സോളർ കേസ് പ്രതി നൽകിയ പീഡനപരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പിണറായി വിജയന്റെ പിറകില്‍ ബിസിനസ്സുകാരന്‍ ഫാരിസ് അബൂബക്കറാണെന്ന് ജാമ്യം ലഭിച്ചതിനു പിറകെ പി.സി.ജോര്‍ജ്ജ് ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് വി.എസ്.-പിണറായി വിഭാഗീയത സി.പി.എമ്മില്‍ കത്തിജ്വലിച്ചു നിന്ന കാലത്ത്, വി.എസ്.അച്യുതാനന്ദനെ അവഹേളിച്ച് കൈരളി ചാനലില്‍ ജോണ്‍ബ്രിട്ടാസുമായി വിവാദ അഭിമുഖം നല്‍കിയ ബിസിനസ്സുകാരനാണ് ഫാരിസ് അബൂബക്കര്‍.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നുവെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. പി.സി.ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്. അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു. പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു. തന്നെ ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയോട് ജോർജ് പറഞ്ഞു.

പിണറായിയുടെയും വീണ വിജയന്റെ കമ്പനിയുടെയും സാമ്പത്തിക ഇടപാടുകളും അമേരിക്കന്‍ കണക്ഷനും ഇ.ഡി. അന്വേഷിക്കണമെന്നും ഫാരിസിന്റെ അമേരിക്കന്‍ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചാല്‍ പിണറായിയുടെ പങ്കും വ്യക്തമാകുമെന്നും പി.സി.ജോര്‍ജ്ജ് പ്രതികരിച്ചു.