Categories
latest news

നളിനി ശ്രീഹരന്‌ ഒരു മാസത്തേക്ക്‌ പരോള്‍…രോഗിയായ അമ്മയ്‌ക്കൊപ്പം കഴിയാന്‍

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസത്തേക്ക്പരോള്‍ നല്‍കി.

താന്‍ വിവിധ രോഗങ്ങളാല്‍ വലയുകയാണെന്നും മകള്‍ കുറച്ചു കാലം തനിക്കൊപ്പം വേണമെന്നും ആവശ്യപ്പെട്ട് നളിനിയുടെ അമ്മ പദ്‌മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഈ നടപടി.

thepoliticaleditor

ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് പരോള്‍ നല്‍കിയ കാര്യം മദ്രാസ് ഹൈക്കോടതിയില്‍ സർക്കാർ അറിയിച്ചത്.

വെല്ലൂരിലെ സ്ത്രീകളുടെ പ്രത്യേക ജയിലിലാണ് നളിനി ഇപ്പോൾ ഉള്ളത്. വെല്ലൂരിലെ സദുവാച്ചേരിയിലുള്ള വീട്ടിലായിരിക്കും നളിനി കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കുക.

നേരത്തെ 2019-ലും നളിനിക്ക്‌ ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. പിന്നീട്‌ അത്‌ മദ്രാസ്‌ ഹൈക്കോടതിയുടെ ഇടപെടലിലൂടെ 20 ദിവസത്തേക്ക്‌ നീട്ടി നല്‍കി.

51 ദിവസത്തെ പരോള്‍ കാലത്ത്‌ നളിനി വെല്ലുൂര്‍ സദുവാച്ചേരിയിലെ വീട്ടില്‍ അമ്മ പദ്‌മ, സഹോദരി കല്യാണി, സഹോദരന്‍ ബാക്യനാതന്‍ എന്നിവര്‍ക്കൊപ്പമാണ്‌ കഴിഞ്ഞത്‌. ആദ്യമായിട്ടായിരുന്നു നളിനിക്ക്‌ അന്ന്‌ 51 ദിവസത്തെ പരോള്‍ അനുവദിക്കപ്പെട്ടത്‌.

രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട 1991 മെയ്‌ 21 നുശേഷം രണ്ടാഴ്‌ച കഴിഞ്ഞ്‌ ഭര്‍ത്താവ്‌, ശ്രീലങ്കന്‍ സ്വദേശിയായ ശ്രീഹരനൊപ്പം ജയിലിലടയ്‌ക്കപ്പെട്ട നളിനി അന്നു മുതല്‍ ജയില്‍ മോചിതയായിട്ടില്ല.


2018-ല്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നളിനി ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും ഗവര്‍ണര്‍ അതിന്‌ തടസ്സമായി നില്‍ക്കുകയും ഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ വിടുകയും ചെയ്‌തു.

കേസില്‍ മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.

കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനും ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

മുപ്പത് വര്‍ഷത്തോളമായി താന്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലില്‍ നിന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Spread the love
English Summary: Nalini gets one month parole

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick