Categories
latest news

ജീവകാരുണ്യത്തിലും മതവിരോധം വിതയ്‌ക്കുന്നുണ്ട്‌ നമ്മള്‍ മലയാളികള്‍ !

വെറും ഏഴുദിവസംകൊണ്ട് 18 കോടിരൂപ സമാഹരിച്ചതിന്റെ ഹാങ്ങോവറിലാണ് മലയാളികൾ.ഒത്തൊരുമയുടെ മകുടോദാഹരണമായി നമ്മളത് ആഘോഷിക്കുമ്പോൾ ആ മനുഷ്യത്വത്തിന്റെ ജലാശയത്തിൽ നഞ്ച്‌ കലക്കാനിറങ്ങിയ നികൃഷ്ടജീവികളെ നമ്മൾ കാണാതെ പോകരുത്
‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം’ ലൈനിൽ ഉള്ള കുറേയെണ്ണമുണ്ടല്ലോ എല്ലായിടത്തും.മലയാളികളിലും സ്ഥിതി വ്യത്യസ്തമല്ല.

ഈ ക്യാമ്പയിന്
വർഗീയനിറം പകരാൻ അവരും ആവതു ചെയ്തു എന്നുവേണം അനുമാനിക്കാൻ.ചില കുല പുരുഷ-സ്ത്രീ ഗ്രൂപ്പുകളിൽ അഫ്രയുടെയും അനിയന്റെയും മതം പറഞ്ഞതായിരുന്നു എതിർ പ്രചാരണം.കേശവൻമാമനും ,ഡോക്ടർ പോൾ ഹെയ്‌ലിയുമൊക്കെയുള്ള ആ ഗ്രൂപ്പിൽ പെട്ട ഒരാൾ അബദ്ധത്തിൽ കമന്റ് ചെയ്തത് മുൻ വൈദ്യുതമന്ത്രിയായിരുന്ന എം എം മണിയുടെ ഫേസ് ബുക്ക് പോസ്റ്റിനു കീഴിലായതോടെയാണ് കാവിപ്പട ഗ്രൂപ്പുകളിലെ എതിർപ്രചരണം ആളുകൾ ശ്രദ്ധിച്ചത്.

thepoliticaleditor
മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക് പോസ്റ്റിനു താഴെ വന്ന കമന്റ്

രമേഷ് മാസ്റ്റർ മുസലിയാത്ത് എന്നയാളാണ് കമന്റ് എഴുതിയത്.”അതാണല്ലോ നമ്മൾ ഡാം തുറന്നുവിട്ട് ജലക്ഷാമം പരിഹരിച്ചത്” എന്നായിരുന്നു കമന്റ്.
മണിയാശാൻ ഭേഷായി തന്നെ മറുപടിപറഞ്ഞു.തുടർന്ന് രമേഷ് മാസ്റ്റർക്ക് പൊങ്കാലയായിരുന്നു.രമേഷ് മാസ്റ്ററുടെ പശ്ചാത്തലം പരാതിയപ്പോഴാണ് കുല പുരുഷ സ്ത്രീ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ച വെളിച്ചത്തായത്.മേത്തന്മാരെ വളർത്തിവളർത്തി അവർ തിരിഞ്ഞുകൊത്തുന്നതും സഹിച്ചിരിക്കുവാനാണ് മതേതര ഹിന്ദുക്കളുടെ വിധി എന്നാണ് ഒട്ടുമിക്ക ചർച്ചകളും ആരോപിക്കുന്നത്,ശാഖയിലെ ദണ്ഡ മഹാത്മാഗാന്ധിയുടെ ദണ്ഡ ആയി കണക്കാക്കേണ്ട എന്നും ഭീഷണിയുണ്ട്.ഈ ചെക്കന്റെ അസുഖം മാറിയാൽ രാജ്യദ്രോഹി ആവാതിരുന്നാൽ മതി എന്നുള്ള ആവലാതികൾ വേറെ.

ഇത്പോലെ മുൻപും ഉണ്ടായിട്ടുണ്ട്.രണ്ടുവർഷം മുൻപ് കാസർകോട് നിന്നും അമൃത ഹോസ്പിറ്റലിലേക്ക് ഒരു കുഞ്ഞിനെയും കൊണ്ട് പുറപ്പെട്ട ആംബുലന്സിന് സോഷ്യൽ മീഡിയ വഴിയൊരുക്കാൻ മുന്നിൽ നിന്നപ്പോൾ ഏറ്റവും നികൃഷ്ടമായ ഭാഷയുപയോഗിച്ചാണ് കുലസ്ത്രീപുരുഷ ഗ്രൂപ്പുകൾ എതിർ ക്യാമ്പയിൻ പ്രചരിപ്പിച്ചത്. അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളെ ലുലു ഗ്രൂപ്പ് ചെയർമാൻ യുസഫ് അലി സ്വന്തം കാശുമുടക്കി രക്ഷിച്ചതുമായി ബന്ധപ്പെട്ടും ഗ്രൂപ്പിൽ വിമർശനം ഉണ്ടായിരുന്നു.ജിഹാദികളെ സൃഷ്ടിക്കാൻ ഹിന്ദുക്കളിൽനിന്നും ആളുകളെ അടർത്തിയെടുക്കാനാണ് ഈ പരിശ്രമമെന്നായിരുന്നു അന്ന് കുല സ്ത്രീ പുരുഷന്മാരുടെ രോദനം.

വളരെ അന്തസ്സോടെ വർഗീയപരാമർശങ്ങൾ നടത്തുന്ന മാധ്യമപ്രവർത്തകരുടെ ഒരു കൂട്ടായ്മയും ഇവർക്ക് തുണയായുണ്ട് എന്നതാണ് വസ്തുത.

ഇതിനൊരു മറുവശം കൂടിയുണ്ട്!
മുഹമ്മദിന്റെ നാമധേയം പേറുന്ന ഈ പൈതലിനെ രക്ഷിക്കാൻ ദീനി ബോധമുള്ള എല്ലാവരും കൈക്കോർക്കുക എന്നാണ് മുത്ത്നബി,ദീനികൂട്ടം തുടങ്ങിയ തീവ്ര മുസ്ലിം ഗ്രൂപ്പുകളിലെ ആഹ്വാനം.മഹല്ലുകമ്മറ്റികളിൽ പ്രത്യേകം പ്രാർത്ഥനയും പിരിവും വേണമെന്നുമുള്ള ആവശ്യങ്ങളും ഇതിനോടപ്പമുള്ള ശബ്ദസന്ദേശങ്ങളിൽ പറയുന്നുണ്ട്.ഇതിനിടയിൽ കൂടുതൽ സംഖ്യ നൽകിയ ഏതാനുംചിലരെ ദീനിന്റെ സംരക്ഷകരായും അവതരിപ്പിക്കാൻ മടികാണിച്ചിട്ടില്ല.

നന്മമരം ഫാൻസും ഒരുലജ്ജയുമില്ലാതെ ഈ ധനസമാഹരണ യജ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.ഇക്ക തുടങ്ങിവച്ച വഴികൾ ലോകം പിന്തുടരുന്നു എന്നാണു നന്മമരം ഫാൻസിന്റെ ടാഗ്‌ലൈൻ.ഇക്കയറിഞ്ഞിരുന്നുവെങ്കിൽ ഒരാഴ്ച്ച വേണ്ടി വരുമായിരുന്നില്ല ഈ തുക ലഭിക്കാൻ എന്നും താളത്തിൽ പറയുന്നുണ്ട് ഫാനരന്മാർ.
കഴിഞ്ഞദിവസമാണ് പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്താനുള്ള അതിജീവനയത്നത്തിൽ മലയാളികൾ ജാതിമതരാഷ്ട്രീയ വ്യത്യാസമെന്യേ കൈകോർത്തത്‌.
”ഈ അസുഖം കൊണ്ട് എന്റെ നട്ടെല്ലൊക്കെ വളഞ്ഞുപോയി.വേദനകാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല ഓന്റത് പക്ഷേ അങ്ങനല്ല. മരുന്ന് കിട്ടിയാ രക്ഷപെടും’, ഒന്നര വയസുള്ള കുഞ്ഞനുജനും തന്റെ അതേ രോഗം ബാധിച്ചതറിഞ്ഞ പതിനാലുകാരിയായ അഫ്ര തന്റെ വീൽചെയറിൽ ഇരുന്ന് ലോകത്തിനു മുന്നിൽ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
ആ വേദന സമൂഹം ഉൾക്കൊണ്ടു.പ്രൊഫൈലുകളിൽനിന്നും പ്രൊഫൈലുകളിലേക്ക് സന്ദേശം പറന്നു.ഇന്നലെ വൈകുന്നേരത്തോടെ ഒട്ടുമിക്ക വാട്ട്സ്ആപ്പ് സ്റ്റാറ്റസ്സുകളിലും അഫ്രയും കുഞ്ഞനിയന് മുഹമ്മദും നിറഞ്ഞു.സോഷ്യൽ മീഡിയ പോസ്റ്ററുകളിൽ രേഖപ്പെടുത്തിയ അക്കൗണ്ട് നമ്പറിലേക്ക് പണം നൂറും ഇരുന്നൂറും അഞ്ഞൂറും ആയിരവുമൊക്കെയായി ഒഴുകിയെത്തി.ആവശ്യത്തിനുള്ള തുകയായപ്പോൾ അക്കൗണ്ട് ക്ളോസ് ചെയ്യുകയും വിജിൻ എം എൽ എ ഉൾപ്പെടെയുള്ള സഹായസമിതി അത് കൃത്യമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.മുഹമ്മദിന്റെ ജനിതക ചികിത്സാ നടപടികൾ ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.

ഇതൊരു ദീനിന്റെയും ദൈവത്തിന്റെയും വിജയമല്ല മറിച്ച് ജനങ്ങൾക്കുള്ളിലുള്ള സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും ഉറവവറ്റാത്ത കാരുണ്യത്തിന്റെയും വിജയമാണ്.അതിൽ മതവൈരത്തിന്റെ നഞ്ച് കലക്കാനിറങ്ങുന്ന വരെ തീണ്ടാപ്പാടകലെ നിർത്തിയേ മതിയാവൂ

Spread the love
English Summary: malayalee mindset of communal colouring even in mankind

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick