Categories
kerala

ഹാപ്പിനെസിനെപ്പറ്റി ചിന്തിക്കുന്ന ഒരു നേതാവുള്ളത്‌ ജനങ്ങളുടെ ഭാഗ്യമാണ്‌- അടൂര്‍ ഗോപാലകൃഷ്‌ണന്‍

സന്തോഷം മഹത്തായ ഒരു ആശയമാണെന്നും ഹാപ്പിനെസ്സിനെപ്പറ്റി ചിന്തിക്കുന്ന ഒരു നേതാവ്‌, ഒരു ജനപ്രതിനിധി ഇവിടെ ജീവിക്കുന്നു എന്നത്‌ വലിയ കാര്യമാണെന്നും അതുകൊണ്ടു തന്നെ തളിപ്പറമ്പുകാര്‍ ഭാഗ്യമുള്ളവരാണെന്നും പ്രശസ്‌ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. തളിപ്പറമ്പ്‌ നിയോജക മണ്ഡലം ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അടൂര്‍.

ചുറ്റുമുള്ളവന്‍ സന്തോഷിക്കുമ്പോഴാണ് ഒരാള്‍ക്ക് സ്വയം സന്തോഷവാനായി മാറാന്‍ കഴിയുകയുള്ളൂ. എം.വി ഗോവിന്ദന്റെ ദര്‍ശനമാണ്‌, വിഷന്‍ ആണ്‌ എല്ലാവരും സന്തോഷമുള്ളവരായിരിക്കുക എന്നും ലോകാ സമസ്‌താ സുഖിനോ ഭവന്തു എന്ന ആശയം തളിപ്പറമ്പില്‍ നിന്നും വീണ്ടും ആരംഭിക്കട്ടെ എന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

thepoliticaleditor

സിനിമ ഒരു നേരമ്പോക്ക്‌ ആണ്‌ എന്ന വിചാരമായിരുന്നു ഏറെക്കാലം നമുക്കിടയില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ അത്‌ മഹത്തായ ഒരു കലയാണ്‌. ജീവിതത്തിന്റെ സര്‍വ്വതല സ്‌പര്‍ശിയായ മേഖലകളെ അത്‌ ഉള്‍ക്കൊള്ളുന്നു. പുതിയ അവബോധം ഉണ്ടാക്കുന്നു. നമ്മള്‍ ആഗോളമായ ഒരു വലിയ സമഷ്ടിയുടെ ഭാഗമാണ്‌ എന്ന്‌ സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവങ്ങളുടെ തലം സിനിമ നമുക്ക്‌ സമ്മാനിക്കുന്നു – അടൂര്‍ പറഞ്ഞു.
മൊട്ടമ്മല്‍ മാളിലെ രാജാസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മണ്ഡലം എം.എല്‍.എ. എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ചരിത്ര പാരമ്പര്യമുള്ള തളിപ്പറമ്പിന്റെ പെരുമ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു എം വി ഗോവിന്ദന്‍ പറഞ്ഞു.
മുതിര്‍ന്ന നടന്‍ തളിപ്പറമ്പ് രാഘവനെ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം നടന്‍ തളിപ്പറമ്പ് രാഘവന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കി നിര്‍വഹിച്ചു.
ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലിങ്കല്‍ പത്മനാഭന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ നിശാന്ത്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മനോജ് കാന, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, നിര്‍മാതാവ് രാജന്‍ മൊട്ടമ്മല്‍, ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഷെറി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love
English Summary: film festival inauguration by adoor gopalakrishnan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick