Categories
latest news

പഞ്ചാബില്‍ ഭിന്ദ്രന്‍വാല രണ്ടാമന്‍ ഉണരുന്നു…നിഗൂഢ സിഖ് തീവ്രവാദത്തിന് പുതിയ മുഖം

എണ്‍പതുകളുടെ തുടക്കത്തില്‍ സന്ത് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ ഭീകരവാദം എങ്ങിനെയാണ് പഞ്ചാബിനെയും ഇന്ത്യയെയും കലുഷമാക്കിയതെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അറിയാം. സിഖ് തീവ്രവാദം രാജ്യത്തെ പിടിച്ചുലച്ചു. സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള പട്ടാള നടപടിയിലേക്കത് നയിച്ചു. അതിന്റെ ആത്യന്തിക ഫലമോ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദാരുണമായ അന്ത്യം.
പഞ്ചാബില്‍ പിന്നീട് തീവ്രവാദം അടിച്ചമര്‍ത്തപ്പെട്ടു. പതുക്കെ ജനാധിപത്യ വെളിച്ചത്തിലേക്ക് പഞ്ചനദികളുടെ നാട് ഉണര്‍ന്നു. എന്നാലിതാ വീണ്ടും നിഗൂഢമായി, പുറമേ കാണാത്ത രീതിയില്‍ നിഴല്‍ പോലെ സിഖ് തീവ്രവാദത്തിന്റെ പുതിയ പ്ലാറ്റ്‌ഫോമുകള്‍ പഞ്ചാബില്‍ പതുക്കെ ചുവടുറപ്പിച്ചു കഴിഞ്ഞു എന്ന് സംശയിക്കേണ്ട അവസ്ഥയാണ്. സമീപകാലത്തെ ചില സംഭവങ്ങള്‍ ആര്‍ക്കും ഭയം ഉണ്ടാക്കുന്നതുമാണ്. അതിനെ കുറിച്ച് അറിയണം.

അമൃത്പാൽ സിങ്

പഞ്ചാബിലെ അമൃത്‌സറിനടുത്തുള്ള അജ്‌നാല പൊലീസ് സ്‌റ്റേഷന് പുറത്ത് കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 23ന് ) ഒരു അപൂർവ സംഭവം അരങ്ങേറി. തീവ്ര നിലപാടുള്ള അമൃത്പാൽ സിങ്ങിന്റെ നൂറുകണക്കിന് അനുയായികൾ പൊലീസുമായി ഏറ്റുമുട്ടി. വാളുകൾ വീശിയും തോക്കേന്തിയുമെത്തിയവർ ആവശ്യപ്പെട്ടത് തട്ടിക്കൊണ്ടുപോകൽ കേസിൽ കസ്റ്റഡിയിലെടുത്ത തങ്ങളുടെ പ്രവർത്തകനെ മോചിപ്പിക്കണമെന്നായിരുന്നു.
കൊല്ലപ്പെട്ട ഖലിസ്ഥാൻ വാദിയായ ഭിന്ദ്രൻവാലയുടെ അനുയായിയാണ് ഇരുപത്തിയൊൻപതുകാരനായ അമൃത്പാൽ സിങ്. പഞ്ചാബിൽ അമൃതപാലിനെ “ഭിന്ദ്രൻവാല രണ്ടാമൻ” (ഭിന്ദ്രൻവാല 2.0) എന്നാണ് വിളിക്കുന്നത്. ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ സ്ഥാപകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിന്റെ മരണത്തെത്തുടർന്ന് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് അമൃത്പാൽ സിങ് കഴിഞ്ഞ വർഷം ദുബൈയിൽ നിന്ന് മടങ്ങിയെത്തിയത്. ‘വാരിസ് പഞ്ചാബ് ദേ’ സംസ്ഥാനത്തെ യുവാക്കളെ സിഖ് മതത്തിന്റെ തത്ത്വങ്ങൾ പിന്തുടരാനും ഖൽസാ രാജ് (സിഖ് സാമ്രാജ്യം) സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നു.

thepoliticaleditor

‘വാരിസ് പഞ്ചാബ് ദേ’

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2021 സെപ്തംബർ 30ന് അഭിഭാഷകനും നടനും ആക്ടിവിസ്റ്റുമായ സന്ദീപ് സിദ്ധു എന്ന ദീപ് സിദ്ധുവാണ് ‘വാരിസ് പഞ്ചാബ് ദേ’ (പഞ്ചാബിന്റെ അവകാശികൾ) എന്ന സംഘടന ആരംഭിച്ചത്. “പഞ്ചാബിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പോരാടുന്നതിനും സാമൂഹിക പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനുമുള്ള സമ്മർദ്ദ ഗ്രൂപ്പ് എന്ന നിലയിലാണ് ഇതിനെ അവതരിപ്പിച്ചത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക ബില്ലിനെതിരെ നടന്ന 2020ലെ കർഷക സമരത്തിലൂടെയാണ് സിദ്ധു വാർത്തകളിൽ നിറഞ്ഞത്. റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി പൊലീസ് സിദ്ധുവിനെതിരെ കേസെടുത്തു. കർഷകരുടെ പ്രതിഷേധ മാർച്ചിൽ, 2021 ജനുവരി 26ന് ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയെന്നാരോപിച്ചായിരുന്നു കേസ്.

എട്ട് മാസത്തിന് ശേഷം സെപ്റ്റംബറിൽ സിദ്ധു ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടന ആരംഭിച്ചു. ചണ്ഡീഗഡിൽ നടന്ന സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെ ,” പഞ്ചാബിന്റെ അവകാശങ്ങൾക്കായി കേന്ദ്രത്തിനെതിരെ പോരാടുകയും പഞ്ചാബിന്റെ സംസ്കാരം, ഭാഷ, സാമൂഹിക ഘടന, അവകാശങ്ങൾ എന്നിവയ്‌ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടാകുമ്പോഴെല്ലാം ശബ്ദം ഉയർത്തുകയും ചെയ്യുന്ന ഒരു സംഘടന,പഞ്ചാബിന്റെ നിലവിലെ സാമൂഹിക അവസ്ഥയിൽ അസംതൃപ്തരായവർക്കുള്ള വേദിയാണിത്. ഇതൊരു സാമൂഹിക ഇടമാണ് ” എന്നാണ് സിദ്ധു ഇതിനെ വിശേഷിപ്പിച്ചത്.

പഞ്ചാബിന്റെ ഭാഷ, സംസ്‌കാരം, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും ശ്രീ ഗുരു ഗ്രന്ഥ സാഹിബിനോടുള്ള ബഹുമാനം പുനഃസ്ഥാപിക്കുന്നതിനും… എല്ലാത്തിനും വേണ്ടി ഞങ്ങൾ പോരാടും” സംഘടനയുടെ ഉദ്‌ഘാടന ചടങ്ങിൽ സിദ്ദു വിശദീകരിച്ചത് ഇങ്ങനെ . പഞ്ചാബിനെക്കുറിച്ചും അതിന്റെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന പാർട്ടിയെ മാത്രമേ തന്റെ മുന്നണി പിന്തുണയ്ക്കൂ എന്നും സിദ്ദു പ്രഖ്യാപിച്ചു.

സിം രഞ്ജിത്സിങ് മാനിന്റെ ഖാലിസ്ഥാൻ അനുകൂല പാർട്ടിയായ ശിരോമണി അകാലി ദലിനെ (എസ്എഡി അമൃതസർ) സിദ്ധു പിന്തുണയ്ക്കുകയും പഞ്ചാബ് തിരഞ്ഞെടുപ്പിന് മുൻപ് അവർക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് 2022 ഫെബ്രുവരി 15ന് ഒരു കാറപകടത്തിൽ സിദ്ധു മരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭിന്ദ്രൻവാലയെ വാഴ്ത്തുന്നവരുടെ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കിടയിലാണ് ജന്മനാടായ ലുധിയാനയിൽ സിദ്ധുവിന്റെ സംസ്കാരം നടന്നത്.

ദീപ് സിദ്ധുവിന്റെ മരണത്തിനു ശേഷം അമൃതപാൽ സിങ് 2022 സെപ്തംബർ 29ന് വാരിസ് പഞ്ചാബ് ദേയുടെ തലവനായി ചുമതലയേറ്റു. ഭിന്ദ്രൻവാലയെപ്പോലെ വേഷം ധരിച്ചാണ് അമൃത്പാൽ എത്തിയത്. ജർനൈൽ സിംഗ് ഭിന്ദ്രൻവാലയുടെ പൂർവിക ഗ്രാമമായ മോഗ ജില്ലയിലെ റോഡെയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കി ‘ദസ്താർ ബന്ദി’ (സിഖുകാർ തലയിൽ ടർബൻ ചുറ്റുന്ന ആചാരം) ചടങ്ങും നടന്നു.

സംഘടനയുടെ നേതാവായി ഒരിക്കലും അമൃത്പാലിനെ നിയമിച്ചിട്ടില്ലെന്നും അയാൾ ‘വാരിസ് പഞ്ചാബ് ദേ’യുടെ നിയന്ത്രണം ഏറ്റെടുത്തത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് സിദ്ധുവിന്റെ കുടുംബം പറയുന്നത്. സംഘടന രൂപീകരിച്ചത് പഞ്ചാബിലെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ദരിദ്രർക്ക് നിയമസഹായം നൽകുക എന്നിങ്ങനെയുള്ള സാമൂഹിക ലക്ഷ്യത്തോടെയാണ്, അല്ലാതെ ഖലിസ്ഥാൻ പ്രചരിപ്പിക്കാനല്ല. പഞ്ചാബിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അമൃത്പാൽ സിങ് പറയുന്നത്. എന്റെ സഹോദരന്റെയും ഖലിസ്ഥാന്റെയും പേര് ഉപയോഗിച്ച് അയാൾ ആളുകളെ കബളിപ്പിക്കുകയാണ്. എന്റെ സഹോദരൻ ഒരു വിഘടനവാദി ആയിരുന്നില്ല”– സിദ്ധുവിന്റെ സഹോദരൻ മൻദീപ് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തോട് വിശദീകരിച്ചു.

“ഭിന്ദ്രൻവാലയാണ് എന്റെ പ്രചോദനം. അദ്ദേഹം കാണിച്ചു തന്ന പാതയിലൂടെ ഞാൻ സഞ്ചരിക്കും. ഞാൻ അദ്ദേഹത്തെപ്പോലെയാകാൻ ആഗ്രഹിക്കുന്നു, കാരണം ഓരോ സിഖുകാരനും അതാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഞാൻ അദ്ദേഹത്തെ അനുകരിക്കുന്നില്ല.അദ്ദേഹത്തിന്റെ കാലിലെ പൊടിയോട് പോലും ഞാൻ തുല്യനല്ല”– ഇതാണ് അമൃത്പാൽ സിങ് പറയുന്നത് എന്നാണ് പത്ര റിപോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ഭിന്ദ്രൻവാലയുടെ വേഷം ധരിച്ച് ആയുധധാരികളായ അംഗരക്ഷരുടെ അകമ്പടിയിലാണ് അമൃതപാലിന്റെ ജീവിതം.

Spread the love
English Summary: amrithpal and sikh neo khalistan movement

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick