Categories
latest news

ഗാസ യുദ്ധസമാനം, ഇസ്രായേല്‍ ബോംബിങില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് സമുച്ചയം ഉള്‍പ്പെടെ നിലംപൊത്തി, അസ്വസ്ഥനായി യു.എന്‍. സെക്രട്ടറി ജനറല്‍, മരണം 140

അന്താരാഷ്ട്ര സമൂഹം കാര്യമായി ഇടപെടാതെ നില്‍ക്കവേ ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം ഗാസ മുനമ്പില്‍ സൃഷ്ടിച്ചിരിക്കുന്നത് യുദ്ധസമാന അന്തരീക്ഷം. ഗാസയിലെ വന്‍ കെട്ടിട സമുച്ചയങ്ങളിലേക്ക് ഇസ്രായേല്‍ വലിയ തോതില്‍ ബോംബിങ് നടത്തി. ജനവാസകേന്ദ്രങ്ങള്‍ തരിശാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് വിമര്‍ശനം. പാലസ്തീനികള്‍ വലിയ തോതില്‍ പലായനം ചെയ്തു കൊണ്ടിരിക്കുന്നു. ഇസ്രായേല്‍ ലക്ഷ്യമിടുന്നതും ഇത്തരം ഒഴിഞ്ഞു പോക്കാണ്.

ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 140 പലസ്തീന്‍കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 40 പേര്‍ കുട്ടികളാണ്. 1300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

thepoliticaleditor

അതിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി ടെലഫോണില്‍ സംസാരിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ ്അവകാശമുണ്ടെന്ന മുന്‍ വാദം ബൈഡന്‍ ആവര്‍ത്തിച്ചു. പലസ്തീന്‍ പ്രസിഡണ്ട മെഹമൂദ് അബ്ബാസുമായും ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ഹമാസ് അവരുടെ റോക്കറ്റാക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ബൈഡന്‍ ആവശ്യമുന്നയിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ നിന്നും ഇസ്രായേലിലെ അഷ്‌കെലോണിലേക്ക് ഹമാസ് അയക്കുന്ന റോക്കറ്റുകള്‍ ആകാശത്തില്‍ സഞ്ചരിക്കുന്നതിന്റെ രാത്രിദൃശ്യം….(ഫോട്ടോ- റോയിട്ടേഴ്‌സ്)

ഇസ്രായേല്‍ ഇന്നലെ രാത്രി നടത്തിയ ബോംബാക്രമണത്തില്‍ തകര്‍ന്ന ഗാസ സിറ്റിയിലെ കെട്ടിടസമുച്ചയം അന്താരാഷ്ട്രമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഉള്ളതാണ്. മാധ്യമ ഓഫീസുകള്‍ തകര്‍ക്കപ്പെട്ടതില്‍ ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത അസ്വസ്ഥത രേഖപ്പെടുത്തി. അസോഷ്യേറ്റഡ് പ്രസ്, അല്‍ ജസീറ ടി.വി. തുടങ്ങിയ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ച് നില കെട്ടിടമാണ് തകര്‍ത്തത്. ഹമാസ് ഈ കെട്ടിടത്തില്‍ അവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാരണമാണ് ഇസ്രായേല്‍ ഡിഫന്‍സ് അധികൃതര്‍ പറയുന്ന ന്യായം. കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ബോംബിട്ടതെന്നും അവര്‍ പറയുന്നു.

സാധാരണ ജനങ്ങളുടെ മരണവും പരിക്കും വര്‍ധിക്കുന്നതില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉല്‍കണ്ഠ പ്രകടിപ്പിച്ചു. ഒരു കുടുംബത്തിലെ പത്ത് പേര്‍, കുട്ടികള്‍ ഉള്‍പ്പടെ, ആക്രമണത്തില്‍ മരിച്ചത് ആശങ്കാജനകമാണ്. ഹമാസ് നേതാവിനെ ഉന്നം വെച്ച് നടത്തിയ വ്യോമാക്രമണത്തിലാണ് സിവിലിയന്‍മാര്‍ക്ക് അപകടം നേരിട്ടത്. ജനവാസകേന്ദ്രങ്ങളെയും കെട്ടിടങ്ങളെയും ലക്ഷ്യം വെക്കുന്നതില്‍ ഗുട്ടെറസ് അസ്വസ്ഥത പ്രകടിപ്പിച്ചു.

ഇസ്രായേല്‍ ബോബിങിനോടനുബന്ധിച്ച് പാലസ്തീനിലെ ഏറ്റവും വലിയ നഗരമായ ഗാസസിറ്റിയില്‍ വൈദ്യുതിബന്ധം മുഴുവനായി വിച്ഛേദിച്ചിരിക്കയാണ്. ഹമാസിന്റെ തന്ത്രപ്രധാനമായ ഓഫീസ് തകര്‍ത്തിരിക്കയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇന്നലെ മുതല്‍ തുടങ്ങിയ ബോംബാക്രമണത്തില്‍ ഒട്ടേറെ കെട്ടിടവും ജനവാസ കേന്ദ്രങ്ങളും ഇസ്രായേല്‍ സേന തകര്‍ത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി( ഇന്ത്യന്‍ സമയം വൈകീട്ട് 7 മണി) ഹമാസ് തങ്ങളുടെ ആക്രമണം രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അര്‍ധരാത്രിക്കു ശേഷം അവര്‍ റോക്കറ്റാക്രമണം വീണ്ടും തുടങ്ങി. ഗാസസിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ നടത്തിയ കനത്ത ബോംബിങ്ങിനെത്തുടര്‍ന്നാണ് തങ്ങളും ആക്രമണം തുടങ്ങുന്നതെന്ന് ഹമാസ് വ്യക്തമാക്കി.
ഹമാസ് കഴിഞ്ഞ ഒരാഴ്ചയായി ആകെ 2,800 റോക്കറ്റുകള്‍ ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് തൊടുത്തു വിട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം ഇന്നലെ പറഞ്ഞു. തിരിച്ച് ഗാസയിലെ 672 ലക്ഷ്യങ്ങളിലേക്ക് തങ്ങള്‍ തിരിച്ചടിച്ചതായും സൈന്യം അറിയിച്ചു.

Spread the love
English Summary: WAR LIKE SITUATION IN GAZA, DEADLY BOMBING OF ISRAEL, DESTROYED INTERNATIONAL MEDIA OFFICES ALSO

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick