പകപോക്കല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പകപോക്കലിനെക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിക്കലാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഇന്ന് നാലാംവട്ടം ചോദ്യം ചെയ്യലിന് വിധേയനാക്കിക്കൊണ്ടിരിക്കയാണ്.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ലോക് സഭാ പാര്‍ലമെന്ററി പാര്‍ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, പി.ചിദംബരം, കെ.സി.വേണുഗോപാല്‍, ജയ്‌റാം രമേഷ് എന്നിവര്‍ രാഷ്ട്രപതിയെ കാണും.
മറ്റൊരു പ്രതിനിധി സംഘം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെയും സന്ദര്‍ശിക്കും.
ഇന്നു രാവിലെ മുതല്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ കോണ്‍ഗ്രസ് സത്യാഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സല്‍മാന്‍ ഖുര്‍ഷിദ്, കൊടിക്കുന്നില്‍ സുരേഷ്, വി.നാരായണസ്വാമി, വി.ഡി.സതീശന്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.