Categories
alert

ഹോട്ടലുകളുമായി ചേര്‍ന്ന് ‘വാക്‌സിനേഷന്‍ സുഖവാസ പാക്കേജ്’ : ആശുപത്രികള്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ പാക്കേജ് എന്ന പേരില്‍ ആഡംബര ഹോട്ടലുകളുമായി ചേര്‍ന്ന് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ മുന്നറിയിപ്പു നല്‍കി.
ദേശീയ വാക്‌സിനേഷന്‍ ദൗത്യത്തിന്റെ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും ലംഘനമാണ് ഈ തരം വാക്‌സിനേഷന്‍ പാക്കേജുകള്‍ എന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ചില ആഡംബര ഹോട്ടലുകളുടെ പരസ്യം പുറത്തുവന്നതിനെത്തുടര്‍ന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് കേന്ദ്രം കത്തെഴുതിയത്.

കൊവിഡ് വാക്‌സിനേഷന്‍ പാക്കേജ് എന്ന പേരില്‍ ആഡംബര ഹോട്ടലിന്റെതായി വന്ന പരസ്യത്തില്‍ പ്രശസ്തമായ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നല്‍കുന്ന വാക്‌സിനേഷന്‍ ഒപ്പം സുഖകരമായ താമസം, ആരോഗ്യപ്രദമായ പ്രഭാത ഭക്ഷണവും അത്താഴവും, ഇന്റര്‍നെറ്റ് വൈഫൈ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിറകെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ‘ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനില്ലാത്ത വാക്‌സിന്‍ എങ്ങിനെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാകുന്നത്’ എന്ന വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളും വിമര്‍ശനം ഏറ്റെടുത്തു.
വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശപ്രകാരം, കുത്തിവെപ്പ് നടത്തേണ്ടതിന് അംഗീകരിക്കപ്പെട്ടിരിക്കുന്നത് സര്‍ക്കാരിന്റെയോ സ്വകാര്യമേഖലയുടെയോ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, വയസ്സായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഹൗസിങ് സൊസൈറ്റികള്‍ സംഘടിപ്പിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍,പഞ്ചായത്ത് ഭവനുകള്‍, സ്‌കൂളുകളും കോളേജുകളും, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ വാക്‌സിന് നല്‍കാനും സ്വീകരിക്കാനും പാടുള്ളൂ എന്ന് കേന്ദ്രം അയച്ച കത്തില്‍ പറയുന്നു. ഇതല്ലാത്ത സംവിധാനത്തില്‍ വാക്‌സിന്‍ നല്‍കിയാല്‍ അത് കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

thepoliticaleditor
Spread the love
English Summary: CENTRAL GOVERNMENT ALERTS AGAINST VACCINATION CUM COMFORT STAY PACKAGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick