Categories
kerala

ഡി.വൈ.എഫ്‌.ഐ. ദേശീയ നേതാവും സംസ്ഥാന നേതാവും തമ്മില്‍ ശീതസമരമോ ?

ഡി.വൈ.എഫ്‌.ഐ. ദേശീയ പ്രസിഡണ്ടും കേരളത്തിലെ മന്ത്രിയുമായ പി.എ.മുഹമ്മദ്‌ റിയാസും സംഘടനയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും തലശ്ശേരി എം.എല്‍.എ.യുമായ എം.എന്‍.ഷംസീറും തമ്മിലുള്ള ശീതസമരം സി.പി.എമ്മിലും പാര്‍ലമെന്ററി പാര്‍ടിയിലും പുതിയ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു.

പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയായ റിയാസ്‌ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഒക്ടോബര്‍ ഏഴിന്‌ വയനാട്‌ എം.എല്‍.എ. ഐ.സി.ബാലകൃഷ്‌ണന്‌ നല്‍കിയ മറുപടിയിലെ പരാമര്‍ശത്തിലായിരുന്നു തുടക്കം. കരാറുകാരെയും കൂട്ടി എം.എല്‍.എ.മാര്‍ മന്ത്രിയെ കാണാന്‍ വരുന്നത്‌ അവസാനിപ്പിക്കണം എന്നായിരുന്നു റിയാസ്‌ നിയമസഭയില്‍ ഔദ്യോഗികമായും കര്‍ക്കശമായും പറഞ്ഞത്‌.

thepoliticaleditor

ബാലകൃഷ്‌ണനുള്ള മറുപടി മാത്രമല്ല അതെന്ന്‌ അന്നേ ചിലര്‍ക്ക്‌ തോന്നിയിരുന്നു. അത്‌ സത്യമായി. ചെന്നു കൊള്ളേണ്ടിടത്ത്‌ കൊണ്ടു. പ്രതികരണവും വന്നു. തലശ്ശേരി എം.എല്‍.എ. എ.എന്‍ ഷംസീര്‍ സി.പി.എം നിയമസഭാകക്ഷി യോഗത്തില്‍ റിയാസിന്റെറ പ്രതികരണത്തിനെതിരെ ഒളിയമ്പെയ്‌തു വിമര്‍ശിച്ചതോടെയാണ്‌ വിവാദം പടര്‍ന്നത്‌. പുറത്തു ചര്‍ച്ചയായതോടെ റിയാസ്‌ വീണ്ടും പ്രതികരണവുമായി എത്തി. തന്നെ ആരും വിമര്‍ശിച്ചില്ലെന്നും എന്നാല്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും റിയാസ്‌ ഇന്നലെ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. തുടര്‍ന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും റിയാസിന്‌ പിന്തുണയുമായെത്തി. അതായത്‌ പാര്‍ടിയുടെ പിന്തുണ റിയാസിന്‌ നല്‍കാന്‍ തീരുമാനിച്ചതിന്റെ പ്രതികരണം.

എന്നാല്‍ ചെറിയ ഭേദഗതിയോടെയാണ്‌ റിയാസ്‌ പ്രതികരിച്ചത്‌. സ്വന്തം മണ്ഡലത്തിലെ കരാറുകാരുമായി വരാമെന്നും മറ്റ്‌ മണ്ഡലങ്ങളിലെ കരാറുകാരെയും കൂട്ടി വരരുത്‌ എന്നാണ്‌ പറഞ്ഞത്‌ എന്നും റിയാസ്‌ വിശദീകരിച്ചത്‌ പ്രശ്‌നം ഭിന്നതയിലേക്കു നീങ്ങുന്നു എന്ന തിരിച്ചറിവിലായിരിക്കണം.
പ്രതിപക്ഷമാകട്ടെ എം.എല്‍.എ.മാരുടെ അവകാശത്തിന്‍മേലാണ്‌ റിയാസ്‌ കൈവെച്ചത്‌ എന്ന നിലയില്‍ അവകാശലംഘന വിഷയമായി പ്രശ്‌നം ഉന്നയിക്കുമെന്നും പ്രഖ്യാപിച്ചിരിക്കയാണ്‌. എം.എല്‍.എ.മാര്‍ക്ക്‌ പല വിഷയത്തിലും പലരെയും കൂട്ടി മന്ത്രിമാരെ കാണേണ്ടി വരും. ആരെ ഒപ്പം കൂട്ടണം എന്ന്‌ മന്ത്രിയല്ല തീരുമാനിക്കേണ്ടത്‌. ഇതാണ്‌ പ്രതിപക്ഷവാദം.

പാര്‍ടിയിലെ യുവ നേതൃനിരയില്‍ ഉണ്ടായിട്ടുള്ള പരിഗണനാപ്രശ്‌നങ്ങളാണ്‌ ഷംസീറിന്റെ റിയാസ്‌ വിമര്‍ശനത്തിലുള്ളത്‌. ഇരുവരും പിണറായി വിജയന്റെ വിശ്വസ്‌തര്‍ ആയാണ്‌ പാര്‍ടിയില്‍ കരുതപ്പെടുന്നത്‌. റിയാസിനെ ഉയര്‍ത്തിക്കൊണ്ടു വന്നത്‌ പിണറായി നേരിട്ടാണെങ്കില്‍ ഷംസീറിന്റെ ഗോഡ്‌ ഫാദര്‍ കോടിയേരി ബാലകൃഷ്‌ണന്‍ ആണ്‌. ചാനല്‍ ചര്‍ച്ചകളില്‍ ഇരുവരും ഒരു കാലത്ത്‌ പിണറായിയുടെ വക്താക്കള്‍ തന്നെയായിരുന്നു. ഷംസീര്‍ തലശ്ശേരി എം.എല്‍.എ.യായി രണ്ടാം തവണയാണ്‌. രണ്ടാം തവണ തലശ്ശേരിയിലെ പല രാഷ്ട്രീയ അടിയൊഴുക്കുകളെയും തട്ടിമാറ്റി ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്‌തു. ഡി.വൈ.എഫ്‌.ഐ.നിരയില്‍ നിന്നും സ്വരാജ്‌ ജയിച്ചില്ല, പിന്നെ പ്രധാന നേതാക്കളില്‍ നിയമസഭയിലെത്തിയത്‌ ഷംസീറും റിയാസുമായിരുന്നു. ഇരുവരും പാര്‍ടിയിലെ ന്യൂനപക്ഷസമുദായ പ്രാതിനിധ്യത്തിന്റെ മുഖങ്ങളുമായിരുന്നു. കഴിഞ്ഞ തവണ മന്ത്രിസഭയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നു തന്നെ മൂന്നു മന്ത്രിമാരുണ്ടായിരുന്നു. ഇത്തവണ മുഖ്യമന്ത്രിയെ കൂടാതെ രണ്ടു പേര്‍ ഉണ്ടാവുമെന്നുള്ള കണക്കുകൂട്ടല്‍ ഉണ്ടായിരുന്നെങ്കിലും ഷംസീറിനു നറുക്കു വീണില്ല.

ഇത്തവണ യുവനിരയില്‍ മന്ത്രിസ്ഥാനം കിട്ടുമെന്ന നിലയില്‍ വാര്‍ത്തയില്‍ വന്ന പേരായിരുന്നു ഷംസീറിന്റെത്‌. എന്നാല്‍ ആദ്യ തവണ നിയമസഭയിലെത്തിയ റിയാസിന്‌ മന്ത്രിപദവി നല്‍കാനാണ്‌ പിണറായിയും പാര്‍ടിയും തീരുമാനിച്ചത്‌. ഇതോടെ പൊതുവെ വാചാലനായി കാണപ്പെടാറുള്ള ഷംസീര്‍ നിശ്ശബ്ദനായിത്തീര്‍ന്നു എന്നാണ്‌ അദ്ദേഹത്തെ നിരീക്ഷിക്കുന്നവര്‍ പറയുന്നത്‌. എന്തായാലും ഷംസീര്‍ താന്‍ സി.പി.എം.പാര്‍ലമെന്ററി പാര്‍ടിയില്‍ വിമര്‍ശനം നടത്തിയെന്ന വാര്‍ത്ത നിഷേധിക്കാതിരുന്നത്‌ ശ്രദ്ധേയമാണ്‌.

ഉറപ്പായ ഒരു കാര്യം മുഹമ്മദ്‌ റിയാസിന്റെ പ്രതികരണം പിണറായി വിജയനെ ബോധ്യപ്പെടുത്തിത്തന്നെയാണ്‌ എന്നതാണ്‌. എ.വിജയരാഘവന്‍ റിയാസിനെ പിന്തുണച്ച്‌ രംഗത്തുവന്നതിലെ സൂചനയും മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ്‌ റിയാസ്‌ പ്രതികരിച്ചത്‌ എന്നതാണ്‌. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പൊതുവെ ചാടിക്കയറി കാര്യങ്ങളില്‍ പ്രതികരിക്കുന്ന രീതി പിണറായിക്ക്‌ ഇല്ല. എന്നാല്‍ ശക്തമായി നിയന്ത്രിച്ചു കൊണ്ട്‌ മുന്നോട്ടു പോകുന്നതിന്റെ സൂചനകള്‍ പ്രകടമാകുകയും ചെയ്യാറുണ്ട്‌.

Spread the love
English Summary: cold war between parlamentary party collegues in cpm rocks speculations

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick