Categories
kerala

കണ്ണൂര്‍ സി.പി.എമ്മിലെ റിസോര്‍ട്ട് വിവാദത്തിനു പിന്നിലുള്ളത് വ്യക്തിപരമായ വെറും മൂപ്പിളമത്തര്‍ക്കം..പാര്‍ടിക്കെന്തു കാര്യം

കണ്ണൂരിലെ സിപിഎം നേതാക്കളില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ആരാണ് പ്രധാനി–ഈ തര്‍ക്കമാണ് സിപിഎമ്മിലെ ഇപ്പോഴത്തെ തര്‍ക്കത്തിന്റെ കാതല്‍. എം.വി.രാഘവന്‍ ഉയര്‍ത്തിയ വിഭാഗീയതയില്‍ കണ്ണൂര്‍ ജില്ലയിലെ വലിയ നേതാക്കളില്‍ ഗണ്യമായ ഭാഗം സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ഉയര്‍ന്നുവന്ന നേതാക്കളില്‍ പ്രധാനിയാണ് ഇ.പി.ജയരാജന്‍. സി.പി.എമ്മിന്റെ അഭിമാന ജില്ലയായ കണ്ണൂരില്‍ ഇ.പി.ജയരാജന്‍ താന്‍ സ്വയം കല്‍പിക്കുന്ന സീനിയോറിറ്റിയില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്ന തീര്‍ത്തും പാര്‍ടിക്കകത്തെ വിഷയമാണ് ഇപ്പോള്‍ സി.പി.എമ്മില്‍ മുഴുക്കെ വലിയ ഉള്‍പാര്‍ടി പ്രശ്‌നമാണെന്ന മട്ടില്‍ മാധ്യമക്കഥകളില്‍ നിറയുന്നത്.

സത്യത്തില്‍ ഇത് പരമാവധി രണ്ടു ഉയര്‍ന്ന നേതാക്കള്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം മാത്രമാണ്-അല്ലാതെ പാര്‍ടിയില്‍ നിലനില്‍ക്കുന്ന എന്തെങ്കിലും പ്രത്യയശാസ്ത്ര പ്രശ്‌നമോ വിഭാഗീയ ആശയത്തര്‍ക്കമോ സിപിഎമ്മിനെ ഉലയ്ക്കുന്ന ഉള്‍പാര്‍ടി ഭിന്നതയോ ഒന്നുമല്ല. എന്നിട്ടും കിട്ടിയ കോല്‍ കൊണ്ട് നല്ല തല്ല് നല്‍കാമെന്ന മിനിമം മനോരമ്യ മാധ്യമപ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ഇത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

thepoliticaleditor

എം.വി.രാഘവനെ എതിര്‍ത്ത് പാര്‍ടിയില്‍ ജില്ലാ നേതൃനിരയിലേക്കു വന്ന ഇ.പി. ജയരാജനാണ് ആദ്യം( എം.വി.ഗോവിന്ദനെക്കാളും മുന്‍പെ എന്നര്‍ഥം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതും പിന്നീട് ആദ്യം സി.പി.എം.കേന്ദ്രകമ്മിറ്റി അംഗമാകുന്നതും. കോടിയേരി കഴിഞ്ഞാല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയാകാനുള്ള ജില്ലാ സീനിയോറിറ്റി ജയരാജനുണ്ട്. എന്നാല്‍ ഇപ്പോള്‍ പിറകെ വന്ന എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി, പൊളിറ്റ് ബ്യൂറോ അംഗവുമായി. ഇതാണ് ആലോചിച്ചു നോക്കിയാല്‍ ഇ.പി.ജയരാജന്‍ പാര്‍ടിയില്‍ ഇടയാനുള്ള കാരണം.


സത്യത്തില്‍ റിസോര്‍ട്ട് വിവാദം ഉണ്ടായത് ഇ.പി.ക്കുള്ള യോഗ്യതക്കുറവിനെ സൂചിപ്പിക്കാനുള്ള ചില കേന്ദ്രങ്ങളുടെ തന്ത്രമായിരുന്നുവെന്ന വിശ്വസിക്കുന്ന ധാരാളം പേര്‍ പാര്‍ടിയിലുണ്ട്. കളങ്കിതനായ ഇ.പി.യെക്കാളും എം.വി.ഗോവിന്ദന് തന്നെയാണ് സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യത എന്ന സന്ദേശം പാര്‍ടി അണികള്‍ക്കും സമൂഹത്തിനും നല്‍കുകയാണ് പെട്ടെന്ന് ഒരു നാള്‍ റിസോര്‍ട്ട് വിവാദം ഉയര്‍ത്തിവിട്ടതെന്ന്, ആ വിവാദം ഉയര്‍ന്ന സന്ദര്‍ഭത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ വിശ്വസിക്കുന്നവര്‍ ധാരാളം. അല്ലാതെ വൈദേകം എന്ന റിസോര്‍ട്ട് പണിതത് എം.വി.ഗോവിന്ദന്റെ നാട്ടിലാണ് എന്നതോ, പി.ജയരാജന്‍ ആദ്യമായാണ് ഈ റിസോര്‍ട്ടില്‍ ഇ.പിയുടെ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ടെന്ന് അറിഞ്ഞതു കൊണ്ടോ ഒന്നുമല്ല എന്നതാണ് വാസ്തവം. റിസോര്‍ട്ട് വിവാദം ഇങ്ങനെ പാർട്ടിയെ ബാധിക്കുന്നതാണെങ്കിൽ അത് പണിതു തീര്‍ന്നതിനു ശേഷമല്ലല്ലോ പി.ജയരാജന്റെ ശ്രദ്ധയില്‍ പെടുക-പ്രത്യേകിച്ച് അദ്ദേഹം തേരാപ്പാരാ നടക്കുന്ന ജില്ലയില്‍, സ്വന്തം പാര്‍ടിയുടെ ശക്തികേന്ദ്രത്തില്‍ ഉണ്ടാക്കിയ റിസോര്‍ട്ടിന്റെ കാര്യത്തില്‍. ഇ.പി.ജയരാജന്റെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ പ്രധാന നിക്ഷേപകരാണെന്ന കാര്യം സി.പി.എം. നേതാവായ പി.ജയരാജന്‍ ഇതുവരെ അറിയാതെ പോയോ. അതല്ല അത് ഇപ്പോള്‍ മാത്രമാണ് പാര്‍ടിക്ക് ചീത്തപ്പേരുണ്ടാക്കിയതെന്ന് അദ്ദേഹത്തിന് ഏതെങ്കിലും ഉള്‍വിളിയുണ്ടായോ.

യഥാര്‍ഥത്തില്‍ വൈദേകം റിസോര്‍ട്ട് പണിയുന്ന ഘട്ടത്തില്‍ തന്നെ അതിലെ പരിസ്ഥിതി ലംഘനത്തെപ്പറ്റി പാര്‍ടിയിലും സഹചാരി സംഘടനകളിലും വലിയ ചര്‍ച്ചയും വിവാദവും ഉണ്ടായിരുന്നു. അത് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വന്നിരുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് ഈ നിര്‍മ്മാണത്തിനെതിരെ പരസ്യമായി തന്നെ രംഗത്തു വന്നിരുന്നു. അന്ന് ഇതെല്ലാം പാര്‍ടി ചര്‍ച്ച ചെയ്തിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന വലിയ വിവാദം ഇ.പി.ജയരാജനെ കേന്ദ്രീകരിച്ച് ഇന്ന് രൂപപ്പെടുന്നതിന്റെ സാന്ദര്‍ഭികമായ പ്രാധാന്യമാണ് ഇപ്പോള്‍ കണ്ണൂരിലെ സിപിഎമ്മില്‍ വലിയ ചര്‍ച്ചാ വിഷയം.

എം.വി.ഗോവിന്ദനുമായുള്ള മൂപ്പിളമത്തര്‍ക്കം ഇ.പി.ജയരാജന്റെ മാറി നില്‍ക്കലില്‍ കലാശിക്കുകയും ഈ മാറി നില്‍ക്കല്‍ അനാവശ്യമാണെന്നും ഇ.പി. സ്വയം വിശ്വസിക്കുന്നതു പോലെയല്ല പാര്‍ടി സെക്രട്ടറിസ്ഥാനത്തേക്ക് കൂടുതല്‍ യോഗ്യതയുള്ളത് വിവാദങ്ങളിലൊന്നും പെടാത്ത എം.വി.ഗോവിന്ദനാണ് എന്ന് വരുത്താനുള്ള മികച്ചൊരു പി.ആര്‍.തന്ത്രമായിരുന്നു ഇപ്പോഴത്തെ റിസോര്‍ട്ട് വിവാദത്തിനു പിന്നിലെന്ന് കണ്ണൂരിലെ സി.പി.എമ്മില്‍ ഒരു വിഭാഗം കരുതുന്നുണ്ട് എന്നതാണ് വാസ്തവം. വെറും രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കരുവായി നിന്നത് മുന്‍പ് പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന, എന്നാല്‍ പിന്നീട് അപ്രിയരുടെ പട്ടികയിലേക്ക് നീക്കപ്പെട്ട പി.ജയരാജനായിരുന്നു എന്നതും വെളിവാകുന്നു.

പി.ജയരാജന്‍ ഇത് ചെയ്തത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് അത് വെറും ആദര്‍ശാധിഷ്ഠിതം മാത്രമാണെന്ന വാദം നല്ലവണ്ണം പഞ്ചസാര കൂട്ടാതെ കഴിക്കുന്ന ആരും ഇപ്പോള്‍ കണ്ണൂരിലില്ല എന്നു തന്നെ പറയാം. അതിനുള്ള കാരണം മുന്‍പ് വിശദമാക്കിയതു തന്നെയാണ്. ഓര്‍മക്കുറവ് മൂലമല്ലല്ലോ ജയരാജന്‍ റിസോര്‍ട്ട് നിര്‍മ്മാണം ഇതു വരെ കാണാതിരുന്നത്. തെറ്റു തിരുത്തല്‍ രേഖാ ചര്‍ച്ച നടത്തുന്ന സമയം എന്നതൊക്കെ സത്യം പറഞ്ഞാല്‍ ചെരിപ്പിനനുസരിച്ച് കാല്‍ മുറിക്കല്‍ മാത്രമാണെന്നും പറയാം.

പാര്‍ടിയിലെ അന്യവര്‍ഗ ചിന്താഗതികളും മുതലാളിത്താനുകൂല മനോഭാവങ്ങളും തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമേ ചര്‍ച്ചയാക്കാന്‍ പാടുള്ളൂ എന്നോ അപ്പോഴേ അതെല്ലാം ചര്‍ച്ച ചെയ്യാറുള്ളൂ എന്നോ ഉണ്ടോ…ഒട്ടുമില്ല. വിവാദം വരുന്ന മുറയ്ക്കാണല്ലോ സി.പി.എം.ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ടികളും അതെല്ലാം അഭിമുഖീകരിച്ച് ചര്‍ച്ച ചെയ്യാറ്. പയ്യന്നൂരിലെ ഫണ്ട് തിരിമറി വിഷയം പാര്‍ടി ഇനി അടുത്ത തെറ്റു തിരുത്തല്‍ രേഖാചര്‍ച്ച വരെ മാറ്റി വെച്ചിട്ടില്ല എന്ന് നമുക്കെല്ലാം അറിയമല്ലോ.


എല്ലാറ്റിനുമുപ്പുറമുള്ള തികഞ്ഞ അസംബന്ധം രണ്ടു നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമെന്ന് പുറത്തും അകത്തും തോന്നാവുന്ന കാര്യം സി.പി.എമ്മിന്റെ വലിയൊരു ഉള്‍പാര്‍ടി ഭിന്നതയാണെന്ന മട്ടിലുള്ള മനോരമ്യ വാര്‍ത്തകളുടെ അയ്യരുകളിയാണ്. സി.പി.എമ്മിനെ സംബന്ധിച്ച് എല്ലാ കാലത്തും എന്തും വായിക്കാന്‍ അതീവ രസമുള്ളതും ദുരൂഹഭംഗിയുള്ളതുമാണ്. കാരണം ആ പാര്‍ടിയുടെ കോണ്‍ഗ്രസിനെക്കാള്‍ അടഞ്ഞ സ്വഭാവമാണ്.

ഇപ്പോള്‍ സി.പി.എം. കോണ്‍ഗ്രസായി മാറി വരുന്നുണ്ടെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ തര്‍ക്കിക്കാന്‍ പണ്ടത്തെപ്പോലെ ആളെ കിട്ടാറില്ല എന്ന് നമുക്കറിയാം. അതു കൊണ്ടാണല്ലോ സി.പി.എം. സംസ്ഥാന സമിതിയോഗത്തിലെ ഇ.പി.ജയരാജന്റെ വികാര പാരവശ്യമൊക്കെ അതേപടി ഒപ്പിയെടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കഴിയുന്നത്!!.

മാധ്യമങ്ങള്‍ പലതും കഥകളുടെ ആവര്‍ത്തന വിരസതയിലാണെന്ന് വായിച്ചാലറിയാം. പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ആകെയുളള പുതിയ കാര്യം ഇ.പി. ജയരാജന്‍ സ്വന്തം വിശദീകരണം പാര്‍ടി കമ്മിറ്റിയില്‍ കേമമായി നടത്തി എന്നതു മാത്രം. അന്വേഷണ കമ്മീഷനെ നിയമിച്ചുവെന്നെല്ലാം പറയുന്നതില്‍ കാര്യമുണ്ടോ. അതോ സംസ്ഥാന സെക്രട്ടറിയേററിനു വിട്ടു എന്ന് പറയുന്നതാണോ കാര്യം. എല്ലാം ഒരു സാധ്യത മാത്രമായും വാര്‍ത്തയിലെ ഭാവനയായും കാണാം. ഇതിലിനി എന്തെങ്കിലും പുതിയ വാര്‍ത്തയുണ്ടെങ്കില്‍ അത് ഈ തര്‍ക്കത്തില്‍ സാക്ഷാല്‍ പിണറായി വിജയന്‍ എന്ത് നിലപാട് എടുക്കും എന്ത് തീര്‍പ്പ് കല്‍പിക്കും എന്നതു മാത്രമാണ്. കാരണം ഇന്ന് ഇന്ത്യയിലെ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രപരമായ അവസാനവാക്ക് നിക്ഷിപ്തമായിരിക്കുന്നത് പിണറായി വിജയനിലാണല്ലോ!!!

Spread the love
English Summary: behind the resort related allegation in kannur cpm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick