Categories
kerala

കരുവന്നൂര്‍ ബാങ്ക്‌ സി.പി.എമ്മിന്‌ ഒരു മുന്നറിയിപ്പാണ്‌…കണ്ണടച്ചാല്‍ കുളം തോണ്ടുന്നത്‌ അടിത്തറ തന്നെ

തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള കരുവന്നൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്കില്‍ അടപടലം നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ കഥകളില്‍ മൊത്തം 300 കോടിയുടെ ക്രമക്കേടാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. സി.പി.എം. നിയന്ത്രണത്തിലുള്ള ഈ ബാങ്കില്‍ തട്ടിപ്പ്‌ നടക്കാന്‍ തുടങ്ങിയത്‌ ഇന്നും ഇന്നലെയും അല്ല. നരേന്ദ്രമോദി നോട്ട്‌ നിരോധനം നടപ്പാക്കിയ കാലം തൊട്ടെങ്കിലും തട്ടിപ്പ്‌ നടന്നിട്ടുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌. അതായത്‌ വര്‍ഷങ്ങളായി ഇത്‌ തുടങ്ങിയിട്ട്‌. നോട്ടു നിരോധനം കാരണം ബാങ്കില്‍ പണം ഇല്ലെന്നു പറഞ്ഞ്‌ വായ്‌പക്കപേക്ഷിക്കുന്നവരെ തിരിച്ചയക്കുകയും അവര്‍ ബാങ്കില്‍ നല്‍കിയ പണയവസ്‌തുക്കളും രേഖകളും ഉപയോഗിച്ച്‌ ദശലക്ഷങ്ങള്‍ വായ്‌പയായി അടിച്ചെടുക്കുകയുമായിരുന്നു തട്ടിപ്പിന്റെ ഒരു രീതി. 46 പേരുടെ ആധാരം ഇതു പോല ഉപയോഗിച്ച്‌ 23 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്‌. ഇത്‌ ബാങ്ക്‌ സെക്രട്ടറിയുടെയും മാനേജരുടെയും അറിവില്ലാതെ നടക്കുമോ..

ബാങ്ക്‌ മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച്‌ മാനേജര്‍ ബിജു എന്നിവരെ ഉള്‍പ്പെടെ ചേര്‍ത്ത്‌ പൊലീസ്‌ ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്‌. ഈ സുനില്‍കുമാറും, ബിജുവും സി.പി.എമ്മിന്റെ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്‌. അവര്‍ക്കെതിരെ ഇപ്പോഴും പാര്‍ടി നടപടി ഒന്നും എടുത്തിട്ടില്ല എന്ന കൗതുകകരമായ വസ്‌തുതയും ഉണ്ട്‌. അതേസമയം മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സുരേഷ്‌ ആയിരുന്നു ആദ്യമായി തട്ടിപ്പ്‌ സംബന്ധിച്ച്‌ പാര്‍ടിയുടെ മുന്നില്‍ പരാതി ഉന്നയിച്ചത്‌ എന്നതും ശ്രദ്ധേയമാണ്‌.
പെരിഞ്ഞനം സ്വദേശിയായ കരാറുകാരന്‍ കിരണിന്റെ ഒറ്റ അക്കൗണ്ടിലേക്ക്‌ ബാങ്കില്‍ നിന്നും അനുവദിച്ച്‌ 46 വായ്‌പത്തുകകളാണ്‌ പോയിരിക്കുന്നത്‌. ഓരോ വായ്‌പയും 50 ലക്ഷത്തിന്റെതാണ്‌ എന്നും ഓര്‍ക്കുമ്പോഴാണ്‌ തട്ടിപ്പിന്റെ ആഴം വ്യക്തമാകുക. അതായത്‌ 23 കോടി രൂപയാണ്‌ കിരണ്‍ എന്നയാളിന്റെ ഒറ്റ അക്കൗണ്ടിലേക്ക്‌ എത്തിയത്‌. ഇത്‌ ആരാണ്‌ അനുവദിച്ചത്‌ എന്നത്‌ തൊട്ടു തുടങ്ങിയാല്‍ ഇതിലെ പ്രതികളുടെ കളികള്‍ വ്യക്തമാകും.

100 കോടിയുടെ തട്ടിപ്പാണ്‌ നടന്നതെന്ന്‌ ഇപ്പോള്‍ വിലയിരുത്തുന്നുണ്ടെങ്കിലും അതിനുമപ്പുറം ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനം വാങ്ങല്‍, ഭരണസമിതിയിലെ പലരുടെയും സാമ്പത്തിക ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ്‌ ഇടപാടില്‍ മുടക്കിയ വന്‍ തുകകള്‍ എന്നിവയെല്ലാം മനസ്സിലാക്കിയെടുത്താല്‍ തട്ടിപ്പ്‌ 300 കോടിയോളം വരുമെന്നാണ്‌ ഊഹിക്കപ്പെടുന്നത്‌.

വര്‍ഷങ്ങളായി നിര്‍ബാധം തുടരുന്ന തട്ടിപ്പ്‌ ഇപ്പോള്‍ ബാങ്കിന്റെ നിലനില്‍പിനെ ബാധിച്ചപ്പോഴാണ്‌ ഇപ്പോഴത്തെ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ കേസെടുത്തിട്ടുള്ളത്‌. ബാങ്ക്‌ പ്രവര്‍ത്തനം താളം തെറ്റിയതോടെ നിക്ഷേപകര്‍ കൂട്ടമായി തുക പിന്‍വലിക്കാനെത്തി. പണം കിട്ടാതെ അവര്‍ ബഹളം വെച്ചപ്പോഴാണ്‌ ഇപ്പോളെങ്കിലും പരാതി നല്‍കാന്‍ ബാങ്ക്‌ അധികൃതര്‍ തയ്യാറായതെന്നാണ്‌ റിപ്പോര്‍ട്ട്‌.

thepoliticaleditor

പാര്‍ടി പ്രവര്‍ത്തകന്‍ സുരേഷ്‌ ഉന്നയിച്ച പരാതിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ചില പ്രാഥമിക അന്വേഷണം നടന്നിരുന്നുവെങ്കിലും ഒരു നടപടിയുമില്ലാതെ നേതൃത്വം കണ്ണടച്ചതിന്റെ ദുഷ്‌ഫലമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ സമ്പന്നമായ ഒരു ബാങ്കിനെ ഇന്നത്തെ അവസ്ഥയിലേക്ക്‌ നയിച്ചത്‌. ബേബി ജോണ്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ടി ഒരു സമിതിയെ നിയോഗിച്ചപ്പോള്‍ അതിലും ക്രമേക്കേട്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കാന്‍ പ്രാദേശിക പ്രവര്‍ത്തകര്‍ തയ്യാറായി.
ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്‌ പാര്‍ടി ലോക്കല്‍ നേതാക്കള്‍ കൂടിയായ ബാങ്ക്‌ ഉദ്യോഗസ്ഥരും കിരണ്‍ എന്ന റിയല്‍ എസ്‌റ്റേറ്റ്‌ കരാറുകാരനുമാണ്‌. മുന്‍ സെക്രട്ടറി, മുന്‍ ശാഖാ മാനേജര്‍, മുന്‍ സീനിയര്‍ അക്കൗണ്ടന്റ്‌, സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റ്‌ എന്നിവര്‍ പ്രതികളായിട്ടാണ്‌ കേസ്‌.

Spread the love
English Summary: karuvannur bank scam reveales the part of cpm local leaders

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick