Categories
latest news

പശുവിന്റെ മൂത്രവും ചാണകവും കൊവിഡ് മരുന്നല്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചതിന് ദേശീയ സുരക്ഷാനിയമപ്രകാരം തടവ്, ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

പശുവിന്റെ മൂത്രവും ചാണകവും കൊവിഡ് സുഖപ്പെടുത്തില്ല എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് ദേശീയ സുരക്ഷാനിയമപ്രകാരം തടവിലാക്കിയ മണിപ്പൂരിലെ ആക്ടീവിസ്റ്റിനെ ഇന്ന് വൈകീട്ട് അഞ്ചു മണിക്കു മുമ്പ് വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഏറേന്‍ഡ്രോ ലൈച്ചോംബം എന്ന രാഷ്ട്രീയ സമൂഹിക പ്രവര്‍ത്തകനെയാണ് ആയിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉത്തരവിട്ടത്. മനുഷ്യരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അനന്തമായി നിഷേധിക്കുന്നതിനെതിരെയുള്ള പരാമര്‍ശവും കോടതിയില്‍ നിന്നും ഉണ്ടായി. ഏറേന്‍ഡ്രോയുടെ പിതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്. മകന്‍ ദേശീയ സുരക്ഷാനിയമപ്രകാരമുള്ള ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പിതാവ് നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.
ഈ വര്‍ഷം മെയ് 13-ന് ഏറന്‍ഡ്രോ ഫേസ്ബുക്കില്‍ കുറിച്ച ഒരു വാചകമാണ് അദ്ദേഹത്തിനെ പിടിച്ച് ജയിലില്‍ ഇടാന്‍ കാരണമായത്. മണിപ്പൂര്‍ ബി.ജെ.പി. പ്രസിഡണ്ട് പ്രൊഫ.ടിക്കേന്ദ്ര സിങ് കൊവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ‘ ചാണകവും മൂത്രവുമൊന്നും കോറോണ സുഖപ്പെടുത്തില്ല പ്രൊഫസര്‍ജീ പകരം സയന്‍സും സാമാന്യജ്ഞാനവും ആണ് മരുന്ന്’ എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഏറേന്‍ഡ്രോ കുറിച്ചു. മണിപ്പൂരില്‍ ബി.ജെ.പി. പശുച്ചാണകവും മൂത്രവും കൊവിഡിന് ശക്തമായ മരുന്നാണെന്ന് പ്രചാരണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്. ഇത് ബി.ജെ.പി. നേതൃത്വത്തെ പ്രകോപിപ്പിച്ചു. അവര്‍ നല്‍കിയ പരാതിയില്‍ ഏറന്‍ഡ്രോയെ അറസ്റ്റ് ചെയത് ജയിലില്‍ അടയ്ക്കുകയാണുണ്ടായത്.

Spread the love
English Summary: supreme court grants immidiate bail foran activist in manipur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick