ഇസ്രായേല്‍ ബന്ധം ആരോപിച്ച് ഇറാന്‍ ഏരീസ് എന്ന ചരക്കു കപ്പല്‍ ഗള്‍ഫ് കടലില്‍ നിന്നും പിടിച്ചെടുത്തു. എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇറാനും ഇസ്രായേലും തമ്മില്‍ കഴിഞ്ഞ ദിവസം മുതല്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിന് സയണിസ്റ്റ് ഭരണകൂടവുമായി ബന്ധമുണ്ടെന്ന് ഇറാന്‍ പറയുന്നു. ഇറാൻ അധികൃതർ കപ്പലിൽ കയറിയതായി കപ്പലിൻ്റെ ഓപ്പറേറ്ററായ ഇറ്റാലിയൻ-സ്വിസ് ഗ്രൂപ്പായ എംഎസ്‌സി സ്ഥിരീകരിച്ചു. കപ്പലിലെ 25 ജീവനക്കാരില്‍ 17 പേരും ഇന്ത്യക്കാരാണ്. രണ്ട് മലയാളികളും ഇവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് സമീപമാണ് ഓപ്പറേഷൻ നടന്നത്. തുടർന്ന് കപ്പൽ ഇറാൻ്റെ ടെറിട്ടോറിയൽ ജലാശയത്തിലേക്ക് തിരിച്ചതായി ഇറാൻ്റെ ഇസ്ലാമിക് റിപ്പബ്ലിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ഹോർമുസ് ഇടുക്ക് കടന്നുപോകുമ്പോൾ കപ്പലിലേക്ക് ഹെലികോപ്റ്റർ വഴി എത്തിയ കമാൻഡോകൾ കപ്പലിനെ പിടിച്ചെടുക്കുകയായിരുന്നു. ഹോർമുസ് കടലിടുക്ക് ഗൾഫിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന മാർഗമാണ്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ്റെ കണക്കു പ്രകാരം വാർഷിക ആഗോള എണ്ണ ഉപഭോഗത്തിൻ്റെ അഞ്ചിലൊന്ന് ഓരോ വർഷവും ഈ കടലിടുക്കിലൂടെയാണ് വിപണനം ചെയ്യപ്പെടുന്നത്.