Categories
kerala

കെ.കെ.ശൈലജ മഗ്‌സാസെ പുരസ്‌കാരം സ്വീകരിച്ചിരുന്നെങ്കില്‍…

പ്രത്യയശാസ്‌ത്ര ശാഠ്യങ്ങള്‍ ഏത്‌ രാഷ്ട്രീയ പാര്‍ടിക്കും ഉണ്ടാകേണ്ടതാണ്‌, അത്‌ രാഷ്ട്രീയ മുന്നേറ്റത്തിന്‌ ഏതെങ്കിലും രീതിയില്‍ സഹായിക്കുമെങ്കില്‍. സി.പി.എമ്മിന്റെ പ്രത്യശാസ്‌ത്രശാഠ്യങ്ങള്‍ എന്ന പേരില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ടിയെ ഏതെങ്കിലും തരത്തില്‍ മുന്നോട്ടു നയിക്കാന്‍ സഹായിക്കുമോ എന്നതാണ്‌ ഇന്നത്തെ പ്രധാന സംസാരവിഷയം. കെ.കെ.ശൈലജ ലോകപ്രശസ്‌തമായ മഗ്‌സാസെ പുരസ്‌കാരം വാങ്ങാന്‍ അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക. സി.പി.എമ്മിന്റെ വളര്‍ച്ചയ്‌ക്ക്‌ അത്‌ തടസ്സമാകുമായിരുന്നുവോ. പാര്‍ടി സമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുമായിരുന്നുവോ. പാര്‍ടിക്കകത്ത്‌ പ്രത്യയശാസ്‌ത്രപരമായ വല്ല പ്രതിസന്ധിയും ഉടലെടുക്കുമായിരുന്നുവോ. പാര്‍ടിയെക്കുറിച്ച്‌ ജനം അവമതിക്കുമായിരുന്നുവോ…ഇത്തരം ചോദ്യങ്ങള്‍ ഉയരുകയാണ്‌.

ശൈലജ പുരസ്‌കാരം വാങ്ങിയിരുന്നുവെങ്കില്‍ സംഭവിക്കാവുന്ന കാര്യങ്ങളില്‍ ഒന്ന്‌ ഇതാണ്‌-ലോകമാധ്യമങ്ങള്‍ എഴുതും: കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിക്ക്‌ അതുല്യമായ അംഗീകാരം. കമ്മ്യൂണിസ്‌റ്റ്‌ പാതയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം പരാജയപ്പെട്ടു കഴിഞ്ഞ ഒന്നാണ്‌ എന്ന്‌ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌, കമ്മ്യൂണിസ്‌റ്റ്‌ സരണിയില്‍ സഞ്ചരിച്ച്‌ ലോകത്തില്‍ മാതൃക സൃഷ്ടിക്കാമെന്ന മറ്റൊരു ചര്‍ച്ചയ്‌ക്ക്‌ ലോകത്തിലെ പല കോണുകളില്‍ ആള്‍ക്കാരുണ്ടാവും. ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ക്ക്‌ വലിയ മാതൃകകള്‍ സൃഷ്ടിക്കാനാവും എന്ന സന്ദേശം ലോകം ചര്‍ച്ച ചെയ്യും. ആദ്യമായി ഒരു മലയാളിക്ക്‌ ലഭിക്കുന്ന ഈ പുരസ്‌കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായി കഴിയുന്ന ഒരു കോടിയോളം മലയാളികള്‍ക്ക്‌ അവിടങ്ങളിലെ സമൂഹത്തില്‍ നിലയും വിലയും ഉയര്‍ത്തും.

thepoliticaleditor

എന്നാല്‍ സി.പി.എമ്മിന്‌ അത്‌ വേണ്ട. പ്രത്യയശാസ്‌ത്രപരമായ ചില ന്യായങ്ങളാണ്‌ പാര്‍ടി മുന്നോട്ടു വെക്കുന്നത്‌. ഒന്ന്‌, നിപ, കൊവിഡ്‌ പ്രതിരോധങ്ങള്‍ സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ്‌. അതിനാല്‍ മന്ത്രിക്കു മാത്രം പ്രത്യേകിച്ച്‌ അവാര്‍ഡ്‌ നല്‍കുന്നതില്‍ കാര്യമില്ല. ചോദിക്കട്ടെ, കേരളത്തിന്റെ വികസന മികവിന്‌ പിണറായി വിജയന്‍ ഏറ്റുവാങ്ങിയ ബഹുമതികളെല്ലാം അദ്ദേഹം ഒറ്റയ്‌ക്ക്‌ ഉണ്ടാക്കിയതാണെന്ന്‌ ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ. അതും ഇതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ. കെ.കെ.ശൈലജ തന്നെ സ്വീകരിച്ച യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു പുരസ്‌കാരമുണ്ടല്ലോ, അതിന്‌ ഈ “കുറ്റം” ബാധകമായിരുന്നില്ലേ.

കെ.കെ.ശൈലജയുടെ അന്യാദൃശമായ നേതൃപാടവത്തിന്റെ മകുടോദാഹരണമായിരുന്നു നിപ പ്രതിരോധ പ്രവര്‍ത്തനം. നിപ രാജകുമാരി എന്ന്‌ പരിഹസിക്കപ്പെടാന്‍ തക്ക അസൂയാര്‍ഹമായ പ്രവര്‍ത്തനം. അതില്‍ ആര്‍ക്ക്‌ പങ്കു പറ്റാനാവും. അത്‌ ലോകം ആദരിക്കാന്‍ ഇടയാക്കുന്ന എന്ത്‌ കൊച്ചു കാര്യം സംഭവിച്ചാലും അതിന്‌ പിന്തുണ നല്‍കുകയല്ലേ വേണ്ടത്‌.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നവര്‍ക്ക്‌്‌ മഗ്‌സാസെ പുരസ്‌കാരം നല്‍കാറില്ല, റമണ്‍ മഗ്‌സാസെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായിരുന്നു എന്നീ മറ്റ്‌ രണ്ട്‌ യെച്ചൂരി വാദങ്ങള്‍. കമ്മ്യൂണിസ്‌ററ്‌ വേട്ടയ്‌ക്ക്‌ കുപ്രസിദ്ധി നേടിയ ഇന്‍ഡോനേഷ്യയില്‍, അതെ റമണ്‍ മഗ്‌സാസെയുടെ ഇന്‍ഡോനേഷ്യയിലെ വന്‍ വ്യവസായ ഗ്രൂപ്പായ സലിം കമ്പനിക്ക്‌ കമ്മ്യൂണിസ്റ്റ്‌ ബംഗാളിലേക്ക്‌ ആതിഥ്യം നല്‍കിയപ്പോള്‍ യെച്ചൂരി ഇവിടെ തന്നെ ഉണ്ടായിരുന്നില്ലേ. സലിം കമ്പനിക്ക്‌ പരവതാനി വിരിച്ചത്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ ആയിരുന്നില്ലേ. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നവര്‍ക്ക്‌ ഈ മഗ്‌സാസെ പുരസ്‌കാരം നല്‍കിയാല്‍, ഇനി അത്‌ അവര്‍ സ്വീകരിച്ചാല്‍ എന്തെങ്കിലും വലിയ ആപത്ത്‌ സംഭവിക്കാനുണ്ടോ. ഒരു ചുക്കുമില്ല.

ഇന്ത്യയുടെ ചരിത്രത്തില്‍ എന്നെന്നേക്കുമായി ഒരു കമ്മ്യൂണിസ്‌റ്റ്‌ പ്രധാനമന്ത്രി ഉണ്ടാകുമായിരുന്ന, ലോകം തന്നെ ഇന്ത്യന്‍ കമ്മ്യൂണിസത്തെക്കുറിച്ചും സി.പി.എമ്മിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമായിരുന്ന ഒരു നിര്‍ണായകമായ സന്ദര്‍ഭത്തെ തട്ടിയെറിഞ്ഞതിനു പിറകില്‍ പ്രവര്‍ത്തിച്ച ഒരു മനോഭാവമുണ്ട്‌. ചരിത്രപരമായ വിഢിത്തം എന്ന്‌ അതിനെ വിശേഷിപ്പിച്ചത്‌ ഇന്ത്യയിലെ ലോക പ്രശസ്‌തനായ കമ്മ്യൂണിസ്റ്റ്‌ പാര്‍ലമെന്റേറിയനും പ്രധാനമന്ത്രിയാകുമായിരുന്ന ആളും പരമോന്നത പൊളിറ്റ്‌ ബ്യൂറോയിലെ ഏറ്റവും പ്രധാനിയുമായിരുന്ന ജോതിബാസു തന്നെയായിരുന്നു. അന്ന്‌ ബാസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍, ഒന്നോ രണ്ടോ സഭാസെഷന്‍ കാലത്തേക്കു മാത്രമായിട്ടായിരുന്നാലും ശരി, ഒരു വിപ്ലവവും ഉണ്ടാക്കാന്‍ സാധിക്കില്ലായിരുന്നാലും ശരി, കമ്മ്യൂണിസം കറുത്താണോ വെളുത്താണോ എന്ന്‌ കേട്ടു കേള്‍വി പോലുമില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും വരെ ഈ പ്രസ്ഥാനത്തെ പറ്റിയുള്ള ഒരു കുഞ്ഞറിവെങ്കിലും സമ്മാനിക്കാന്‍, ഇന്ത്യയില്‍ സി.പി.എമ്മിന്‌ വിസിബിലിറ്റി(ദൃശ്യപരത) നല്‍കാന്‍ ഉപകരിക്കുമായിരുന്ന ആ അപൂര്‍വ്വകാലത്തെ പുറംകാല്‍ കൊണ്ട്‌ തട്ടിയെറിഞ്ഞ പ്രത്യയാശാസ്‌ത്രം….അത്‌ കൊണ്ട്‌ സി.പി.എം. എന്താണ്‌ നേടിയതെന്ന്‌ പ്രകാശ്‌ കാരാട്ടിന്‌ എവിടെയങ്കിലും യുക്തിയോടെ വിശദീകരിക്കാനാവുമോ.

സി.പി.എമ്മിന്‌ വന്‍ ദൃശ്യപരത നല്‍കിയ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പറഞ്ഞ പ്രത്യയശാസ്‌ത്രം ആ പാര്‍ടിയെ പിന്നീട്‌ ഒരിഞ്ചെങ്കിലും വളരാന്‍ സഹായിച്ചിട്ടുണ്ടോ എന്ന “ചരിത്ര വിഢിത്ത”ച്ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്‌.

Spread the love
English Summary: magsaysay award and cpm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick