Categories
latest news

മോദിക്ക്‌ വിമർശകരില്ലാതെ ഇനി ദേശീയ ടെലിവിഷന്‍ മാധ്യമ ആകാശം

എന്‍.ഡി.ടി.വി. എന്ന ടെലിവിഷന്‍ ചാനല്‍ ശൃംഖലയുടെ നിയന്ത്രണം ഗൗതം അദാനി നിയന്ത്രിക്കുന്ന കമ്പനിയുടെ കീഴിലേക്ക്‌ വരുന്നതോടെ ഇന്ത്യന്‍ ടെലിവിഷന്‍ ആകാശത്ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ എതിരില്ലാത്ത ദേശീയ മാധ്യമ വിധേയത്വമാണ്‌ ലഭ്യമാകാന്‍ പോകുന്നതെന്ന്‌ സ്ഥിതിവിവരക്കണക്കുകള്‍. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ടെലിവിഷന്‍, ഓണ്‍ലൈന്‍, വെബ്‌ ചാനലുകള്‍ ഉള്ളത്‌ സീ ന്യൂസിനാണ്‌. ഇവരുടെ വിനോദ ചാനലുകളും വന്‍ വിജയമാണ്‌. സീ ന്യൂസിന്റെ അധിപന്‍ ബി.ജെ.പി.യുടെ രാജ്യസഭാംഗമായ സുഭാഷ്‌ ചന്ദ്രയാണ്‌. തൊട്ടുപിറകിലായി നില്‍ക്കുന്നത്‌ ന്യൂസ്‌ 18 ചാനലുകളുടെ ശൃംഖലയുമായി മുകേഷ്‌ അംബാനിയാണ്‌. മുകേഷ്‌ നേരത്തെ തന്നെ നരേന്ദ്രമോദിയുടെ പ്രധാന പിന്തുണക്കാരനായി മാറിക്കഴിഞ്ഞ ആളാണ്‌. സാഹു ജെയിനും കുടുംബവും നേതൃത്വം നല്‍കുന്ന ബെന്നററ്‌ ആന്റ്‌ കോള്‍മാന്‍ കമ്പനിയുടെ ടൈംസ്‌ ന്യൂസ്‌ ശൃംഖലയില്‍ ടൈംസ്‌ നൗ, മിറര്‍ നൗ, ഇ.ടി നൗ തുടങ്ങിയ ദേശീയ ടിവി ചാനലുകളുണ്ട്‌. ടൈംസ്‌ ഗ്രൂപ്പ്‌ ഒരു തരത്തിലും പ്രധാനമന്ത്രിക്ക്‌ എതിരായി വാര്‍ത്തകള്‍ നല്‍കാത്ത ചാനലാണെന്ന പരാതി നേരത്തെ തന്നെ കേള്‍പ്പിച്ചിട്ടുണ്ട്‌. ആനന്ദബസാര്‍ പത്രിക ഗ്രൂപ്പിന്റെ ടിവി ചാനലും പ്രധാനമന്ത്രിക്ക്‌ സ്‌തുതി പാടുന്ന സമീപനം സ്വീകരിച്ചു തുടങ്ങിയിട്ട്‌ നാളുകളേറെയായി. ബി.ജെ.പി.യുടെ കേന്ദ്രമന്ത്രിയായ രാജീവ്‌ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്‌ ടി.വി. അതിന്റെ ജന്മകാലം മുതലേ കടുത്ത സംഘപരിവാര്‍ അനുകൂല തീവ്രഹിന്ദുത്വ ലൈന്‍ ആണ്‌ സ്വീകരിച്ചുവരുന്നത്‌.
ഇവയില്‍ നിന്നെല്ലാം വ്യത്യസ്‌തമായി മതേതര കാഴ്‌ചപ്പാട്‌ ഉയര്‍ത്തിപ്പിടിച്ചും വാര്‍ത്തകളില്‍ വസ്‌തു നിഷ്‌ഠതയും നിഷ്‌പക്ഷതയും നിലനിര്‍ത്താന്‍ ശ്രമിച്ചും പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഏക ദേശീയ ടി.വി.ശൃംഖലയായിരുന്നു എന്‍.ഡി.ടി.വി.യുടെത്‌. പ്രശസ്‌തനായ തിരഞ്ഞെടുപ്പു വിശകലന വിദഗ്‌ധനായ പത്രപ്രവര്‍ത്തകന്‍ പ്രണോയ്‌ റോയിയും ഭാര്യ രാധിക റോയിയും തുടങ്ങിയ ചാനലായിരുന്നു ഇത്‌. ഗുജറാത്തിലെ 2002-ലെ വംശീയ കലാപം ഏറ്റവും നിഷ്‌പക്ഷതയോടെ റിപ്പോര്‍ട്ടു ചെയ്‌ത ചാനലായിരുന്നു അത്‌. നരോദ പാട്യയിലെയും ബെസ്റ്റ്‌ ബേക്കറിയിലെയും ഹിന്ദുത്വ നരവേട്ടകളുടെ ഭീകര യാഥാര്‍ഥ്യങ്ങള്‍ മികച്ച രീതിയില്‍ ലോകത്തിന്‌ മുന്നില്‍ തുറന്നു കാട്ടിയ രാജ്‌ദീപ്‌ സര്‍ദേശായിയെ പോലുള്ള റിപ്പോര്‍ട്ടര്‍മാര്‍ എന്‍ഡിടിവിയുടെ ശ്രദ്ധേയ മുഖങ്ങളായിരുന്നു. പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനായ മഗസാസെ അവര്‍ഡു ജേതാവ്‌ റാവിഷ്‌ കുമാര്‍ ഈ ചാനലിന്റെ ഹിന്ദി എഡിഷനിലെ അഭിമാന സ്‌തംഭമാണ്‌. ഗുജറാത്ത്‌ കലാപം റിപ്പോര്‍ട്ടു ചെയ്‌തതിലെ വിരോധം മൂലമാണെന്ന്‌ ആരോപണം ഉയരും വിധം, എന്‍.ഡി.ടി.വി.യുടെ സംപ്രേഷണം ഒരു ദിവസത്തേക്കെങ്കിലും നിരോധിക്കാന്‍ നരേന്ദ്രമോദി 2016-ല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാധ്യമായില്ല. പിന്നീട്‌ ഇ.ഡി.യെ ഉപയോഗിച്ച്‌ എന്‍.ഡി.ടി.വി. പ്രമോട്ടര്‍മാരായ പ്രണോയ്‌ റോയിയുടെയും രാധിക റോയിയുടെയും വീടും ഓഫീസും റെയ്‌ഡ്‌ നടത്തി സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്‌തു. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ട ടെലിവിഷന്‍ ഗ്രൂപ്പായിരുന്നു എന്‍.ഡി.ടി.വി.
ഇപ്പോള്‍ ഈ ചാനല്‍ ശൃംഖലയെ നരേന്ദ്രമോദിയുടെ ഏറ്റവും ശക്തനായ സുഹൃത്തായ ഗൗതം അദാനി വിലയ്‌ക്കു വാങ്ങിയിരിക്കുകയാണ്‌. പ്രണോയ്‌ റോയിക്കും രാധികയ്‌ക്കും ചേര്‍ന്ന്‌ ഇനി 32 ശതമാനം ഓഹരി മാത്രമേ കമ്പനിയില്‍ ഉള്ളൂ. ചെറിയ ഓഹരികളും വാങ്ങിക്കൂട്ടി അദാനിയുടെ മാധ്യമകമ്പനി ഈ ടെലിവിഷന്‍ ചാനലുകളെ പൂര്‍ണമായും നിയന്ത്രണത്തിലേക്ക്‌ കൊണ്ടു വരുന്നതോടെ ഇന്ത്യന്‍ ദേശീയ ദൃശ്യമാധ്യമ ആകാശം പൂര്‍ണമായും നരേന്ദ്രമോദിയുടെ സ്‌തുതിപാഠകരായ കോര്‍പറേറ്റുകളുടെ കളിക്കളമായി മാറാന്‍ പോകുകയാണ്‌.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick