക്ഷെ മറുവശത്ത് ഒരു മൃഗത്തിൻ്റെ മൂത്രം വളരെപ്പെട്ടെന്ന് നമുക്ക് ആത്മശുദ്ധി വരുത്തുന്ന ഒന്നായി മാറുന്നു! ഇത് മഹത്തായ തെറ്റിദ്ധാരണയോ വൈരുദ്ധ്യമോ?”

”ഭാഗ്യം , ബുദ്ധിയുള്ളവരാരും ഗോവാരാധനയുടെ അനുഷ്ഠാനങ്ങൾ വിവരിച്ചുകൊണ്ടുള്ള ഒരു ഡസൻ സംസ്കൃത ശ്ലോകങ്ങളുമായി മുന്നോട്ടു വന്നില്ല. അല്ലെങ്കിൽ ജനങ്ങൾ അവരുടെ പശുക്കളെ ഭംഗിയുള്ള സാരിയുടുപ്പിച്ച് ദൈനം ദിന ആരാധനയുടെ അൾത്താരയിൽ അതിനെ ഉയർത്തി പ്രതിഷ്ഠിക്കുന്നത് കാണേണ്ടി വന്നേനെ “

” ഒരു നായ് അവൻ്റെ യജമാനന് സമ്പൂർണ്ണവും നിബന്ധനാരഹിതവുമായ സ്നേഹം പ്രദാനം ചെയ്യുന്നു, മനുഷ്യരുടെ നായാട്ടുയാത്രകളിൽ സഹായിക്കുന്നു , വീടിന് കാവൽ നിൽക്കുന്നു , അവസാന ശ്വാസം വരെ വിനീതവിധേയനായി കഴിയുന്നു. എന്നിട്ടും നാം ഇഷ്ടമില്ലാത്തവരെ പരുഷമായ് വിളിക്കാൻ “നായ് ” എന്ന പദം ഉപയോഗിക്കുന്നു! എന്തുകൊണ്ടാണ് നാം നായ്ക്കളെ കൂടി പൂജിക്കാത്തതും പശുക്കളോട് മാത്രം വിഭാഗീയമായ ആരാധന വെച്ചു പുലർത്തുന്നതും ? പാല് തരുന്നത് കൊണ്ടാണോ ?നായുടേയും കുതിരയുടേയും ഉപയോഗം അതിൽ കുറവാണോ? അല്ലെങ്കിൽ അവയെ ആരാധിക്കാനുള്ള ഒരേ ഒരു മാനദണ്ഡം അത് മാത്രമാണോ ? കുതിരകൾ , കോവർ കഴുതകൾ ,കഴുതകൾ എന്നിവ നമ്മുടെ രാഷ്ട്രത്തിൻ്റെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ അത്ര പ്രധാനപ്പെട്ട പങ്ക് കൈയ്യാളിയിട്ടുണ്ട്. നാം ആ ജീവികളെക്കൂടിയും ശൃംഖലയായി ആരാധിക്കാൻ തുടങ്ങണോ”

” എൻ്റെ കാഴ്ചപ്പാടുകളെ ദൈവനിന്ദയായി കരുതുന്നവരോട് എനിക്ക് പറയാനുള്ളത് പാവം മൃഗത്തിൻ്റെ വയറ്റിൽ മുപ്പത്തി മുക്കോടി ദൈവങ്ങളെ നിറക്കുക വഴി നിങ്ങളാണ് ദൈവനിന്ദ ചെയ്യുന്നതെന്നാണ് “– വിനായക് ദാമോദർ സവർക്കർ എഴുതിയ On Cow Protection :The Bovain is not Divine എന്ന ലേഖനത്തിൽ പറഞ്ഞ കാര്യങ്ങള്‍ ഇതായിരുന്നു. ഇത്തരം കുറിപ്പുകള്‍ പ്രചരിക്കപ്പെടുകയും കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം ആബാലവൃദ്ധം ജനവും പരിഹാസത്തോടെ കാണുകയും ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

Spread the love
English Summary: cow hugg day decission withdrown

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick