Categories
kerala

ഡെല്‍ഹിയില്‍ ജീവിക്കുന്ന പി.കെ.ഡി.നമ്പ്യാര്‍മാര്‍ അറിയാതെ പോകുന്നത്… കേരളത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് നിയമരംഗത്തുള്ളവരുടെ നിഗമനം

ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെതിരെ ഡല്‍ഹിയില്‍ ജീവിക്കുന്ന മലയാളിയായ പി.കെ.ഡി. നമ്പ്യാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അടിയന്തിര പ്രാധാന്യത്തോടെ നാളെ വീണ്ടും പരിഗണിക്കാന്‍ മാറ്റി വെച്ച സുപ്രീംകോടതി പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള വിശദീകരണം ഇന്നു തന്നെ ഫയല്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ ആരോപിക്കുന്നതു പോലെ കേരളത്തില്‍ പൂര്‍ണമായ ഇളവുകള്‍ നല്‍കിയിട്ടില്ല എന്നത് കോടതിയില്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അപ്രസക്തമാക്കും എന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാപാരികളും മറ്റ് ഇതര തൊഴില്‍ മേഖലകളിലുള്ളവരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് പരിഗണിച്ചുകൊണ്ട് അത്തരം മേഖലകളില്‍ എല്ലാം നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. അതു പോലെ എല്ലാ ആരാധനാലയങ്ങളിലും പ്രാര്‍ഥനയ്ക്ക് ഒരേ പോലുള്ള ഇളവുകളാണ് നല്‍കിയിരിക്കുന്നത്. ബക്രീദ് ആഘോഷത്തിനോ മുസ്ലീം മതാനുഷ്ഠാനത്തിലോ മാത്രമായി ഇളവുകള്‍ നല്‍കിയിട്ടില്ല. വ്യാപാരികള്‍ സമര രംഗത്തിറങ്ങിയതിനെത്തുടര്‍ന്ന് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി നല്‍കിയിട്ടുള്ള ഇളവുകളെ ആരും എതിര്‍ത്തിട്ടില്ല. ബക്രീദിന്റെ ഭാഗമായി നല്‍കിയ ഇളവുകള്‍ ഏതെങ്കിലും മതാനുഷ്ഠാനത്തിനായി പ്രത്യേക വിഭാഗത്തിനായി മാത്രം നല്‍കിയതുമല്ല.
എല്ലാറ്റിലും ഉപരിയായി കൊവിഡ് തീവ്ര വ്യാപനമില്ലാത്ത മേഖലയില്‍ മാത്രമാണ് ഇളവ്. തീവ്ര വ്യാപനമുള്ള മേഖലകളില്‍ ഇളവുകള്‍ ബാധകമല്ല എന്നകാര്യവും കോടതിയില്‍ സര്‍ക്കാരിന് അനുകൂലമായി വരും. കുംഭമേള പോലെയോ കാന്‍വര്‍ യാത്ര പോലെയോ താരതമ്യം ചെയ്യാനാവില്ല കേരളത്തിലെ നിയന്ത്രിതമായി നല്‍കിയ ഇളവുകള്‍. കൊവിഡ് വ്യാപനത്തിന് സഹായിക്കുന്ന വിധം ഒരു മതത്തിനു മാത്രം ആനുകൂല്യങ്ങള്‍ മാനദണ്ഡമില്ലാതെ നല്‍കി എന്ന് പറയാനാവില്ല. ചില പ്രത്യേക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില വിഭാഗങ്ങള്‍ നടത്തുന്ന പ്രചാരണം ആണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നിലെന്ന് കേരളത്തിന് വിശദീകരിക്കാന്‍ എളുപ്പമാണെന്നും നിയമരംഗത്തുള്ളവര്‍ പറയുന്നു.

Spread the love
English Summary: petition against covid relaxations of kerala in supreme court wont exsist comments law circles

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick