Categories
latest news

ഇറാനിൽ ഹിജാബ് പ്രക്ഷോഭത്തിന്‌ പിന്തുണച്ച ഓസ്കാർ ഫെയിം നടി അറസ്റ്റിൽ

രാജ്യത്തെ പിടിച്ചുകുലുക്കിയ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇറാനിലെ ഏറ്റവും പ്രശസ്തയായ നടിയും ഓസ്‌കാർ നേടിയ സിനിമയിലെ താരവുമായ തരാനെ അലിദൂസ്റ്റിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഹിജാബ്‌ ശരിയായി ധരിച്ചില്ല എന്ന കുറ്റം ചാര്‍ത്തി ഇറാനിലെ മതകാര്യ പൊലീസ്‌ പിടികൂടിയ യുവതി കസ്റ്റഡിയില്‍ വെച്ച്‌ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന്‌ രാജ്യത്ത്‌ വന്‍ പ്രക്ഷോഭക്കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുകയാണ്‌. പ്രക്ഷോഭത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഇറാനിലെ പ്രശസ്‌തരായ ഒട്ടേറെ സ്‌ത്രീ പുരുഷന്‍മാര്‍ രംഗത്തുണ്ട്‌.
പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി അര ഡസനിലേറെ പേരെ ഇറാന്‍ അധികൃതര്‍ പിടികൂടി വധശിക്ഷയ്‌ക്ക്‌ വിധേയരാക്കിയതായും നൂറുകണക്കിനു പേരെ തടവിലിട്ടതായും റിപ്പോര്‍ട്ടുണ്ട്‌. ചിലരുടെ വധശിക്ഷ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്‌തു. വധിക്കപ്പെട്ട പ്രക്ഷോഭകാരികളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഓസ്‌കാർ നേടിയ “ദ സെയിൽസ്മാൻ” എന്ന ചിത്രത്തിലെ താരം തരാനെ അലിദൂസ്റ്റിയെ അറസ്റ്റ് ചെയ്തത്.

എന്താണ്‌ ഇറാനിലെ “ഹിജാബ്‌ പ്രക്ഷോഭം”
————————–

കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇറാനിലെ തെരുവുകള്‍ ജനരോഷത്താല്‍ തിളച്ചു മറിയുകയാണ്‌.
ഇറാന്റെ മതഭരണകൂടത്തിന്റെ ശാസന നിഷ്‌കര്‍ഷിച്ച പ്രകാരത്തില്‍ ശിരോവസ്‌ത്രം ഉപയോഗിച്ച്‌ മുടി മറച്ചില്ല എന്ന കാരണം പറഞ്ഞ്‌, രാജ്യത്തെ നിയമം ലംഘിച്ചുവെന്നാരോപിച്ച്‌ അവിടുത്തെ സദാചാര പൊലീസ്‌ സപ്‌തംബര്‍ 13-ന്‌ കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന്‌ 22-കാരി മൂന്നു ദിവസം കഴിഞ്ഞ്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവമാണ്‌ ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധക്കനല്‍ ഊതിത്തെളിച്ചത്‌. മര്‍ദ്ദനം മൂലമാണ്‌ മഹ്‌സ അമിനി മരിച്ചതെന്ന്‌ ജനം ആരോപിക്കുമ്പോള്‍ ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ പൊലീസ്‌ വിശദീകരിക്കുന്നു. അബോധാവസ്ഥയില്‍ പൊലീസ്‌ സ്റ്റേഷനില്‍ കിടക്കുന്ന യുവതിയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ വാദം ന്യായീകരിക്കാനായി പൊലീസ്‌ പുറത്തുവിട്ടു. എന്നാല്‍ ഇത്‌ ഇറാന്‍ ജനതയെ രോഷാകുലരാക്കുകയാണ്‌ ചെയ്‌തത്‌. പടിഞ്ഞാറന്‍ നഗരമായ സാക്വസില്‍ അമിനിയുടെ ശവസംസ്‌കാരച്ചടങ്ങ്‌ അവസാനിച്ചതിനു തൊട്ടു പിറകെ, നൂറുകണക്കിനു സ്‌ത്രീകള്‍ തങ്ങളുടെ ശിരോ വസ്‌ത്രം ഊരി വലിച്ചെറിഞ്ഞു. അതായിരുന്നു തുടക്കം. തുടര്‍ന്ന്‌ ഒരു മാസത്തിലധികമായി ഇറാന്റെ തെരുവുകള്‍ പുകയുകയാണ്‌.
ഇറാനിലെ സ്വേഛാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന ആഹ്വാനം മുഴക്കിയും, സ്‌ത്രീ ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തിയും സ്‌ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയ മാസമാണ്‌ ഇറാനില്‍ കടന്നു പോയത്‌. പരസ്യമായ ശിരോവസ്‌ത്രങ്ങള്‍ കത്തിച്ചും മുടി മുറിച്ചും അതിന്റെ വീഡിയോ പ്രചരിപ്പിച്ചും അരങ്ങേറിയ പ്രതിഷേധം ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖമേനിയെ പരസ്യമായി ചോദ്യം ചെയ്യുന്നതായിരുന്നു. പ്രതിഷേധത്തിന്‌ എല്ലാ തലങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ്‌ ലഭിച്ചത്‌. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. കളിസ്ഥലങ്ങളിലും തെരുവുകളിലും അവര്‍ പ്രകടനം നടത്തി. യുവാക്കളും കൗമാരക്കാരുമായ പുരുഷന്‍മാര്‍ സ്‌ത്രീകള്‍ക്ക്‌ പിന്തുണയുമായി രംഗത്തത്തി.
അഭൂതപൂര്‍വ്വവും വൈകാരികവുമായ പ്രതിഷേധങ്ങളെ ഭരണകൂടം നേരിട്ടത്‌ നിഷ്‌ഠൂരമായിട്ടായിരുന്നു. പ്രതിഷേധക്കാരെ പൊലീസും സൈന്യവും തെരുവില്‍ നേരിട്ടു. ഒരു കാര്യവും പുറം ലോകം അറിയാതിരിക്കാന്‍ ബി.ബി.സി. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളെ ഇറാനില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ വിലക്കി. ഇന്റര്‍നെറ്റ്‌, ഫോണ്‍ സൗകര്യങ്ങള്‍ നിര്‍ത്തലാക്കി. സമൂഹമാധ്യമങ്ങളിലെ ആക്ടീവിസ്‌റ്റ്‌ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിച്ചത്‌ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്കിടയില്‍ അറിയാന്‍ സഹായിച്ചുവെന്നു പറയാം. 29 കുട്ടികളടക്കം 234 പേരെ സുരക്ഷാസേന വധിച്ചതായി നോര്‍വ്വെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ പുറത്തുവിട്ടു. എന്നാല്‍ ഇത്‌ സൈന്യം നിഷേധിച്ചു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ തെരുവുകളില്‍ വെടിയുതിര്‍ക്കുന്‌ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്‌ സൈന്യത്തിന്റെ അവകാശവാദം പൊളിച്ചു.

thepoliticaleditor

തങ്ങളുടെ രാജ്യത്തിന്റെ ശത്രുക്കളായ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന്‌ കലാപങ്ങള്‍ സംഘടിപ്പിക്കുകയാണെന്ന്‌ ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള ഖമേനി ആരോപിച്ചിട്ടുണ്ടെങ്കിലും അത്‌ പുറത്തുവരുന്ന വസ്‌തുതകളെ ന്യായീകരിക്കാന്‍ പര്യാപ്‌തമല്ല. പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ മുഴുവന്‍ കെട്ടുകഥകളാണെന്ന്‌ ഭരണകൂടം തള്ളിക്കളയുമ്പോഴും തെരുവുകളില്‍ കാണുന്നത്‌ ജനങ്ങളുടെ രോഷാഗ്നിയാണ്‌. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരില്‍ രണ്ട്‌ പ്രമുഖ ഇറാനിയന്‍ നടിമാരെ അറസ്റ്റു ചെയ്‌തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ടു ചെയ്‌തതില്‍ തന്നെ രാജ്യത്ത്‌ നിലനില്‍ക്കുന്ന ഭരണകൂടവിരുദ്ധ പ്രതിഷേധത്തിന്റെ സൂചനയുണ്ട്‌. പ്രക്ഷോഭകരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്‌ ഹെന്‍ഗാമ ഗാസിയാനി, കതയോന്‍ റിയാഹി എന്നിവര്‍ ശിരോവസ്‌ത്രം വെടിഞ്ഞ്‌ പൊതുസ്ഥലത്ത്‌ പ്രത്യക്ഷപ്പെട്ടതാണ്‌ അവരുടെ അറസ്‌ററിലേക്ക്‌ നയിച്ചത്‌. എന്ത്‌ സംഭവിച്ചാലും എല്ലായ്‌പ്പോഴും എന്ന പോലെ താന്‍ ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്‌ താന്‍ അറസ്റ്റിലാകുന്നതിന്‌ തൊട്ടു മുമ്പ്‌ ഗാസിയാനി സമൂഹമാധ്യമത്തില്‍ എഴുതുകയുണ്ടായി. ഇതായിരിക്കാം തന്റെ അവസാനത്തെ കുറിപ്പ്‌ എന്നും അവര്‍ എഴുതിയത്‌ ഇറാന്‍ ഭരണകൂടം എത്ര ദുരൂഹമായാണ്‌ തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ പോകുന്നത്‌ എന്നതിന്റെ ആശങ്ക കൂടി പ്രതിഫലിപ്പിക്കുന്നു. പ്രതിഷേധ പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ആറു പേര്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick