Categories
latest news

കൊവിഡ്‌ പ്രതിരോധത്തില്‍ നയമില്ലാതെ ഇരട്ടത്താപ്പുമായി ഐ.എം.എ; നിയന്ത്രിച്ചാല്‍ അത്‌ തെറ്റ്‌, ഇളവു പ്രഖ്യാപിച്ചാല്‍ അതിനെതിരെയും…

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം കൊവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന പരസ്‌പര വിരുദ്ധ പ്രസ്‌താവനകള്‍ ആ സംഘടനയുടെ നയമില്ലായ്‌മയും ഇരട്ടത്താപ്പും എടുത്തു കാട്ടുന്നു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ഊതിവീര്‍പ്പിച്ച ഭാവനാക്കണക്കുകളുമായി ഐ.എം.എ. രംഗത്തുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ്‌ പ്രതിരോധ വിദഗ്‌ധസമിതിയെ കണക്കാക്കാതെ സ്വയം അവതരിപ്പിച്ച പ്രൊജക്ടഡ്‌ കണക്കുകള്‍ തീര്‍ത്തും അശാസ്‌ത്രീയമാണെന്നും ഭാവനാത്മകമായിരുന്നുവെന്നും പില്‍ക്കാലത്ത്‌ തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഐ.എം.എ. പറഞ്ഞത്‌ രണ്ടു മാസത്തിനകം കേരളത്തില്‍ 60 ലക്ഷം കൊവിഡ്‌ രോഗികള്‍ ഉണ്ടാകും, കേരളത്തില്‍ പിടിച്ചാല്‍ കിട്ടാത്ത സ്ഥിതി വരുമെന്നായിരുന്നു. സര്‍ക്കാരിന്റെ പ്രതിരോധമെല്ലാം പാളുമെന്നും സംഘടന തറപ്പിച്ചു പറഞ്ഞു. അന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കമന്റ്‌ ശ്രദ്ധേയമായിരുന്നു–ഐ.എം.എ. ഒരു സംഘടന മാത്രമാണ്‌, വിദഗ്‌ധസമിതി അല്ല. കേരളത്തില്‍ പിന്നീടും ഒരിക്കലും 60 ലക്ഷം രോഗികള്‍ ഉണ്ടായില്ലെന്നു മാത്രമല്ല, കൊവിഡിനെ ഫലപ്രദമായി പിടിച്ചു കെട്ടാന്‍ കഴിയുകയും ചെയ്‌തു.

ഐ.എം.എ. എന്ന സംഘടന അവര്‍ക്ക്‌ കിട്ടുന്ന ചില വിവരങ്ങള്‍ വെച്ച്‌ നിഗമനങ്ങളിലെത്തുന്ന രീതി എത്രമാത്രം അശാസ്‌ത്രീയമാണെന്ന്‌ പിന്നീട്‌ തെളിഞ്ഞ കഴിഞ്ഞ കാര്യമാണ്‌. എങ്കിലും കൊവിഡ്‌ പ്രതിരോധക്കാര്യത്തില്‍ സംഘടന എപ്പോഴും സര്‍ക്കാരിന്റെ വിര്‍ശക പക്ഷത്താണ്‌ നിലകൊണ്ടത്‌.
രണ്ടാം തരംഗം നേരിടാന്‍ സര്‍ക്കാര്‍ ലോക്‌ ഡൗണ്‍ കടുപ്പിച്ചപ്പോള്‍ ഐ.എം.എ. അതിനെതിരെ രംഗത്തു വന്നു. നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടത്തെ വര്‍ധിപ്പിക്കുകയേ ഉള്ളൂ എന്നും ഇങ്ങനെ നിയന്ത്രിക്കാതെ എല്ലായിടവും തുറന്നിടണമെന്നും ഐ.എം.എ.പ്രസിഡണ്ട്‌ സുള്‍ഫി നൂഹു മാധ്യമങ്ങളോട്‌ പറഞ്ഞു. സര്‍ക്കാരിന്റെ ലോക്‌ഡൗണ്‍ രീതി തെറ്റാണെന്നും ഐ.എം.എ. പ്രചരിപ്പിച്ചു. ജൂലായ്‌ പതിനാറു മുതല്‍ കേരളത്തിലെ പ്രബല വ്യാപാരി സംഘടന കട തുറക്കല്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ അവരുടെ വികാരം കൂടി മാനിച്ച്‌ ഇളവുകള്‍ പ്രഖ്യാപിച്ചു. ബക്രീദ്‌, ഓണം വിപണി തങ്ങള്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ തടയണമെന്ന വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയും ബക്രീദ്‌ പ്രമാണിച്ച്‌ മൂന്നു ദിവസം കൊവിഡ്‌ തീവ്രത കുറഞ്ഞ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ മതാനുഷ്‌ഠാനങ്ങള്‍ക്കോ പള്ളികളിലെ ആരാധനയ്‌ക്കോ പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നുമില്ല.

thepoliticaleditor

അങ്ങനെ നല്‍കുന്നു എന്ന വ്യാഖ്യാനിച്ച്‌ ചില പ്രത്യേക താല്‍പര്യമുള്ള വിഭാഗം മതവിദ്വേഷം വളര്‍ത്തുന്ന പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ ഐ.എം.എ. നേരത്തെയുള്ള നിലപാടില്‍ നിന്നും കരണം മറിഞ്ഞ്‌, ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന പ്രചാരണം ഏറ്റെടുത്തു. നിയന്ത്രിക്കുമ്പോള്‍ തുറന്നു വിടണമായിരുന്നുവെന്നും ഇളവുകള്‍ വരുത്തുമ്പോള്‍ അത്‌ അനാവശ്യവും അനുചിതവുമെന്നും കഴിഞ്ഞ ദിവസം ഐ.എം.എ. അഭിപ്രായപ്പെട്ടു. ഇളവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഏതു തരം പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡോക്ടര്‍ സംഘടന ഇത്തരം നിഗമനങ്ങള്‍ അവതരിപ്പിക്കുന്നത്‌ എന്ന്‌ എവിടെയും വ്യക്തമാക്കിയിട്ടില്ല. യഥാര്‍ഥത്തില്‍ ശാസ്‌ത്രീയമായൊരു നയം കൊവിഡ്‌ പ്രതിരോധക്കാര്യത്തില്‍ ഇല്ലാത്ത സംഘടനയാണ്‌ ഐ.എം.എ. എന്ന വിമര്‍ശനം അവര്‍ക്കെതിരെ ഉയര്‍ന്നു കഴിഞ്ഞു.

Spread the love
English Summary: double stand of indian medical association in covid relaxations invites crticsm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick