Categories
kerala

“കുറുപ്പി”ന്റെ ദുരൂഹതയിലേക്ക്‌ ആദ്യം വെളിച്ചം വീശിയ ആള്‍ ഇവിടെത്തന്നെയുണ്ട്‌…

കൊവിഡിനെ മാറ്റിവെച്ച്‌ സിനിമാ തിയേറ്ററുകളില്‍ “കുറുപ്പ”്‌ തകര്‍ത്തോടുമ്പോള്‍ മലയാളിയുടെ എക്കാലത്തെയും ദുരൂഹമായ ക്രൈം സ്‌റ്റോറികളിലൊന്നായ സുകുമാരക്കുറുപ്പിന്റെ കഥയിലേക്ക്‌ വലിയൊരു താക്കോല്‍ നല്‍കിയ പൊലീസുദ്യോഗസ്ഥന്‍ കൊല്ലത്ത്‌ ഇപ്പോഴും ആ കാലത്തെ കഥയുടെ നേര്‍സാക്ഷ്യമായി ഉണ്ട്‌. അന്ന്‌ ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി. ആയിരുന്ന പി.എം.ഹരിദാസ്‌. ഹരിദാസ്‌ നല്‍കിയ സൂചനകളില്‍ നിന്നാണ്‌ ലോകം സുകുമാരക്കുറുപ്പെന്ന കുറ്റവാളി ആള്‍മാറാട്ടക്കൊലപാതകം നടത്തിയ പ്ലോട്ടിന്റെ കഥയിലേക്ക്‌ സഞ്ചരിക്കാന്‍ തുടങ്ങുന്നത്‌. സുകുമാരക്കുറുപ്പ്‌ ആസൂത്രണം ചെയ്‌തതു പോലെ കാര്യങ്ങള്‍ പുരോഗമിക്കാതിരുന്നതിനു പിറകില്‍ ഈ പോലീസുദ്യോഗസ്ഥന്‍ നല്‍കിയ സംശയമുനകളായിരുന്നു.

റിട്ട.ഡി.വൈ.എസ്‌.പി. പി.എം.ഹരിദാസ്‌

1984 ജനുവരി 22-ന് പുലര്‍ച്ചെ കൊല്ലകടവ് പാലത്തിനുസമീപം കുന്നം എന്ന സ്ഥലത്താണ് വയലില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ട കാറിന്റെ ഡ്രൈവിങ് സീറ്റില്‍ തിരിച്ചറിയാനാകാത്തവിധം മൃതദേഹം കണ്ടത്. വിവരമറിഞ്ഞ അദ്ദേഹം പുലര്‍ച്ചെ അഞ്ചുമണിയോടെ സ്ഥലത്തെത്തി. ഇതിനിടെ കാറിന്റെ ഉടമയും ചെറിയനാട്ടുകാരനും പ്രവാസിയുമായ സുകുമാരക്കുറുപ്പാണ് മരിച്ചതെന്ന് വാര്‍ത്ത പരന്നു. പോലീസും അത്തരമൊരു നിഗമനത്തിലായിരുന്നു. പക്ഷെ ഹരിദാസ് ഇത് അംശയിച്ചു. മരിച്ചത്‌ കുറുപ്പാണെന്ന്‌ ഉറപ്പിക്കാന്‍ ഹരിദാസ്‌ തയ്യാറായില്ല. ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹം ആ സംശയത്തിന്‌ പഴുതിട്ടാണ്‌ രേഖപ്പെടുത്തിയത്‌. സുകുമാരക്കുറുപ്പെന്ന്‌ പറയുന്ന ആള്‍ എന്നുമാത്രം രേഖപ്പെടുത്തി. അത്‌ കേസില്‍ വഴിത്തിരിവായി. സുകുമാരക്കുറുപ്പാണ്‌ മരിച്ചത്‌ എന്ന നിഗമനത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ പൊലീസ്‌ മേധാവികള്‍ക്കും ജില്ലാഭരണകൂടത്തിനും പ്രേരണ നല്‍കുന്ന സംശയമാണ്‌ ഹരിദാസ്‌ ഉയര്‍ത്തിയത്‌. ഫുള്‍ക്കൈ ഷര്‍ട്ട് ധരിച്ച് പോലീസ് സ്റ്റേഷനില്‍ വന്ന കുറുപ്പിന്റെ ബന്ധു ഭാസ്‌കരപിള്ളയുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നി അയാളുടെ ശരീരത്തിലെ പൊള്ളലുകള്‍ കണ്ടെത്തിയതും ഹരിദാസായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം കാറില്‍ കൊണ്ടുെവച്ച് കത്തിച്ചതാണെന്നും മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നാണെന്നുമെല്ലാം പിന്നീട് വിദഗ്ധപരിശോധനയില്‍ തെളിഞ്ഞു. പക്ഷെ അപ്പോഴും ചാക്കോ ചിത്രത്തിൽ തെളിഞ്ഞില്ല. ഈ സമയത്താണ് കുറുപ്പിന്റെ അകന്ന ബന്ധുവായിരുന്ന ഒരാളുടെ നിര്‍ണായകമായ ഫോണ്‍കോള്‍ അദ്ദേഹത്തെ തേടിയെത്തിയത്. മരിച്ചത് കുറുപ്പല്ലെന്നും മറ്റൊരാളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ലഭിച്ച വിവരങ്ങളുപയോഗിച്ചുള്ള തുടരന്വേഷണങ്ങളാണ് ചാക്കോയിലേക്കെത്തുന്നത്. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ കുറുപ്പിന്റെ കൊലപാതകക്കുറ്റം ഏറ്റെടുത്ത്‌ അകന്ന ബന്ധു ഭാസ്‌കരപിള്ളയില്‍ മാത്രം ഒതുങ്ങിയേനെ, യഥാര്‍ഥ സുകുമാരക്കുറുപ്പ്‌ തനിക്ക്‌ കിട്ടുമായിരുന്ന വലിയ ഇന്‍ഷുറന്‍സ്‌ തുകയും വസൂലാക്കി ഈ ലോകത്ത്‌ സ്വതന്ത്രനായി പകല്‍വെളിച്ചത്തിലും കഴിഞ്ഞേനെ. ഇപ്പോള്‍ എണ്‍പത്തിരണ്ടുകാരനായ ഹരിദാസ്‌ കൊല്ലം പാല്‍ക്കുളങ്ങരയിലാണ്‌ താമസിക്കുന്നത്‌. കുറുപ്പിന്റെ കഥയും കേസന്വേഷണവുമെല്ലാം വീണ്ടും കേരളത്തില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ ഹരിദാസ്‌ പഴയതെല്ലാം ഓര്‍ക്കുന്നു…സിനിമ കാണാനുള്ള കൗതുകം മനസ്സില്‍ നിറച്ചുകൊണ്ട്‌.

thepoliticaleditor
Spread the love
English Summary: memmoir of the first investigative officer ofsukumara kurup case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick