Categories
latest news

ഇന്ത്യന്‍ ശതകോടീശ്വരന്‍ മഹാരാഷ്ട്രയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു…ടാറ്റാ സണ്‍സ്‌ മുന്‍ ചെയര്‍മാന്‍

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് പല്ലോൻജി മിസ്ത്രി കൊല്ലപ്പെട്ടു . 54 വയസ്സായിരുന്നു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന മിസ്ത്രിക്ക് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടമുണ്ടായത്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് പേരിൽ ഒരാൾ – ജഹാംഗീർ പണ്ടോൾ – സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് രണ്ട് പേർ – കാർ ഓടിച്ചിരുന്ന അനയ്ത പണ്ടോൾ, ഡാരിയസ് പണ്ടോൾ – എന്നിവരെ ഗുജറാത്തിലെ വാപിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മിസ്ത്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസ റൂറൽ ആശുപത്രിയിലേക്ക് മാറ്റി. മിസ്ട്രിക്ക്‌ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഷാപൂര്‍ജി എന്ന സഹോദരനും ലൈല, ആലു എന്നീ സഹോദരിമാരുമാണ്‌ സൈറസിനുള്ളത്‌.

thepoliticaleditor

പാഴ്സി കുടുംബത്തിൽ ജനിച്ച സൈറസ് മിസ്ത്രി ഇന്ത്യൻ ശതകോടീശ്വരനും നിർമ്മാണ വ്യവസായിയുമായിരുന്ന പല്ലോൻജി മിസ്ത്രിയുടെ മകനായിരുന്നു. പല്ലോന്‍ജി മസ്‌ത്രി മരിച്ചത്‌ ഇക്കഴിഞ്ഞ ജൂണ്‍ 27-ന്‌ ആയിരുന്നു.

2012-ൽ, രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് കമ്പനികളിലൊന്നായ ടാറ്റ സൺസിനെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മിസ്ത്രിയുടെ പേര് വാർത്തകളിൽ ഇടംനേടി. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ഷാപൂർജി പലോൻജി ഗ്രൂപ്പിന്റെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പിന്റെ ആറാമത്തെ ചെയർമാനായി സൈറസിനെ തിരഞ്ഞെടുത്തത്. എന്നാൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തു. 2016 ഒക്ടോബറിൽ മിസ്ത്രിയെ സ്ഥാനത്തുനിന്ന് പുറത്താക്കി. തുടർന്ന് മുൻ ചെയർമാൻ രത്തൻ ടാറ്റ ഇടക്കാല ചെയർമാനായി തിരിച്ചെത്തി. ഏതാനും മാസങ്ങൾക്ക് ശേഷം നടരാജൻ ചന്ദ്രശേഖരനെ പുതിയ ചെയർമാനായി നിയമിച്ചു. പിന്നീട്‌ നിരന്തരം നടന്ന നിയമപോരാട്ടങ്ങള്‍ ഒടുവില്‍ സുപ്രീംകോടതി വരെ നീണ്ടു. പക്ഷേ ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം റദ്ദാക്കാനുള്ള ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി ഈ വര്‍ഷം മെയ്‌ മാസത്തില്‍ തള്ളുകയാണ്‌ ചെയ്‌തത്‌.

Spread the love
English Summary: cyrus mistry killed in a road accident

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick