Categories
latest news

മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ പാക്കിസ്ഥാനില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ശ്രീലങ്കന്‍ പൗരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. 40 വയസ്സുള്ള പ്രിയന്ത കുമാരയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ചയാണ് സംഭവം. സംഭവം നടന്ന സ്ഥലത്തുനിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സിയാല്‍കോട്ട് ജില്ലയിലെ ഒരു ഫാക്ടറിയുടെ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയന്ത കുമാര. ഇയാളുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുമരില്‍ തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാന്‍ (ടിഎല്‍പി) എന്ന ഇസ്ലാമിക പാര്‍ട്ടിയുടെ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത കടുത്ത നിലപാടുള്ള ആ പോസ്റ്ററുകള്‍ കുമര നീക്കം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

‘മതനിന്ദ’ സംഭവത്തില്‍ രോഷാകുലരായ ടിഎല്‍പിയുടെ പ്രവര്‍ത്തകരും അനുഭാവികളുമായ നൂറുകണക്കിന് ആളുകള്‍ ഫാക്ടറിക്ക് പുറത്ത് സമീപ പ്രദേശങ്ങളില്‍ നിന്ന് ഒത്തുകൂടാന്‍ തുടങ്ങി. ആള്‍ക്കൂട്ടം ഈ ശ്രീലങ്കന്‍ പൗരനെ ഫാക്ടറിയില്‍ നിന്ന് വലിച്ചിഴച്ച് കഠിനമായി പീഡിപ്പിച്ചു. അക്രമത്തില്‍ ശരീരമാസകലം മുറിവേറ്റ ഇയാളെ പോലീസ് അവിടെ എത്തുന്നതിന് മുമ്പ് ജനക്കൂട്ടം കത്തിച്ചുവെന്നാണ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.

thepoliticaleditor
ശ്രീലങ്കന്‍ പൗരന്റെ മൃതദേഹം കത്തുന്ന സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്

ശ്രീലങ്കന്‍ പൗരന്റെ മൃതദേഹം കത്തിയമര്‍ന്ന സ്ഥലത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അവര്‍ ടിഎല്‍പിയുടെ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ശ്രീലങ്കന്‍ പൗരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ ഇത് വളരെ ദാരുണമായ സംഭവമാണെന്ന് വിശേഷിപ്പിക്കുകയും വിഷയം അന്വേഷിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍സ്പെക്ടര്‍ ജനറലിന് ഉത്തരവിടുകയും ചെയ്തു. ”സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം-മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഫാക്ടറികളെല്ലാം അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പാകിസ്ഥാനില്‍ വധശിക്ഷ ഉള്‍പ്പെടെ വളരെ കര്‍ശനമായ നിയമങ്ങളുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് വ്യക്തിപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവ പലപ്പോഴും ഉപയോഗിക്കാറുണ്ട്. മതനിന്ദ ആരോപിച്ച് നിരവധി പേര്‍ അടുത്ത കാലത്തായി പാക്കിസ്ഥാനില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്.മതനിന്ദയുടെ ആരോപണങ്ങള്‍ ക്രിസ്ത്യാനികളെപ്പോലുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമത്തിനും കാരണമായി. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും മതനിന്ദാ നിയമം പാകിസ്ഥാന്‍ ഉപയോഗിച്ചതായി യുഎസ് സര്‍ക്കാര്‍ ഉപദേശക സമിതി റിപ്പോര്‍ട്ട് പറയുന്നു.

Spread the love
English Summary: Sri Lankan factory worker tortured to death over blasphemy, body burnt in pakistan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick