Categories
kerala

ശശി തരൂര്‍ സ്ത്രീയെ എഴുതി മാനം കെടുത്തി, കേസില്‍ ക്രിമിനല്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കേരളത്തിലെ നായര്‍ സ്ത്രീകളെ അപമാനിച്ചു എന്ന് കാണിച്ച് സന്ധ്യ ശ്രീകുമാര്‍ എന്ന സ്ത്രീ ശശി തരൂര്‍ എം.പി.ക്കെതിരെ നല്‍കിയ കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ആരംഭിച്ച ക്രിമിനല്‍ നടപടികള്‍ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് പി. ഗോപിനാഥ് ആണ് സ്റ്റേ ഉത്തരവ് നല്‍കിയത്.
ശശി തരൂര്‍ 1989-ല്‍ പ്രസിദ്ധീകരിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന കൃതിയില്‍ കേരളത്തിലെ നായര്‍ പെണ്ണുങ്ങളെ അപമാനിക്കുന്ന ഭാഗം ഉണ്ടെന്നതാണ് സന്ധ്യ ശ്രീകുമാറിന്റെ അനുഭവം. തന്നോട് ഒരു സുഹൃത്ത് ഈ കൃതിയിലെ ഭാഗം ചൂണ്ടിക്കാട്ടി കമന്റ് ചെയ്തത് അപമാനകരമായി എന്നാണ് ശശി തരൂരിനെതിരെ ഡിഫേമേഷന്‍ പെറ്റീഷന്‍ നല്‍കാന്‍ കാരണമായത്. ‘പണ്ടത്തെ നായര്‍ പുരുഷന്‍മാര്‍ അവരുടെ ഭാര്യമാരുടെ അടുത്തു ചെല്ലുമ്പോള്‍ മുറിക്കു പുറത്ത് വേറെ പുരുഷന്‍മാരുടെ ചെരുപ്പ് ഉണ്ടോ എന്ന് നോക്കിയിട്ടായിരുന്നു ഭാര്യ തനിച്ചാണോ അല്ലയോ എന്ന് തീരുമാനിച്ചിരുന്നത്’ എന്ന നോവിലിലെ ആഖ്യാനമാണ് ഹര്‍ജിക്കാരി നായര്‍ സ്ത്രീയുടെ ചാരിത്ര്യത്തെ അപമാനിക്കുന്ന ഭാഗമായി ചൂണ്ടിക്കാട്ടിയത്.

ഇതില്‍ പരാതിക്കാരിക്ക് അപമാനം ഉണ്ടായത് മറ്റൊരു സംഗതിയിലാണ്. സന്ധ്യ ശ്രീകുമാറിന്റെ ഒരു സുഹൃത്ത് അവരോട് മുറിക്കു പുറത്ത് ആരുടെയെങ്കിലും ചെരുപ്പുണ്ടോ അതോ തനിച്ചാണോ എന്ന് ചോദിച്ചത് തന്റെ ചാരിത്ര്യത്തെ സംശയിക്കുന്ന തരം കമന്റ് ആയി തോന്നി എന്നും ഇതിനു കാരണം ശശി തരൂരിന്റെ സമാന പരാമര്‍ശമാണെന്നും സന്ധ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സ്ത്രീയുടെ ചാരിത്ര്യത്തെ അപമാനിക്കുന്ന പരാമര്‍ശത്തിനെതിരെയാണ് നോവലിസ്റ്റിനെതിരെ കേസ് നല്‍കിയത്.
തിരുവനന്തപുരം അഡിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കേസില്‍ ന്യായാധിപന്‍ അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യാവുന്ന കുറ്റം ഉണ്ടെന്ന് കണ്ടെത്തിയ പ്രകാരം, ശശി തരൂരിന് സമന്‍സ് അയക്കുകയും ചെയ്തു. ഇതിനെതിരെ ശശി തരൂര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

thepoliticaleditor

പഴയകാലത്ത് നായര്‍സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യത്തിന്റെ സൂചനകളിലൊന്നാണ് തന്റെ പരാമര്‍ശത്തിലുളളത് എന്ന് ശശി തരൂര്‍ തന്റെ നോവലിലെ ആഖ്യാനത്തെ ന്യായീകരിച്ചു. പ്രാചീന കേരളചരിത്രകാരന്‍മാരായ എ.ശ്രീധരമേനോനും കെ.പി.പത്മനാഭ മേനാനും കേരളത്തിലെ നായര്‍സ്ത്രീകളുടെ ലൈംഗികമായ സ്വാതന്ത്ര്യത്തെക്കുറിച്ചും പുരുഷനു മേല്‍ അവര്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും വിശദമാക്കിയ കൂട്ടത്തില്‍ താന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ശശി തരൂര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പുരുഷന്റെ ചൊല്‍പ്പടിയിലല്ലായിരുന്നു സ്ത്രീ. അവര്‍ക്ക് ഏത് പുരുഷനെ സ്വീകരിക്കണം എന്ന സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നു.
മാത്രമല്ല, നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി – ഇന്ത്യാ ഗവണ്‍മെന്റ് കേസില്‍ ഉണ്ടായ വിധിയും ഹര്‍ജിക്കാരന്‍ എടുത്തു കാട്ടി. അതു പ്രകാരം, സ്ത്രീയെ അപമാനിക്കുന്നതിന് ബോധപൂര്‍വ്വം നടത്തുന്ന പരാമര്‍ശങ്ങള്‍, അതും പരാതി ആര്‍ക്കാണോ അവരെ നേരിട്ട് അപമാനിക്കുന്ന തരം പ്രതികരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ എന്നും വെറുതെ പൊതുവായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ അപമാനിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്നും വിധിയുണ്ട് എന്നതും തരൂരിന്റെ വക്കീല്‍ വിശദീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

മഹാഭാരതത്തെയും അതിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും പശ്ചാത്തലമാക്കി ഇന്ത്യന്‍ ജനാധിപത്യത്തിലെ ഭരണാധികാരികളെയും സന്ദര്‍ഭങ്ങളെയും ആക്ഷേപഹാസ്യത്തോടെ അവതരിപ്പിച്ച കൃതിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍.

Spread the love
English Summary: high-court-issued-a-stay i a criminal defamation case against sasi tharoor mp

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick