കോണ്‍ഗ്രസ് സമുന്നത നേതാവ് രാഹുല്‍ഗാന്ധിക്ക് ഞായറാഴ്‌ച 52 വയസ്സ് തികയുന്നു. എന്നാല്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ഗാന്ധി കര്‍ക്കശമായി വിലക്കി സന്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരായി യുവാക്കള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ അതിനൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് രാഹുല്‍ തന്റെ ജന്മദിനാഘോഷം ഉപേക്ഷിച്ചത്. രാജ്യത്തെ യുവാക്കൾ വ്യസനിക്കുകയും തെരുവിൽ പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ അവർക്കൊപ്പം നിൽക്കണമെന്നും പാർട്ടിക്ക് നൽകിയ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. “യുവജനങ്ങൾ വിഷമിക്കുന്നു. ഈ അവസരത്തിൽ അവർക്കും അവരുടെ കുടുംബത്തിനും ഒപ്പം നിൽക്കണം. എന്റെ ജന്മദിനത്തിൽ ഒരു തരത്തിലുള്ള ആഘോഷങ്ങളും നടത്തരുതെന്ന് എല്ലാ കോൺഗ്രസ് പ്രവർത്തകരോടും രാജ്യമെമ്പാടുമുള്ള എന്റെ അഭ്യുദയകാംക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു-രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് മീഡിയ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേഷ് പോസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയുടെ സന്ദേശത്തിന്റെ ഉള്ളടക്കം ഇതാണ്.
“രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങൾ ആശങ്കാജനകമാണ്. കോടിക്കണക്കിന് യുവാക്കൾ ദുരിതത്തിലാണ്. നമ്മൾ യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുകയും അവർക്കൊപ്പം നിൽക്കുകയും വേണം,” ഗാന്ധി തന്റെ പാർട്ടി സഹപ്രവർത്തകരോടുള്ള അഭ്യർത്ഥനയിൽ പറഞ്ഞു.

അഗ്നിപഥ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഡൽഹി ജന്തർമന്തറിൽ സത്യാഗ്രഹം നടത്തുകയാണ്. എല്ലാ എംപിമാരും സിഡബ്ല്യുസി അംഗങ്ങളും എഐസിസി ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുക്കും.