Categories
kerala

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ അനധികൃത നിക്ഷേപം: ഇ.പി. ജയരാജനെതിരെ പി.ജയരാജന്റെ പരാതി

മൊറാഴയിലെ ഉടുപ്പ എന്ന സ്ഥലത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കുന്നിന്‍ പുറത്താണ്‌ റിസോര്‍ട്ട്‌ നിര്‍മിച്ചത്‌. എന്നാല്‍ റിസോര്‍ട്ടുമായി തനിക്ക്‌ ബന്ധമില്ലെന്നും തലശ്ശേരിക്കാരനായ കെ.പി.രമേഷ്‌കുമാറിന്റെതാണ്‌ ‘വൈദേഹം’ എന്ന റിസോര്‍ട്ട്‌ എന്നാണ്‌ ഇ.പി.ജയരാജന്‍ പ്രതികരിച്ചിരിക്കുന്നത്‌

Spread the love

കണ്ണൂരിലെ സി.പി.എമ്മിനകത്തെ ചേരിപ്പോരിന്‌ ആക്കം കൂട്ടുന്ന ഒരു ആരോപണം കൂടി. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാനത്തെ ഇടതു മുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജനെതിരെ കണ്ണൂരില്‍ ഏതാനും വര്‍ഷമായി വിമതപരിവേഷമുള്ള സംസ്ഥാന സമിതി അംഗം പി.ജയരാജനാണ്‌ പാര്‍ടിക്കകത്ത്‌ ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു പി.ജയരാജന്റെ ആരോപണം. പാര്‍ടി നേതാക്കളില്‍ വഴി തെറ്റലുകള്‍ സംഭവിക്കുന്നതിനെതിരായ ജാഗ്രതയ്‌ക്കായി തയ്യാറാക്കിയ രേഖയുടെ ചര്‍ച്ചാവേളയിലായിരുന്നു പി ജയരാജന്‍ ഇ.പി.ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത്‌. കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ നഗരസഭയുടെ പരിധിയില്‍ വരുന്നതും പാര്‍ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാട്ടിനു സമീപത്തുള്ളതുമായ ഒരു കുന്ന്‌ ഇടിച്ച്‌ നിര്‍മ്മിച്ച ആയുര്‍വേദിക്‌ റിസോര്‍ട്ട്‌ റിസോര്‍ട്ടില്‍ അനധികൃതമായ വന്‍ നിക്ഷേപം ഇ.പി.ജയരാജന്‌ ഉണ്ടെന്നായിരുന്നു പി.ജയരാജന്റെ ആരോപണം. ഇ.പി.യുടെ ഭാര്യയും മകന്‍ ജയ്‌സനും കമ്പനി ഉടമകള്‍ കൂടിയാണ്‌.

മൊറാഴയിലെ ഉടുപ്പ എന്ന സ്ഥലത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കുന്നിന്‍ പുറത്താണ്‌ വൈദേഹം എന്ന പേരിലുള്ള റിസോര്‍ട്ട്‌ നിര്‍മിച്ചത്‌. 2021-ല്‍ ഉദ്‌ഘാടനം ചെയ്‌തു. ഇ.പി.ജയരാജന്റെ മകന്‍ ജയ്‌സന്‍ ആണ്‌ കമ്പനിയിലെ പ്രമുഖ ഡയറക്ടര്‍. മൂന്നു കോടി മൂലധന നിക്ഷേപത്തോടെയാണ്‌ കണ്ണൂര്‍ ആയുര്‍വേദിക്‌ മെഡിക്കല്‍ കെയര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി 2014-ല്‍ രജിസ്റ്റര്‍ ചെയ്‌തത്‌ എന്നാണ്‌ പുറത്തുവന്ന വിവരം. കുന്നിടിച്ചുള്ള നിര്‍മ്മാണത്തിനെതിരെ നേരത്തെ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ രംഗത്തുവന്നിരുന്നു.

thepoliticaleditor

പി.ജയരാജനോട്‌ പരാതിയുണ്ടെങ്കില്‍ രേഖാമൂലം തരണമെന്ന്‌ സംസ്ഥാന സമിതി യോഗത്തില്‍ എം.വി.ഗോവിന്ദന്‍ മാസ്‌റ്റര്‍ ആവശ്യപ്പെട്ടതായാണ്‌ വിവരം. ജയരാജന്‍ അതിന്‌ സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആരോപണം കേട്ടമാത്രയില്‍ തന്നെ തള്ളിക്കളയാതെ രേഖാമൂലം തരാന്‍ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടത്‌ പല വിധത്തിലും ശ്രദ്ധേയമാണ്‌. സാമ്പത്തിക അപഭ്രംശങ്ങള്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ല എന്ന ഉറച്ച നിലപാട്‌ ആവര്‍ത്തിക്കാറുള്ള ഗോവിന്ദന്‍ മാസ്‌റ്റര്‍ ഇക്കാര്യത്തിലും ആ നിലപാടിലാണ്‌ എന്നാണ്‌ പറയുന്നത്‌.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെയും ആനുകൂല്യത്തോടെയാണ്‌ ഗോവിന്ദന്‍ തന്റെ നിലപാട്‌ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇ.പി.യും പിണറായിയുടെ ആരാധകനാണ്‌ താനെന്ന്‌ നിരന്തരം പറയുന്ന നേതാവാണ്‌. എന്നാല്‍ അടുത്ത കാലത്തായി ഇ.പി. പാര്‍ടി പരിപാടികളില്‍ നിന്നു പോലും വിട്ടു നിന്നിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പുതിയ ആരോപണവും ഉന്നയിക്കപ്പെടുന്നത്‌.

എം.വി.ഗോവിന്ദനും ഇ.പി.ജയരാജനും തമ്മിലുള്ള ചില ഉള്‍പാര്‍ടി സൗന്ദര്യപ്പിണക്കമാണ്‌ ഇ.പി. അടുത്ത കാലത്ത്‌ അവധിയില്‍ പ്രവേശിച്ചതിനും മുന്നണിയുടെയും പാര്‍ടിയുടെയും ചില പ്രധാന പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്‌തതിനു പിന്നിലെന്ന ഗോസിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇതിനിടയില്‍ ഇപ്പോള്‍ വളരെ ഗുരുതരമായ സാമ്പത്തിക ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്‌ സി.പി.എമ്മിലെ ഉള്‍പാര്‍ടിതര്‍ക്കങ്ങള്‍ക്കപ്പുറത്തേക്ക്‌ വളരുമെന്ന ചര്‍ച്ച ഉയര്‍ന്നു തുടങ്ങി. ഇ.പി.ക്കെതിരെ ഉയര്‍ന്ന പരാതിയില്‍ ഒരു അന്വേഷണം പാര്‍ടി പ്രഖ്യാപിച്ചാല്‍ തന്നെ അത്‌ പാര്‍ടിയുടെ പ്രതിച്ഛായക്ക്‌ വലിയ മികവ്‌ പൊതുസമൂഹത്തില്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്നതാണ്‌ വസ്‌തുത.

എന്നാല്‍ പരാതിക്കാര്യം പൂര്‍ണമായും നിഷേധിക്കുകയോ തള്ളിക്കളയുകയോ ആണ്‌ സി.പി.എം.നേതൃത്വം ചെയ്യുന്നതെങ്കില്‍ പൊതുസമൂഹത്തിനു മുന്നില്‍ വീണ്ടും പാര്‍ടിയെക്കുറിച്ചുള്ള പ്രതിച്ഛായാ ചര്‍ച്ചയിലേക്ക്‌ കടക്കാനുള്ള പുതിയ നിമിത്തമായി ഈ സംഭവം മാറും.

അതേസമയം ഇത്തരത്തില്‍ പാര്‍ടിയില്‍ പരാതി ഉയര്‍ന്നതായി നേതൃത്വമോ ഉന്നയിച്ചതായി പി.ജയരാജനോ സ്ഥിരീകരിക്കുകയോ പരസ്യമായി പ്രതികരിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ റിസോര്‍ട്ടുമായി തനിക്ക്‌ ബന്ധമില്ലെന്നും തലശ്ശേരിക്കാരനായ കെ.പി.രമേഷ്‌കുമാറിന്റെതാണ്‌ റിസോര്‍ട്ട്‌ എന്നാണ്‌ ഇ.പി.ജയരാജന്‍ പ്രതികരിച്ചിരിക്കുന്നതെന്ന്‌ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.

Spread the love
English Summary: allegation against e p jayarajan by p jayarajan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick