Categories
latest news

അനന്യകുമാരി അലക്‌സിന്റെ ജീവിതവും മരണവും

അനന്യകുമാരി അലക്‌സിന്റെ മരണത്തിനു ശേഷം പ്രതികരിച്ച പിതാവ്‌ അനന്യയെ അവന്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. പുരുഷനില്‍ നിന്നും സ്‌ത്രീയായി മാറാനുള്ള ഒരു വ്യക്തിയുടെ ആഗ്രഹമായിരുന്നു അനന്യയുടെ ജീവിതത്തില്‍ നിറഞ്ഞത്‌. അത്‌ തകര്‍ത്തത്‌ ആരാണ്‌. ചികില്‍സാ പിഴവ്‌ എന്ന ഒരു പൊതുകാരണം പറഞ്ഞ്‌ ആ ഫയല്‍ അവസാനിപ്പിച്ചേക്കാം. എന്നാല്‍ ചികില്‍സാപ്പിഴവിലേക്കു നയിച്ചത്‌ എന്താണ്‌ എന്ന്‌ വിശദമായി പഠിക്കാന്‍ സര്‍ക്കാരും ഏജന്‍സികളും തയ്യാറായാല്‍ മാത്രമേ അനന്യയുടെ മരണം നല്‍കിയ അപായസൂചനകള്‍ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ..
ട്രാന്‍സ്‌ ജെന്റര്‍ സമൂഹത്തിനെ ഇപ്പോഴും കേരളത്തിലെ പുരുഷാധിപത്യ പൊതുസമൂഹവും അടിമസ്‌ത്രീയാധിപത്യ സ്‌്‌ത്രീസമൂഹവും കാണുന്നത്‌ ഒരു അശ്ലീലച്ചുവയോടെയാണ്‌ എന്നതാണ്‌ പ്രധാന വസ്‌തുത. അവര്‍ പെണ്‍വേഷം കെട്ടുന്നവരാണ്‌. പുരുഷന്റെയും സ്‌ത്രീയുടെയും പ്രിവിലേജ്‌ ഇല്ലാത്തവര്‍. രൂപത്തില്‍ സ്‌ത്രീയായി നടന്നതു കൊണ്ടായില്ല, ലിംഗമാറ്റത്തിലൂടെ പൂര്‍ണമായും സ്‌ത്രീയായി മാറാനുള്ള ആഗ്രഹത്തിനു പിറകില്‍ ഒരു പക്ഷേ ഈ പ്രിവിലേജ്‌ നേടിയെടുക്കണം എന്ന ആഗ്രഹമായിരിക്കണം. അനന്യയും വെമ്പിയത്‌ അതിനായിരിക്കണം. ചെറുകുടലും വന്‍കുടലുമൊക്കെ ഉപയോഗിച്ച്‌ ജനനേന്ദ്രിയങ്ങള്‍ രൂപം മാറ്റുന്ന അതി സങ്കീര്‍ണമായ പ്രക്രിയ ആണത്രേ ഇതിലുള്ളത്‌. ശസ്‌ത്രക്രിയകളുടെ ഒരു പരമ്പര തന്നെ വേണ്ടിവരുന്നു. എന്തു മാത്രം വേദനാജനകമായ അവസരങ്ങള്‍. ശരീരത്തില്‍ മാത്രമോ, മനസ്സിലോ…തന്റെ ശരീരത്തെ തനിക്ക്‌ ഇഷ്ടമായ രീതിയില്‍,എന്നല്ല സമൂഹം അംഗീകരിക്കുന്ന രീതിയില്‍ത്തന്നെ എന്നു പറയാം, മാറ്റിയെടുക്കാനുള്ള ഒരു വ്യക്തിയുടെ വേദനാജനകമായ, അനുഭവങ്ങളിലൂടെയുളള യാത്ര. അത്‌ അനന്യയും നേരിട്ടിരിക്കണം. എന്നിട്ടും ആ ശരീരത്തോട്‌ ഇവിടുത്തെ പുരുഷാധിപത്യ സമൂഹം വളരെ മോശമായി കമന്റു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസികമായ നീറ്റല്‍…ക്രൂരമായ അവസ്ഥയായിരിക്കും അത്‌.

അനന്യ സ്വന്തം ശരീരത്തെ സ്‌ത്രീയുടെ ശരീരത്തിലേക്ക്‌ പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സഹിച്ച ശാരീരികവും മാനസികവുമായ യാതനകളുടെ ആഴം മനസ്സിലാക്കാന്‍ ഇനിയെങ്കിലും ഭരണകൂടത്തിനെങ്കിലും കഴിയേണ്ടതാണ്‌. ആണ്‍ശരീരത്തില്‍ നിന്നും പെണ്‍ശരീരത്തിലേക്ക്‌ അനന്യ നീങ്ങിയപ്പോള്‍ രൂപത്തില്‍ മാത്രം പോരാ, ലിംഗത്തിലും പെണ്ണായിത്തീരണം എന്ന്‌ തീരുമാനിച്ചത്‌, അനന്യമാര്‍ പലരും തീരുമാനിക്കുന്നത്‌, സത്യത്തില്‍ ഈ സമൂഹത്തിലെ പരിഹാസത്തെ മറികടക്കാനല്ലേ..? എന്നിട്ട അത്‌ സാധ്യമാക്കാന്‍ ഈ നാട്ടിലെ മെഡിക്കല്‍ സമൂഹമോ , സര്‍ക്കാരോ സഹാനുഭൂതിയോടെ സഹായം ചെയ്‌തില്ല എന്നതാണ്‌ അനന്യയുടെ മരണം അടയാളപ്പെടുത്തുന്ന കാര്യം.

ശസ്‌ത്രക്രിയയില്‍ ഉണ്ടായ അശ്രദ്ധ, പിഴവ്‌ എന്നിവയെക്കുറിച്ച്‌ പരാതിപ്പെട്ട അനന്യയ്‌ക്ക്‌ മരണാനന്തരം കൊച്ചിയില്‍ അവരുടെ ലിംഗമാറ്റ പ്രക്രിയക്ക്‌ നേതൃത്വം നല്‍കിയ റിനൈ മെഡിക്കല്‍ സിറ്റി അധികൃതര്‍ നല്‍കിയ മറുപടി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകും വിധം ഉള്ളതാണ്‌. റെനൈ മെഡി സിറ്റിയിലെ പ്ലാസ്റ്റിക്‌ സര്‍ജറി വിദഗ്‌ധന്‍ ഡോ. അര്‍ജുന്‍ അശോകന്‍ ചെയ്‌ത്‌ വജൈനോപ്ലാസ്റ്റി തീര്‍ത്തും പരാജയമാണെന്ന്‌ അനന്യ പരാതി ഉന്നയിച്ചിരുന്നു. 2020-ലാണ്‌ സര്‍ജറി ചെയ്‌്‌തത്‌. വാഗ്‌ദാനം ചെയ്‌ത രീതിയില്‍ സര്‍ജറി ചെയ്‌തില്ലെന്നും ഇപ്പോള്‍ തന്റെ സ്വകാര്യഭാഗം തീര്‍ത്തും വെട്ടിമുറിച്ചിട്ട പോലെയാണെന്നും കഠിനമായ വേദന കൊണ്ട്‌ പുളയുകയാണെന്നും അനന്യ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടാണ്‌. എഴുന്നേറ്റ്‌ നില്‍ക്കാന്‍ പോലും കഴിയുന്നില്ല. ചികില്‍സാ റെക്കോര്‍ഡുകള്‍ ആശുപത്രി തരുന്നില്ല. ഡോ. അര്‍ജുന്‍ അശോകനെതിരെയും ആശുപത്രിക്കെതിരെയും നിയമനടപടിക്കൊരുങ്ങുകയാണെന്നും അനന്യ പറയുകയുണ്ടായി. തനിക്ക്‌ മാത്രമല്ല, ട്രാന്‍സ്‌ജെന്റര്‍ ആയ പലര്‍ക്കും ഇതേ ദുരനുഭവം ഉണ്ടെന്നും പലരും പേടിച്ച്‌ പറയാതിരിക്കുകയാണെന്നും ഡോ. അര്‍ജുന്‍ അശോകന്‍ തന്റെ പ്രയാസങ്ങളെ തീര്‍ത്തും അവഗണിക്കുകയാണെന്നും അനന്യ പറയുകയുണ്ടായി. നേരത്തെ നിശ്ചയിച്ചുറപ്പിച്ച തുക നല്‍കിയിട്ടും വാഗ്‌ദാനം ചെയ്‌ത ചികില്‍സ ശരിയായി നല്‍കിയില്ലെന്നും തന്റെ കയ്യില്‍ ഒരു രൂപ പോലും ഇപ്പോള്‍ ഇല്ലാത്ത കഷ്ടസ്ഥിതിയിലാണെന്നും ആശുപത്രി വീണ്ടും പണം ആവശ്യപ്പെടുകയാണെന്നും അനന്യ പറഞ്ഞിട്ടുണ്ട്‌. ഈ വെളിപ്പെടുത്തല്‍ നടത്തി ഏതാനും ദിവസത്തിനു ശേഷമാണ്‌ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്‌.

അനന്യയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പുരുഷമനോഭാവത്തോടെയാണോ ആ ജന്ററിനോട്‌ പെരുമാറിയത്‌ എന്നത്‌ ഇപ്പോള്‍ ഉയരുന്ന ചോദ്യമാണ്‌. ജോലി ചെയ്യുക എന്ന കര്‍മ്മത്തിനപ്പുറത്ത്‌ ഇത്തരം കേസുകളില്‍ ആവശ്യമായ ചില മനോഭാവങ്ങളുണ്ട്‌. അത്‌ അനന്യയെ പരിവര്‍ത്തിപ്പിച്ചതിന്‌ നേതൃത്വം നല്‍കിയ പുരുഷ ഡോക്ടര്‍മാര്‍ക്ക്‌ യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നോ…അതോ ട്രാന്‍സ്‌ഫോബിക്‌ ആയിരുന്നു വോ അവര്‍…

ആശുപത്രി പത്രക്കുറിപ്പില്‍ പറയുന്നത്‌ ഇങ്ങനെ :

ശസ്ത്രക്രിയയ്ക്ക് ആറുമാസത്തിനു ശേഷം പ്രതീക്ഷിച്ച ലൈംഗിക അവയവം ലഭിച്ചില്ല എന്ന പരാതിയാണ് അനന്യ ഉന്നയിച്ചത്. അനന്യയുടെ ശാരീരിക പ്രത്യേകതകളാൽ നിർമിച്ച ലൈംഗീകാവയവത്തിന്റെ ബാഹ്യഭാഗത്തെ കൊഴുപ്പു നഷ്ടപ്പെട്ടു പോയതിനാൽ മറ്റൊരു ശസ്ത്രക്രിയ കൂടി നിർദേശിച്ചിരുന്നു. ചികിത്സാ പിഴവാണെന്ന ആരോപണത്തെ തുടർന്ന് ഇവർ ആവശ്യപ്പെട്ട പ്രകാരം മെഡിക്കൽ ബോർഡ് പരിശോധിക്കണം എന്ന ആവശ്യം ആശുപത്രി അംഗീകരിക്കുകയും ബോർഡ് ഇവരെ പരിശോധിക്കുകയും ചെയ്തു. വിശദ പരിശോധനയിൽ ഇവർ പറയുന്നതു പോലെ യാതൊരു ചികിത്സാപിഴവും ഇല്ലെന്നും ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തി. അക്കാര്യം ഇവരെ ബോധ്യപ്പെടുത്തിയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ അത്യാവശ്യ തുടര്‍ചികിത്സ നല്‍കാമെന്നു വാഗ്ദാനം നൽകി. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ഈ ശസ്ത്രക്രിയ. അതുകൊണ്ടു തന്നെ ഫലപ്രാപ്തി പലഘട്ടങ്ങളിലെ ശസ്ത്രക്രിയകളിലൂടെയും ചികിത്സകളിലൂടെയുമാണ് പൂർത്തിയാകുക. ഇതിനും സങ്കീർണതകളുണ്ടാകുന്നതു പതിവാണ്. വിവിധ കൗൺസിലിങ് സെഷനുകളിലൂടെ ഈ വിവരങ്ങളെല്ലാം ഇവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നിയമപരമായി ഇവരുടെ സമ്മതപത്രങ്ങളും അനുബന്ധ രേഖകളും ഒപ്പുവച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്–ആശുപത്രിയുടെ ന്യായം ഇതാണ്‌.

ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ അവസാനിപ്പിക്കണമെന്നാണ്‌ അവര്‍ക്ക്‌ ചുരുക്കത്തില്‍ പറയാനുള്ളത്‌. അതിനപ്പുറത്തെ മനുഷ്യാവകാശങ്ങള്‍ അവര്‍ക്ക്‌ വിഷയമല്ല.
എന്നാല്‍ ആശുപത്രിയിലെ ചികില്‍സാ പിഴവിനെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ അനന്യയെ ആശുപത്രിക്കാര്‍ മര്‍ദ്ദിച്ചു എന്ന്‌ പിതാവ്‌ അലക്‌സ്‌ വെളിപ്പെടുത്തിയതിന്റെ സത്യാവസ്ഥ അന്വേഷിക്കേണ്ടതുണ്ട്‌. മര്‍ദ്ദിച്ചെങ്കിലത്‌ ഏറ്റവും ഹീനമായ കുറ്റമായി കാണണം. സർക്കാർ ആശുപത്രിയിൽ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽനിന്നു ലഭിച്ചില്ല. ഒന്നോ രണ്ടോ മരുന്നു നൽകി പറഞ്ഞയയ്ക്കാൻ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാർ കയ്യേറ്റം നടത്തിയത്. രണ്ടു പ്രാവശ്യം ദേഹത്തു കൈവച്ചെന്നു പറഞ്ഞിട്ടുണ്ട്–അലക്സ് പറയുന്നു.എന്നെ ഇത്രയുമാക്കി, ആഗ്രഹത്തിനൊത്ത് ആവാൻ സാധിച്ചിട്ടില്ല, ജോലി ചെയ്യാൻ പറ്റുന്നില്ല എന്നും അനന്യ പറഞ്ഞു എന്നും താൻ ആശ്വസിപ്പിച്ചു എന്നും പിതാവ് പറയുന്നു.

അനന്യയുടെ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ പുറത്തു വരുന്ന വിവരങ്ങള്‍ അവരുടെ പരാതിയെ സാധൂകരിക്കുന്നുണ്ടോ എന്നത്‌ വെറും നിയമവശം മാത്രം. സാമുഹിക നീതി വകുപ്പ്‌ നടത്താനിരിക്കുന്ന അന്വേഷണം അതിനപ്പുറത്തെ മാനസിക, സാമൂഹിക മനോഭാവങ്ങളും പിഴവുകളും കണ്ടെത്തേണ്ടിയിരിക്കുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: who is responsible for the death of ananya kumari alex?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick