മെയ് നാലിന് പരീക്ഷയെഴുതാനിരിക്കുന്ന 36 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതാനാവാതെ ത്രിശങ്കുവിലായിരിക്കുന്നത്. പത്താം ക്ലാസില്‍ 21.50 ലക്ഷം കുട്ടികളും പന്ത്രണ്ടാം ക്ലാസില്‍ 14.30 ലക്ഷം കുട്ടികളുമാണ് സി.ബി.എസ്.ഇ. സിലബസില്‍ പഠിക്കുന്നത്. പത്താംക്ലാസുകാരെ മുഴുവന്‍ പ്രമോട്ട് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം. അതില്‍ തൃപ്തി ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരീക്ഷ നടത്തും.
മോദി ആവശ്യപ്പെട്ടു
രണ്ടു പരീക്ഷകളും നീട്ടിവെച്ചാല്‍ മതിയെന്നായിരുന്നു ഇതു സംബന്ധിച്ച് ചേര്‍ന്ന ഉന്നത തലയോഗത്തില്‍ വിദഗ്ധര്‍ ധാരണയിലെത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയാണ് ഈ തീരുമാനത്തില്‍ കാതലായ മാറ്റം നിര്‍ദ്ദേശിച്ചത്. എല്ലാകാര്യങ്ങളും വിശദമായി കേട്ട ശേഷം മോദി, പത്താംക്ലാസ് പരീക്ഷ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളെ ഇനിയും അനിശ്ചിതമായി ബുദ്ധിമുട്ടിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ വേണ്ടെന്ന് വെക്കാന്‍ മോദി ആവശ്യപ്പെട്ടു.
12-ാംക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ നീട്ടി വെക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവരുടെ പരീക്ഷ മെയ് നാലിന് തുടങ്ങി ജൂണ്‍ 14 ന് അവസാനിക്കേണ്ടതായിരുന്നു. എന്തു വന്നാലും ജൂണ്‍ അവസാനത്തോടെ മാത്രമേ ഇവരുടെ പരീക്ഷ നടക്കുകയുള്ളൂ. കാരണം കുറഞ്ഞത് 15 ദിവസം മുന്‍ കൂട്ടി പ്രഖ്യാപിച്ചു മാത്രമേ പരീക്ഷ നടത്തൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നാം തീയതി മാത്രമേ ഇതിനായി സി.ബി.എസ്.ഇ. ബോര്‍ഡ് യോഗം ചേരൂ.
ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ല
പന്ത്രണ്ടാം ക്ലാസുകാര്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കാന്‍ ഇന്നത്തെ നിലയില്‍ കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടാണ് എന്നാണ് വിലയിരുത്തല്‍.