Categories
exclusive

കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെച്ചൊല്ലി ചര്‍ച്ച കൊഴുക്കുന്നു, വിശദാംശം പിന്നീട് പറയാമെന്ന് മുഖ്യമന്ത്രി, ഓണ്‍ലൈനിലാക്കണമെന്ന് ഐ.എം.എ.

കേരളത്തിലെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങ് കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവാദബിന്ദുവായിത്തീരുന്നു. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വരുന്ന തിരുവനന്തപുരത്ത് മെയ് 20-നാണ് സത്യപ്രതിജ്ഞ. 750 പേര്‍ക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് ക്രമീകരണം. ഇതിനായി പന്തല്‍ പണി തുടങ്ങി. സാമൂഹിക അകലം പാലിച്ച് സീറ്റുകള്‍ ക്രമീകരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പൊതുജനത്തിന് പ്രവേശനമില്ല. മന്ത്രിമാര്‍,മുന്‍മന്ത്രിമാര്‍,അവരുടെ കുടുംബാംഗങ്ങള്‍, എം.എല്‍.എ.മാര്‍, മുന്‍ എം.എല്‍.എ.മാര്‍ എന്നിവരായിരിക്കും സദസ്സ്. എല്ലാവരുടെയും കൊവിഡ് പരിശോധന നടത്തിയ ശേഷമായിരിക്കും പ്രവേശനം–ഇതൊക്കെയാണ് സംഘാടകര്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ട്രിപ്പിള്‍ ലോക് ഡൗണിലിരിക്കുന്ന തിരുവനന്തപുരത്ത് 750 പേര്‍ പങ്കെടുക്കുന്ന ചടങ്ങ് സര്‍ക്കാര്‍ തന്നെ നടത്തുന്നതില്‍ വലിയ അഭിപ്രായവ്യത്യാസം ഉയര്‍ന്നിരിക്കയാണ്. വിവാഹം ഉള്‍പ്പെടെയുള്ള അത്യാവശ്യ ചടങ്ങുകള്‍ക്ക് 20 പേരില്‍ ഒരാള്‍ അധികരിച്ചാല്‍ കേസെടുക്കുമെന്നാണ് സര്‍ക്കാരിന്റെ നിലവിലുള്ള ചട്ടം. ഇത് കര്‍ക്കശമായി നടപ്പാക്കുന്നവര്‍ തന്നെ ഇത്തരം ചടങ്ങ് വിപുലമായി നടത്തുന്നത് തുല്യതയെ പരിഹസിക്കലാണെന്നും വിവേചനമാണെന്നും അഭിപ്രായം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാകട്ടെ മുഖ്യമന്ത്രി തക്കസമയത്ത് എല്ലാം അറിയിക്കും എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. എല്ലാം പരമാവധി ചുരുക്കത്തില്‍ മാത്രമേ നടത്തൂ എന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ 750 പേര്‍ പങ്കെടുക്കുന്ന ചടങ്ങായിരിക്കും എന്ന് നേരത്തെ പുറത്തു വന്ന വിവരം സര്‍ക്കാര്‍ നിഷേധിക്കുന്നുമില്ല.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകം സത്യപ്രതിജ്ഞാചടങ്ങ് സര്‍ക്കാര്‍ തന്നെ കൊവിഡ് ചട്ടം പാലിക്കാതെ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നു. സത്യപ്രതിജ്ഞ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്നാണ് ഐ.എം.എ. ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തിന് പുതിയ സര്‍ക്കാര്‍ നല്‍കുന്ന മികച്ച ഒരു കൊവിഡ് നിയന്ത്രണ സന്ദേശമായിരിക്കും അതെന്നാണ് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്.
ഇടതു സഹയാത്രികരില്‍ തന്നെയും സമാനമായ അഭിപ്രായം ഉണ്ട്. അറിയപ്പെടുന്ന ഇടതുസഹയാത്രികനും മാധ്യമപ്രവര്‍ത്തകനുമായ കെ.ജെ.ജേക്കബ് സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയില്‍ സത്യപ്രതിജ്ഞ നടത്തുന്നതിലെ അനൗചിത്യം എടുത്തു പറയുന്നു.

thepoliticaleditor
കെ.ജെ.ജേക്കബ്

” ഇന്നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു വിവാഹം നടന്നാൽ ഏറ്റവും അടുത്ത ബന്ധുക്കൾക്കുപോലും പങ്കെടുക്കാൻ പറ്റില്ല. 21 പേര് പങ്കെടുത്താൽ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോൾ.അപ്പോൾ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടിൽ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്‌ഥ സൃഷ്ടിക്കലാണ്. നിയുക്തമന്ത്രിമാരുടെ ബന്ധുക്കൾ കാസർഗോഡുമുതൽ പല സ്‌ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തിര ഘട്ടത്തിൽ അത് ചെയ്യേണ്ട എന്നല്ല; എന്നാൽ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവർക്ക് മാത്രമായി നാട്ടിൽ വേറെ നിയമമില്ല. ഒഴിവുകഴിവുകൾ എത്രവേണമെങ്കിലും കണ്ടുപിടിക്കാം; അതിനൊന്നും ഒരു പ്രയാസവുമില്ല. പക്ഷെ നാട്ടിലെ എല്ലാ നിയമങ്ങളിൽനിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ അഭംഗി ബന്ധപ്പെട്ടവർ മനസിലാക്കണം. സെൻട്രൽ സ്റേഡിയത്തിൽവച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം”–ജേക്കബ്ബ് ഫേസ്ബുക്കില്‍ എഴുതി.

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും മുഖ്യമന്ത്രിയും മന്ത്രിമാരും ചുതലയേറ്റു കഴിഞ്ഞു. കേരളം മാത്രമാണ് ബാക്കിയുള്ളത്. മെയ് 16 വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കഴിഞ്ഞ് സത്യപ്രതിജ്ഞ എന്ന നിലയിലാണ് മെയ് 20-ലേക്ക് വെച്ചത്. എന്നാല്‍ ലോക് ഡൗണ്‍ നീട്ടി എന്നു മാത്രമല്ല, തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ എ്ന്ന് അതികര്‍ക്കശ നിയന്ത്രവുമാണ്. സാമൂഹികമായ ഒരു ചടങ്ങു പോലും പാടില്ല എന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കിയ ജില്ലകളില്‍ കര്‍ശന നിര്‍ദ്ദേശവും ഉണ്ട്.

കെ.ആര്‍.ഗൗരിയമ്മയുടെ മരണദിവസം സര്‍ക്കാരിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലവും ഉണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സന്ദര്‍ഭത്തില്‍ സാമൂഹിക അകലം പാലിച്ചില്ല എന്നതായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം. ലോക്ഡൗണ്‍ മാനദണ്ഡം നാല് മണിക്കൂര്‍ നേരത്തേക്ക് ഇളവു ചെയ്യുകയും 300 പേര്‍ക്ക് ശവസംസ്‌കാര ചടങ്ങിന് പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നിട്ടും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ സമൂഹത്തില്‍ പാലിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത് സ്വയം പാലിക്കുന്നില്ല എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍.

സത്യപ്രതിജ്ഞാക്കാര്യത്തെ പറ്റി ശനിയാഴ്ച മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന,് പിന്നീട് കൃത്യമായി കാര്യങ്ങള്‍ പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ നിന്നും സി.പി.എമ്മും ഇടതു നേതൃത്വവും സത്യപ്രതിജ്ഞക്കാര്യത്തില്‍ ചില വീണ്ടുവിചാരത്തിലാണെന്ന സൂചന വായിച്ചെടുക്കാവുന്നതാണ്. രണ്ടു സാധ്യതകളാണ്.ഒന്ന്, സത്യപ്രതിജ്ഞ സര്‍ക്കാരിന്റെ തന്നെ ഏതെങ്കിലും ഹാളില്‍ ഏറ്റവും കുറഞ്ഞ സദസ്സിനു മുന്നിലോ അല്ലെങ്കില്‍ സദസ്സില്ലാതെ ഓണ്‍ലൈനായി എല്ലാവര്‍ക്കും വീക്ഷിക്കാവുന്ന രീതിയിലോ നടത്തുക. അല്ലെങ്കില്‍ തീയതി വീണ്ടും മാറ്റി 23-ന് ശേഷം ചടങ്ങ് നടത്തുക.
എന്തായാലും അത്തരമൊരു മാതൃക പരക്കെ പ്രശംസിക്കപ്പെടും എന്ന കാര്യത്തില്‍ രണ്ടുപക്ഷമുണ്ടാവില്ല.

കെ.ജെ.ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ :

മുൻകരുതൽ ഒക്കെ കൊള്ളാം; പക്ഷെ അതിലൊരു മര്യാദകേടുണ്ട്.മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക എന്നത് ഭരണഘടനാപരമായ ഒരു ബാധ്യതയാണ്. അതിനു ചുമതല ഏൽക്കുന്നവരും ഏൽപ്പിക്കുന്നവരും ഉണ്ടായാൽ മതി. എന്നുവച്ചാൽ മന്ത്രിമാരും ഗവർണറും ചീഫ് സെക്രട്ടറിയും പിന്നെ ചടങ്ങു നടക്കാൻ ആവശ്യമായ അത്യാവശ്യം ആളുകളും.സാധാരണ ഗതിയിൽ ഇത് ഒരുത്സവം ആകേണ്ടതാണ്. തങ്ങളുടെ നിലനില്പിനുനേരെ നിരന്തരം വന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ മുന്പിൽനിന്ന ഒരു മുന്നണിയ്ക്കു ജനങ്ങൾ കൊടുത്ത അംഗീകാരമാണ് ഈ ജനവിധി എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു മന്ത്രിസഭാ അധികാരമേൽക്കുന്ന ചടങ്ങ് ഉത്സവം ആകേണ്ടതാണ്.പക്ഷെ ഇന്നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു വിവാഹം നടന്നാൽ ഏറ്റവും അടുത്ത ബന്ധുക്കൾക്കുപോലും പങ്കെടുക്കാൻ പറ്റില്ല. 21 പേര് പങ്കെടുത്താൽ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോൾ.അപ്പോൾ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടിൽ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്‌ഥ സൃഷ്ടിക്കലാണ്. നിയുക്തമന്ത്രിമാരുടെ ബന്ധുക്കൾ കാസർഗോഡുമുതൽ പല സ്‌ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തിര ഘട്ടത്തിൽ അത് ചെയ്യേണ്ട എന്നല്ല; എന്നാൽ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവർക്ക് മാത്രമായി നാട്ടിൽ വേറെ നിയമമില്ല. ഒഴിവുകഴിവുകൾ എത്രവേണമെങ്കിലും കണ്ടുപിടിക്കാം; അതിനൊന്നും ഒരു പ്രയാസവുമില്ല. പക്ഷെ നാട്ടിലെ എല്ലാ നിയമങ്ങളിൽനിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ അഭംഗി ബന്ധപ്പെട്ടവർ മനസിലാക്കണം. സെൻട്രൽ സ്റേഡിയത്തിൽവച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം.അത്യാവശ്യം ഉള്ളവർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി രാജ്ഭവനിൽവച്ചുതന്നെ നടത്താം. അങ്ങിനെയെങ്കിൽ പന്തൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അനാമത്തു പണികൾ ഒഴിവാക്കാം.ഓൺലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും; സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽപ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും.

Spread the love
English Summary: SWEARING IN CEREMONY OF KERALA CHIEFMINISTER SHEDULED ON MAY 20TH INVITES SOME STRONG CRITICISM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick