Categories
kerala

പ്രശസ്‌ത നടന്‍ ദിലീപ്‌കുമാര്‍ അന്തരിച്ചു

ലോകപ്രശസ്‌ത ബോളിവുഡ്‌ നടന്‍ ദിലീപ്‌കുമാര്‍ ഇന്ന്‌ രാവിലെ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. നിരന്തരം ആശുപത്രി വാസത്തിലായിരുന്ന മഹാനടനെ ജൂണ്‍ 30-നായിരുന്നു ഏറ്റവും ഒടുവില്‍ അഡ്‌മിറ്റ്‌ ചെയ്‌തത്‌. ആരോഗ്യനില തൃപ്‌തികരമെന്ന്‌ ഭാര്യയും നടിയുമായ സൈര ബാനു അറിയിച്ചിരുന്നെങ്കിലും പെട്ടെന്ന്‌ നില വഷളാവുകയായിരുന്നു.

ബോളിവുഡ്‌ ഇതിഹാസ നായകനായ ദിലീപ്‌കുമാറിന്റെ യഥാര്‍ഥ പേര്‌ മുഹമ്മദ്‌ യൂസഫ്‌ ഖാന്‍ എന്നാണ്‌. 1922 ഡിസംബര്‍ 11-ന്‌ ജനിച്ച ദിലീപ്‌ കുമാര്‍ പിന്നീട്‌ ഹിന്ദിസിനിമയുടെ ഖ്യാതി ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. ഏറ്റവുമധികം അവാര്‍ഡുകള്‍ നേടിയ നടന്‍ എന്ന നേട്ടത്തിന്‌ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ്‌ ദിലീപ്‌കുമാര്‍. 1950കള്‍ മുതല്‍ രണ്ടു പതിറ്റാണ്ടുകാലം ഹിന്ദി സിനിമയിലെ കിരീടം വെക്കാത്ത രാജകുമാരനായി ദിലീപ്‌കുമാര്‍ വിലസി. രാജ്യം 1991-ല്‍ പദ്‌മഭൂഷണും 2015-ല്‍ പദ്‌മ വിഭൂഷണും നല്‍കി ദിലീപ്‌കുമാറിനെ ആദരിച്ചു.

thepoliticaleditor

1944-ലാണ്‌ ദിലീപ്‌ കുമാറിന്റെ ആദ്യ ചിത്രം ജ്വാര്‍ ബതാ പുറത്തിറങ്ങിയത്‌. 1949-പുറത്തിറങ്ങിയ അന്താസ്‌ തുടങ്ങി പിന്നീട്‌ 1998-ല്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ ക്വില വരെ നീണ്ടുകിടക്കുന്ന ദീര്‍ഘമായ അഭിനയ ചരിത്രത്തിന്റെ ഉടമയായിരുന്നു. ദേവദാസ്‌, ആസാദ്‌, മുഗള്‍-എ-ആസാം, ഗംഗ ജമുന, രാം ഔര്‍ ശ്യാം, ക്രാന്തി, ശക്തി, മശായ്‌, കര്‍മ, സൗദാഗര്‍ തുടങ്ങിയവ ദിലീപിന്റെ ഉജ്ജ്വലമായ സിനിമകളത്രേ.

ഇന്നത്തെ പാകിസ്‌താനിലെ പെഷവാറിലായിരുന്നു ദിലീപ്‌കുമാറിന്റെ ജനനം. അയേഷ ബീഗം-ലാല ഗുലാം സര്‍വാര്‍ ഖാന്‍ ദമ്പതിമാരുടെ 12 മക്കളില്‍ ഒരാള്‍. പിതാവ്‌ ജന്‍മിയും പഴം ബിസിനസ്സുകാരനുമായിരുന്നു. പിതാവിന്‌ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ പാകിസ്‌താനില്‍ മാത്രമല്ല, നാസിക്കിലും ഭൂമിയുണ്ടായിരുന്നു. 1940-ന്റെ അന്ത്യപാദത്തില്‍ ദിലീപ്‌കുമാര്‍ നാട്‌ വിട്ട്‌ പൂനെയിലെത്തി. അവിടെ ഒരു ആംഗ്ലോ ഇന്ത്യനായ കാന്റീന്‍ കരാറുകാരനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ കീഴില്‍ ഒരു ജോലി തരപ്പെടുത്തുകയും ചെയ്‌തു. കുടുംബ പാരമ്പര്യത്തില്‍ നിന്നുള്ള മാറി നടക്കലിന്റെ തുടക്കമായിരുന്നു അത്‌. പിന്നീട്‌ സ്വന്തമായി സാന്‍ഡ്‌ വിച്ച്‌ വില്‍പനശാല ഇട്ടു പ്രവര്‍ത്തനം തുടങ്ങി. ഏറ്റെടുത്ത കരാര്‍ കാലാവധി തീര്‍ന്നതോടെ സമ്പാദ്യമായി കിട്ടിയ 5000 രൂപയുമായി മുംബൈയിലേക്ക്‌ വന്നു. 1943-ന്റെ തുടക്കത്തില്‍ തന്റെ പിതാവിന്റൈ ഗൃഹോപകരണ ബിസിനസ്സില്‍ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവില്‍ ദിലീപ്‌കുമാര്‍ എത്തിച്ചേരുന്നത്‌. മുംബൈ ടാക്കീസിന്റെ ഉടമയെ കണ്ടുമുട്ടുന്നതും സിനിമയിലേക്കുള്ള ആദ്യ പ്രവേശനവും ഇതേത്തുടര്‍ന്നായിരുന്നു. ആദ്യസിനിമ നിര്‍മ്മിച്ചത്‌ മുംബൈ ടാക്കീസായിരുന്നു. 1250 രൂപ മാസ ശമ്പളത്തില്‍ മുംബൈ ടാക്കീസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തനം ആരംഭിച്ച ദിലീപ്‌ അവിടെ നടന്‍ അശോകകുമാറിനെ പരിചയപ്പെട്ടത്‌ അഭിനയ ജീവിതത്തിലെ വലിയ സ്വാധീനമായി. 1944-ല്‍ ആദ്യ സിനിമ പുറത്തുവന്നതിനു പിന്നിലെ ദിലീപ്‌കുമാറിന്റെ ജീവിത വഴികള്‍ ഇങ്ങനെയായിരുന്നു.

Spread the love
English Summary: veteran actor dileepkumar passes away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick