പയ്യന്നൂരിലെ സി.പി.എം.ഫണ്ട് വെട്ടിപ്പ് കേസില്‍ പരാതി നല്‍കി പണം തിരിമറിയുടെ തെളിവുകള്‍ ഹാജരാക്കിയ മുന്‍ ഏരിയാ സെക്രട്ടറിയെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയം. സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ തന്നെ സന്ദര്‍ശിച്ചിരുന്ന കാര്യം ഒഴിവാക്കപ്പെട്ട ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചുവെങ്കിലും പ്രത്യേക ചര്‍ച്ചയൊന്നും നടത്തിയില്ല എന്ന് പ്രതികരിച്ചു.
അതേസമയം ജയരാജന്‍ കുഞ്ഞികൃഷ്ണനുമായി സംസാരിക്കുകയും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതായാണ് സൂചന. കുറ്റവാളിക്കെതിരെ നടപടി എടുത്തതിനൊപ്പം പരാതി നല്‍കിയ തന്നെയും ശിക്ഷിക്കുകയും ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തതിനെതിരെ ശക്തമായ നിലപാടാണ് വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചത്. താന്‍ ഇനി പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല തനിക്ക് സിപി.എമ്മുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നും പറഞ്ഞു. എന്നാല്‍ കുറ്റക്കാരനായ എം.എല്‍.എ. ടി.ഐ. മധുസൂദനനെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെടുകയും ചെയ്തു.
താന്‍ പാര്‍ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. പാര്‍ടിയുടെ സംവിധാനം ഉപയോഗിച്ച് മാത്രമാണ് താന്‍ ഫണ്ട് തിരിമറി പുറത്തു കൊണ്ടുവന്നത്. മുന്‍ സഹരണബാങ്ക് ജീവനക്കാരനായ ഇദ്ദേഹം പാര്‍ടിയുടെ ഓഡിറ്റിങ് വിദഗ്ധനാണ്. പാര്‍ടിസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തുന്ന ക്രമക്കേടുകളിലെല്ലാം ഓഡിറ്റിങ് നടത്തി വസ്തുത കണ്ടെത്താന്‍ നിയോഗിക്കപ്പെടാറുള്ള സത്യസന്ധനായ പ്രവര്‍ത്തകനാണ് കുഞ്ഞികൃഷ്ണന്‍. ആ വൈദഗ്ധ്യം കാരണമാണ് പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിലും പാര്‍ടി ഓഫീസ് നിര്‍മ്മാണഫണ്ടിലും വന്‍ ക്രമക്കേട് നടന്ന കാര്യം കുഞ്ഞികൃഷ്ണന്‍ കണ്ടെത്തിയതും റിപ്പോര്‍ട്ട് ചെയ്തതും. എന്നാല്‍ ഒരു കോടിയോളം രൂപ വെട്ടിച്ചതിന് ഉത്തരവാദിത്വമുള്ള ടി.ഐ. മധുസൂദനനെയും മറ്റു രണ്ട് പേരെയും പാര്‍ടി നടപടിയെടുത്ത് തരം താഴ്ത്തിയപ്പോള്‍ വെട്ടിപ്പ് തെളയിച്ച് പാര്‍ടിയുടെ ഉന്നത മൂല്യബോധം പ്രകടമാക്കാന്‍ ശ്രമിച്ച കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു തന്നെ മാറ്റി ശിക്ഷിക്കുന്ന കാഴ്ചയാണ് പയ്യന്നൂരിലെ സി.പി.എമ്മില്‍ സംഭവിച്ചത്.
അതേസമയം പയ്യന്നൂർ മുന്‍ ഏരിയ സെക്രട്ടറിയുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി.ജയരാജന്‍ പ്രതികരിച്ചു. മധ്യസ്ഥ ചര്‍ച്ച നടത്തുന്നത് സിപിഎം രീതി അല്ലെന്നും അദ്ദേഹം പറഞ്ഞു.