Categories
kerala

ഇത്രയും എളിമയോടെ ജീവിക്കുന്ന ഒരാൾ …ഞങ്ങളുടെ മാഷ്

95 വയസ്സിന്റെ നിറവില്‍ നടന്നു നീങ്ങുന്ന
പ്രിയപ്പെട്ട നിരൂപകന്‍ പ്രൊഫ.എം.കെ.സാനുവിനെ ഓര്‍ക്കുകയാണ് പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ സൊലസ്-ന്റെ സാരഥി ഷീബ അമീര്‍

Spread the love

സാനുമാഷിന്റെ സ്‌നേഹവാല്‍സല്യം ഒരുപാട് അനുഭവിക്കുന്ന ഒരാളാണ്‌ ഞാന്‍. എന്തുകൊണ്ടാണ്‌ ആ സ്നേഹത്തിന് പാത്രമാകാന്‍ എനിക്ക് കഴിയുന്നത്‌ എന്ന്‌ പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.. സാനുമാഷിന്റെ ആത്മസുഹൃത്തിന്റെ മകളായതു കൊണ്ടു മാത്രമാണോ അത്..
സത്യത്തിൽ അതു കൊണ്ട് മാത്രമല്ല എന്ന് മാഷ്‌ എപ്പോഴും പറയാറുണ്ട്‌.. “ഷീബയ്‌ക്ക്‌ ഒരു വീക്ഷണവും ദര്‍ശനവും ഉണ്ട്.. അത്‌ എന്റെ വീക്ഷണത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്‌ ” എന്ന്‌ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ടാണ് മാഷത് പറയാറുള്ളത്‌.
മനുഷ്യന്റെ അടിസ്ഥാനപരമായ സത്യം ദു:ഖമാണ്‌ എന്ന്‌ സാനു മാഷ്‌ എപ്പോഴും പറയാറുണ്ട്. ദു:ഖത്തിന്‌ പരിഹാരമുണ്ടാക്കാന്‍ യത്‌നിക്കുന്ന ഒരാളാണ്‌ എന്നതാണ്‌ എന്നില്‍ മാഷ്‌ കാണുന്ന ദര്‍ശനപരമായ ഐക്യം.
എനിക്കാകട്ടെ അദ്ദേഹം വഴികാട്ടിയും പിതൃതുല്യനുമാണ്‌. നമ്മള്‍ ചുററുപാടും കണ്ണോടിക്കുമ്പോള്‍ എഴുത്തുകാരില്‍ ഇത്രയും എളിമയോടെ ജീവിക്കുന്ന ഒരാളെ, സാനുമാഷിനെ കഴിഞ്ഞേ കണ്ടെത്താന്‍ കഴിയൂ.. ഒരു ആര്‍ഭാടവുമില്ലാതെ സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍. അതേസമയം, ഇന്ന്‌ കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്നു തന്നെ നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍. എല്ലാ സമരങ്ങളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങളിലും മുന്നില്‍ നില്‍ക്കാന്‍ മാഷ്‌ എന്തുകൊണ്ടാവും മനസ്സു കാണിക്കുന്നത്‌. കാറ്റും മഴയും വെയിലും വകവെക്കാതെ ഈ 94-ാം വയസ്സിലും എല്ലാ സമരങ്ങളുടെയും മുന്നിൽ അദ്ദേഹമുണ്ട്,..എല്ലാ പ്രശ്‌നങ്ങളുടെയും പോര്‍മുഖത്തുണ്ട്‌. ആതുരശുശ്രൂഷയുടെ ആര്‍ദ്രമായ യത്‌നങ്ങളില്‍ പോലും അദ്ദേഹം മുന്നിലുണ്ട്‌. സ്വന്തം സൗകര്യാസൗകര്യങ്ങള്‍ ഒട്ടുമേ നോക്കാതെ, സ്‌നേഹത്തോടെ ആരു വിളിച്ചാലും ഈ നാടു മുഴുവന്‍ നടന്നു തീര്‍ക്കാന്‍ മടിയില്ലാത്ത, ലാളിത്യത്തിന്റെ ആള്‍രൂപമായ മനുഷ്യന്‍.

ഞങ്ങളുടെ ജീവകാരുണ്യപ്രസ്ഥാനമായ സൊലസിന്റെയും രക്ഷകര്‍ത്താക്കളില്‍ പ്രമുഖനാണ്‌ മാഷ്‌. അദ്ദേഹം നമുക്ക്‌ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശവും ആത്മവിശ്വാസവും ഞങ്ങളുടെ ഏറ്റവും വലിയ കരുത്താണ്‌. ഞങ്ങളുടെ കാലിടറാതെ, പതറാതെ മുന്നോട്ടു പോകാന്‍ സാനുമാഷ്‌ പകരുന്ന ഊര്‍ജ്ജം അനുപമം എന്നേ പറയാനുള്ളൂ. മാഷുടെ ആര്‍ദ്രമായ സ്‌നേഹം സൊലസിന്റെ ജീവബിന്ദുക്കളിലൊന്നാണെന്ന്‌ നിസ്സംശയം എനിക്ക്‌ പറയാനാകും.
ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം മനുഷ്യനാവുക എന്നതാണെന്ന് ഉറച്ച് വിശ്വസിക്കുന്നു അദ്ദേഹം..
മനുഷ്യനാകുക എന്നാൽ സഹജീവികളോടു തോന്നുന്ന നിസ്സീമമായ സ്നേഹവും അനുകമ്പയും അതിൽ താൻ
അനുഭവിക്കുന്ന വേദനയുമാണെന്ന് പറയുന്നു.. ആ ചിന്താധാരയിൽ വിശ്വസിക്കുന്നവർ മാനവീകതയിലൂന്നിയ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുക തന്നെ ചെയ്യും..അതിന്റെ ജീവനുള്ള ദൃഷ്ടാന്തമാണ് സാനു മാഷിന്റെ ജീവിതം.
അദ്ദേഹവുമായുള്ള എൻ്റെ ബന്ധത്തിന് രണ്ട് തലമുറയുടെ ദൈർഘ്യമുണ്ട് ,ദൃഢതയുണ്ട്..
ഇന്ന്‌ ഞാന്‍ സാനുമാഷെ കാണാന്‍ പോയി. അത്‌ അത്രമേല്‍ സാനുമാഷിനും ഇഷ്ടമാണ്‌ എന്നെനിക്കറിയാം… ഇന്ന്‌ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, ഈ മഹാമാരിക്കാലത്ത്‌ പരമാവധി ഇടപഴകല്‍ ഉപേക്ഷിക്കാനുള്ള തോന്നലിനിടയിലും ഞാന്‍ മാഷെ കാണാന്‍ പോയതില്‍ എനിക്കു എന്നെത്തന്നെ തടയാന്‍ കഴിയാതിരുന്ന ചില അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്‌ സത്യം. പരമാവധി കരുതലെടുത്ത്‌ , ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലും കുഴപ്പമില്ലന്നുറപ്പിച്ച ശേഷമായിരുന്നു എന്റെ യാത്ര…. ആ തണല്‍ക്കുളിര്‍മയില്‍ അലിയാന്‍ ആരാണാഗ്രഹിക്കാത്തത്‌. ആ വാല്‍സല്യത്തലോടലേല്‍ക്കാന്‍ ആരാണ്‌ ഒരു വേള കൊതിക്കാത്തത്‌.

thepoliticaleditor
Spread the love
English Summary: m k sanu mash the most simple and humble human model of life

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick