നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളത്തിലെ പ്രമുഖ പത്ര,ദൃശ്യമാധ്യമങ്ങള്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും നാടിന്റെ സന്തോഷം നശിപ്പിക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ ധര്‍മശാലയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. മറ്റൊരു നാട്ടിലും ഇത്തരം നിഷേധാത്മക രീതി ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായി നശീകരണ വാസനമാത്രം പ്രകടിപ്പിക്കുന്നത് നാട്ടിന് ഗുണമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉണ്ടാകുന്ന സര്‍ക്കാര്‍ നാട്ടിലെ എല്ലാവരുടെതുമാണ്, ആ ഗവണ്‍മെന്റ് നാടിന്റെതാണ്. എല്ലാ ജനങ്ങളുടെതുമാണ്. വോട്ടു ചെയ്‌തവര്‍ക്കു വേണ്ടി മാത്രം നിലക്കൊള്ളുന്ന ഗവണ്‍മെന്റല്ല. നാടിന്റെ താല്‍പര്യങ്ങള്‍ വരുമ്പോള്‍ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല. തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് എടുക്കുന്നത്. അതില്‍ പത്രമെന്നോ ദൃശ്യമാധ്യമമെന്നോ ഭേദമില്ല. അവര്‍ നാടിനൊപ്പമല്ല നില്‍ക്കുന്നത്. അടുത്ത കാലത്ത് വിഴിഞ്ഞത്തും മറ്റും കണ്ടത് അതാണ്-മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.

നമ്മുടെ നാട്ടില്‍ പല വിഭാഗങ്ങളുണ്ട്. വ്യക്തികള്‍, സമുദായങ്ങള്‍, പ്രദേശങ്ങള്‍ ഈ രീതിയിലെല്ലാം ചില പ്രശ്‌നങ്ങളുണ്ടാകാം. പ്രശ്‌ന പരിഹാരത്തിന് സമീപിക്കേണ്ടത് എവിടെയാണ്, അത് ഗവണണ്‍മെന്റ് സംവിധാനത്തെയല്ലേ. ഗവണ്‍മെന്റ് നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റായിരിക്കണം. കേരളത്തിലെ അനുഭവം വെച്ചാല്‍ അത് കൃത്യമായി പാലിച്ചു പോകാന്‍ ഇവിടുത്തെ ഗവണ്‍മെന്റിന് കഴിയുന്നുണ്ട്. ഞാന്‍ പറയുമ്പോള്‍ അത് ആത്മനിഷ്‌ഠമാണെന്ന് ആക്ഷേപം വന്നേക്കാം. എന്നാല്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പക്ഷക്ഷാതിത്വപരമായി പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ ഈ ആക്ഷേപിച്ച് പറയുന്ന വിഭാഗക്കാര്‍ക്ക് കഴിയുന്നുണ്ടോ. എന്തു കൊണ്ടാണ് കഴിയാത്തത്. അങ്ങനെയൊരു നിലപാട് ഇല്ല എന്നതു കൊണ്ടു തന്നെ. നിഷ്‌പക്ഷമായി കാര്യങ്ങള്‍ നീക്കുന്നതിന്റെ ഗുണഫലം നമുക്ക് അനുഭവിക്കാനാകുന്നുണ്ട്. കുറച്ചു നാള്‍ മുമ്പ് വിഴിഞ്ഞത്ത് ഒരു സമരം ഉയര്‍ന്നു വന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച മാധ്യമങ്ങള്‍ കൃത്യമായി ഒരാത്മ പരിശോധന നടത്തുന്നത് നല്ലതാണ്. എന്തായിരുന്നു അവര്‍ സ്വീകരിച്ച സമീപനം. എന്തായിരുന്നു അവര്‍ ആഗ്‌ഹിച്ചിരുന്നത്. തങ്ങളാഗ്രഹിച്ച, നാടിന് ചേരാത്ത അവസ്ഥകള്‍ നാടിന് വന്നു ചേര്‍ന്നില്ല എന്നതിന് വല്ലാതെ വിഷമിക്കുന്ന മനസ്സിനെ ഇതെല്ലാം പരിഹരിക്കപ്പെട്ടപ്പോള്‍ നമ്മള്‍ കണ്ടു. എന്തിന് പാവപ്പെട്ട ജന വിഭാഗങ്ങളുടെ മനസ്സില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതല്ലേ ഓരോ പ്രശ്‌നത്തിലും ഉണ്ടാകുന്നത്. നാടിന്റെ സന്തോഷം അതിനുതകുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനെ തകര്‍ക്കാനുള്ള വേറൊരു ചിത്രം അവതരിപ്പിച്ച് ജനങ്ങളില്‍ അനാവശ്യമായ വികാരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത് ഈ തോതില്‍ മറ്റുള്ള ഇടങ്ങളില്‍ കാണാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന പ്രത്യേകതയാണിത്.-മുഖ്യമന്ത്രി പറഞ്ഞു.
“മാധ്യമങ്ങളുടെ യോഗങ്ങളിലടക്കം അവരോട് ഇത് പറഞ്ഞിട്ടുണ്ട്. ഞങ്ങളാരു നിങ്ങളെ നിയന്ത്രിക്കേണ്ടവരല്ല. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ അത് നിങ്ങള്‍ സ്വയമേവ പരിശോധിക്കണം. വേണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിക്കണം. സര്‍ക്കാരല്ല നിങ്ങള്‍ തന്നെയാണത് ചെയ്യേണ്ടത്. അതില്‍ പ്രശസ്‌തരായ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം. എന്നിട്ട് മാധ്യമങ്ങള്‍ വിവിധ ഘട്ടത്തില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ശരിയോ എന്ന് അവര്‍ വിലയിരുത്തി ആവശ്യമായ അഭിപ്രായം പറയുന്ന നില ഉണ്ടാവണം. ശരിയല്ലെങ്കില്‍ ഇടപെട്ട് തിരുത്തിക്കാന്‍ ഇടപെടല്‍ ഉണ്ടാവണം. ആരു കേള്‍ക്കാന്‍. എന്തെങ്കിലും നടന്നോ. ഇതാണ് അവസ്ഥ”-മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സന്തോഷം പ്രധാനപ്പെട്ടതാണെന്നും താന്‍ നേരത്തെ പരാമര്‍ശിച്ച പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ വലിയ തോതിലുള്ള മാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.മുകുന്ദന്‍ സ്വാഗതം പറഞ്ഞു.