Categories
kerala

വിജയ് ബാബു വിഷയത്തെ ചൊല്ലി അമ്മയിൽ തർക്കം : മാലാ പാർവതി ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെച്ചു

പീഡന പരാതിയിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് നടി മാലാ പാർവതി രാജി വെച്ചു. മാലാ പാർവതിക്ക്‌ പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നു. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു.

എന്നാൽ, മാറി നിൽക്കുന്നു എന്ന വിജയ് ബാബുവിന്റെ കത്ത് അമ്മ സ്വീകരിക്കുകയായിരുന്നു. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍, നിരപരാധിത്വം തെളിയുന്നത് വരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നു എന്നാണ് വിജയ് ബാബു എക്‌സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് കത്ത് അയച്ചത്. ഇത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു’ എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചത്.
ഇതിൽ പ്രതിഷേധിച്ചാണ് മാലാ പാർവതി രാജിവെച്ചത്. വിജയ് ബാബുവിനെ പുറത്താക്കാന്‍ നേരത്തെ തന്നെ ശുപാര്‍ശ ചെയ്തിരുന്നു എന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി അറിയിച്ചത്.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന ഐ സി സി യോഗത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. വിജയ് ബാബുവിനെ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യമാണ് ഐ സി സി മുന്നോട്ട് വെച്ചത്.

thepoliticaleditor

നടപടി നിർദേശിക്കാൻ അധികാരമില്ലെങ്കിൽ ഇന്റേണൽ കമ്മിറ്റി എന്തിനാണെന്നും അമ്മയിൽ ഐസിസി സജീവമാകുന്നതിനെ ചിലർ ഭയപ്പെടുന്നുവെന്നും തീരുമാനം ആട്ടിമറിക്കപ്പെട്ടുവെന്നും മാലാ പാർവതി പറഞ്ഞു.
ഏപ്രിൽ 27 ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് ആട്ടിമറിച്ചത്. തനിക്ക്‌ ഐസി കമ്മറ്റിയിൽ ഇരിക്കാൻ സാധിക്കില്ലെന്നും ഐസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളിലും വെള്ളം ചേർക്കപ്പെടുന്നുവെന്നും മാലാ പാർവതി പറഞ്ഞു.

യോഗത്തിന് തൊട്ട് മുൻപാണ് കത്ത് വന്നത്. പുറത്താക്കിയെന്ന നാണക്കേടിൽ നിന്ന് വിജയബാബുവിനെ രക്ഷിക്കാനാണ് ശ്രമം നടന്നത്. അധികാരമില്ലാത്ത പദവിയിൽ തുടരേണ്ടതില്ലെന്ന് നടി ശ്വേത മേനോനും പ്രതികരിച്ചു.

ശ്വേതാ മേനോനാണ് ഐ സി സിയുടെ ചെയര്‍പേഴ്‌സണ്‍. മാലാ പാര്‍വതിയെ കൂടാതെ കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ഐ സി സി അംഗങ്ങള്‍. ശ്വേത മോനാനും കുക്കു പരമേശ്വരനും മാലാ പാര്‍വതിയും വിജയ് ബാബുവിനെ പുറത്താക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും വിജയ് ബാബുവിനെ പുറത്താക്കണം എന്ന നിലപാടിലായിരുന്നു.

മണിയൻപിള്ള രാജുവിന്റെ പ്രതികരണം

ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ‘അമ്മ’യിൽ രണ്ട് പക്ഷമില്ലെന്ന് നടൻ മണിയൻ പിള്ള രാജു.വിജയ് ബാബു പുറത്ത് പോകാമെന്ന് അറിയിച്ചതാണ്.പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്ന് നടൻ പറഞ്ഞു. ഒരാൾ കുറ്റം ചെയ്തെന്ന് കരുതി അയാളെ ഉടൻ സംഘടനയിൽ നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. അയാളുടെ വിശദീകരണം കേൾക്കണം. മൂന്ന് ഹിയറിങ്ങുകൾക്ക് വരണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ നടപടിയെടുക്കാൻ കഴിയൂ. തങ്ങൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകരോട് ചോദിച്ച ശേഷമാണ് തീരുമാനമെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. മാലാ പാർവതി ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ചു.അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ.സമിതിയിലെ ബാക്കി അംഗങ്ങൾ അമ്മയ്‌‌ക്കൊപ്പമാണെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി

Spread the love
English Summary: conflict in AMMA meeting on vijay babu issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick