പതിനാറ് വയസിന് മുകളിലുള്ള മുസ്ലീം പെൺകുട്ടിയ്‌ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പെൺകുട്ടികൾക്ക് പതിനാറാം വയസ്സിൽ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിർദേശം ഹൈക്കോടതി ശരിവെച്ചു.
പത്താൻകോട്ടിൽനിന്നുള്ള മുസ്ലിം ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി. വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെൺകുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

21 വയസുള്ള യുവാവും 16 വയസുള്ള പെൺകുട്ടിയും കുടുംബാംഗങ്ങളിൽ നിന്ന് സംരക്ഷണം തേടിയാണ് കോടതിയെ സമീപിച്ചത്.
‘തങ്ങളുടെ കുടുംബാംഗങ്ങളുടെ താൽപര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അവരുടെ മൗലികാവകാശങ്ങൾ അവർക്ക് നൽകാതിരിക്കാനാവില്ല. ഹർജിക്കാരുടെ ആശങ്കകൾ പരിഗണിക്കപ്പെടേണ്ടതാണെന്നതിനോട് കണ്ണടക്കാനുമാവില്ല’- കോടതി പറഞ്ഞു. ദമ്പതികൾക്ക് സംരക്ഷണം നൽകാനും അടിയന്തര നിയമനടപടികൾ സ്വീകരിക്കാനും പൊലീസ് അധികൃതർക്ക് കോടതി നിർദേശം നൽകി.
2022 ജൂൺ 8 നാണ് മുസ്ലീം ആചാരങ്ങളനുസരിച്ച് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തെ എതിർക്കുകയും അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. ശരിഅത്ത് നിയമപ്രകാരം ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനമുണ്ടെന്നും ഇരുവരും ഹർജിയിൽ വ്യക്തമാക്കി.
പ്രായപൂർത്തിയായ ഒരു മുസ്ലിം പെൺകുട്ടിക്കും മുസ്ലിം ആൺ കുട്ടിക്കും തങ്ങൾക്ക് ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും രക്ഷിതാക്കൾക്ക് ഇടപെടാൻ അവകാശം ഇല്ലെന്നും ദമ്പതികൾ വാദിച്ചു.