Categories
kerala

‘ഹൃദയപക്ഷ’ത്തിനായി കെ.വി തോമസ് ഇറങ്ങും…പുറത്താക്കുമോ കോൺഗ്രസ്സ് ??

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനൊപ്പം ചൂടുപിടിക്കുകയാണ് കോൺഗ്രസ്-കെ.വി തോമസ് പോര്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് മുതൽ കോൺഗ്രസിന് കെ.വി തോമസിനോടുള്ള അമർഷം ഇപ്പോൾ കെ.വി തോമസിന്റെ പുതിയ പ്രഖ്യാപനത്തോടെ ഇരട്ടിയാവുകയാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് കോൺഗ്രസ് നേതാവ് കെ.വി. തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടത് മുന്നണി പ്രചാരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

thepoliticaleditor

തൃക്കാക്കര പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരു കാര്യവും തന്നോട് പറയുന്നില്ലെന്നും കെ.വി.തോമസ് കുറ്റപ്പെടുത്തി.

‘ഞാൻ കോൺഗ്രസുകാരനാണ്. എക്കാലവും കോൺഗ്രസുകാരനായിരിക്കും. അതൊരു ചട്ടക്കൂടു മാത്രമല്ല. അതിന് വലിയ കാഴ്ചപ്പാടുണ്ട്. ചരിത്രമുണ്ട്. ഞാൻ മാത്രമാണോ ഇങ്ങനെ ഒരു സമീപനമെടുത്തിട്ടുള്ളത്. കെ. കരുണാകരൻ കോൺഗ്രസ് വിട്ടു പോയില്ലേ? കോൺഗ്രസിനെതിരായി പ്രചാരണം നടത്തിയില്ലേ. എ.കെ. ആന്റണി ഇടതുമുന്നണി ഭരണത്തിൽ പങ്കാളിയായില്ലേ? ഡൽഹിയിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തില്ലേ?’- കെ.വി. തോമസ് ചോദിച്ചു. കോൺഗ്രസ്‌ നേതൃത്വത്തിന് എന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കിക്കോട്ടെ. 2018 മുതൽ എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്’ -തോമസ് ആരോപിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താക്കീത് ചെയ്ത് കോൺഗ്രസ്… സ്വാഗതം ചെയ്ത് സിപിഎം…

നടപടിയെടുക്കുമെന്ന് കെ സി വേണുഗോപാൽ :

കോൺഗ്രസുകാരനായി തുടരുമെന്നും എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്നുമുള്ള കെ.വി.തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയാണ് എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിഹസിച്ചത്.
കെ.വി.തോമസിനെതിരെ നടപടിയെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ പ്രവർത്തിച്ചാൽ നടപടി എടുക്കാൻ കെപിസിസിക്ക് അധികാരം ഉണ്ട്. കെപിസിസി എടുക്കുന്ന നടപടി എഐസിസി അംഗീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

പ്രതികരിക്കാനില്ലെന്ന് ഉമ തോമസ്

‌കെ.വി. തോമസിന്റെ ആരോപണങ്ങളോട് നേതൃത്വം പ്രതികരിക്കുമെന്നും താൻ പ്രചാരണത്തിരക്കിലാണെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പ്രതികരണം. ഉമ തോമസ് തന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിരുന്നെങ്കിലും വന്നില്ലെന്നും ആരെങ്കിലും വിലക്കിയിട്ടുണ്ടാകുമെന്നുമായിരുന്നു കെ.വി.തോമസ് ‌പറഞ്ഞത്.

സ്വാഗതം… ജയരാജൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ കെ വി തോമസ്‌ എത്തുന്നത്‌ വളരെ സന്തോഷകരമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ . വികസന വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാട്‌ തെറ്റാണ്‌. ആ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കെ വി തോമസ്‌ എൽഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും ഇ പി പറഞ്ഞു.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കെ.വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

പ്രാധാന്യമില്ലെന്ന് സുധാകരൻ….

പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രതികരണം. കെ.വി.തോമസിനെ സസ്പെൻഡ് ചെയ്ത ശേഷമാണ് എഐസിസിക്കു റിപ്പോർട്ട് നൽകിയത്. ഇപ്പോൾ കെ.വി.തോമസ് പാർട്ടിയിൽ ഇല്ല. പുറത്താക്കാൻ മാത്രം പ്രാധാന്യമില്ല – സുധാകരന്‍ പറഞ്ഞു.

കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല. ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഎമ്മിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും സുധാകരൻ ചോദിച്ചു. കെപിസിസി നിര്‍ദേശിച്ചതനുസരിച്ച് എഐസിസി നടപടി തുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.

തൃക്കാക്കരയിൽ കല്യാണമല്ല… വി.ഡി. സതീശൻ

തൃക്കാക്കരയിൽ യുഡിഎഫ് കൺവെൻഷന് വിളിച്ചിട്ടില്ലെന്ന കെ.വി.തോമസിന്റെ ആരോപണത്തിന് പരിഹാസ രൂപേണയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി പറഞ്ഞത്. പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണമല്ല നടക്കുന്നതെന്നാണ് വി.ഡി സതീശൻ പറഞ്ഞത്.
സ്ഥാനാർഥിത്വം ലഭിച്ച ഉടൻ ഉമ തോമസ് തന്നെ വിളിച്ചത് കല്യാണമായിട്ടല്ല എന്ന് കെ വി തോമസ് മറുപടി പറഞ്ഞു. തന്നെ കാണാൻ പോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഉമ തോമസ് പിന്നീട് നിലപാട് മാറ്റുകയാണ് ചെയ്തതെന്നും കെ.വി തോമസ് പ്രതികരിച്ചു.

Spread the love
English Summary: KV thomas congress issue intensifies

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick