ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ആരായിരിക്കും ഇടതു മന്ത്രിസഭയിലെ സി.പി.എമ്മിന്റെ മുസ്ലീം ന്യൂനപക്ഷസമൂദായ പ്രതിനിധി..? ഈ ചര്‍ച്ച എത്ര കറങ്ങിത്തിരിഞ്ഞാലും എത്തി നില്‍ക്കുക കെ.ടി.ജലീലില്‍ തന്നെയായിരിക്കും.
കെ.ടി.ജലീലിനു വേണ്ടി സി.പി.എമ്മിലെ ഏത് നിയമവും വഴിമാറും. ഏത് കല്ലേപ്പിളര്‍ക്കുന്ന കല്‍പനയും പുറപ്പെടും. കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ക്കു പോലും കര്‍ക്കശമായി ബാധകമാക്കിയ നിബന്ധനകള്‍ പോലും ജലീലിനു ബാധകമായില്ല. തിരഞ്ഞെടുപ്പില്‍ മാത്രമല്ല, പാര്‍ടിയുടെ സൂപ്പര്‍ ഇവന്റുകളിലെല്ലാം ജലീല്‍ പ്രധാന സ്ഥാനത്താണ്. ഒരു കേരള യാത്ര നടത്തിയാല്‍ പാര്‍ടി അംഗം പോലുമല്ലാത്ത ജലീല്‍ യാത്രയിലെ സ്ഥിരാംഗമാണ്. മുസ്ലീങ്ങളെ സ്വാധീനിക്കാനുള്ള ഏത് തീരുമാനത്തിലും ജലീലിന്റെ കയ്യൊപ്പിനായി സി.പി.എം. കാത്തിരിക്കുന്നു.
പാര്‍ടിയില്‍ ധാരാളം മുസ്ലീം കേഡര്‍മാര്‍ ഉണ്ട്. മുന്‍കാലത്ത് ഉന്നത നേതൃത്വത്തില്‍ തന്നെ മികച്ച മുസ്ലീം സമുദായാംഗങ്ങള്‍ ഉണ്ടായിരുന്നു. ഇ.കെ. ഇമ്പിച്ചി ബാവ, കെ.സെയ്താലിക്കുട്ടി എന്നിവരുടെ ഓര്‍മകള്‍…. പാലോളി മുഹമ്മദ് കുട്ടി മുതല്‍ എളമരം കരീം വരെയുള്ളവര്‍ ഇപ്പോഴും പാര്‍ടിയുടെ മുസ്ലീംമുഖമായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാമായിരുന്നു മുന്‍കാലത്ത് ഇടതുമുന്നണി മന്ത്രിസഭയില്‍ മുസ്ലം പ്രാതിനിധ്യമായി പാര്‍ടിയില്‍ നിന്നും വന്നിരുന്നവര്‍. പിണറായി വിജയനാണ് അതിലൊരു മാറ്റം ഉണ്ടാക്കിയത്. മുസ്ലീം സമുദായത്തിന്റെ പ്രതിനിധിയായി പിണറായി കൊണ്ടുവന്ന നേതാവാണ് ജലീല്‍.പാര്‍ടി അംഗമല്ലാത്ത ഒരാള്‍ക്ക് പാര്‍ടി നേതാവിന്റെ പദവിയും മന്ത്രിസഭാംഗത്വവും കിട്ടിയത് അങ്ങനെയായിരുന്നു. പിണറായിയുടെ കാന്തപുരം സുന്നി, പി.ഡി.പി. ബന്ധം ഉള്‍പ്പെടെ ഇഷ്ടമില്ലാതിരുന്ന വി.എസ്.അച്യുതാനന്ദന്‍ അന്ന് മലപ്പുറത്തെ പല രീതിയിലും വിമര്‍ശിച്ചപ്പോള്‍ പിണറായി അതിനെ തടുത്തത് ജലീല്‍ നല്‍കിയ കവചം ഉപയോഗിച്ചായിരുന്നു. മുഖ്യമന്ത്രിയാകാന്‍ പാകത്തില്‍ പിണറായി നടത്തിയ കേരളയാത്രയുടെ തുടക്കം തൊട്ട് അതില്‍ പങ്കെടുക്കാതെ മാറി നിന്ന അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പിന്നീട് കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ശംഖുമുഖം കടപ്പുറത്തെ സമാപനപരിപാടിയില്‍ പങ്കെടുത്തതും അന്ന് പിണറായി നടത്തിയ “ബക്കറ്റിലെ വെള്ളവും തിരമാലയും ഉപമ”യുള്ള പ്രസംഗവും പ്രസിദ്ധമാണല്ലോ. ഒരു ഉറുദു കവിതയുണ്ട് എന്നു പറഞ്ഞാണ് പിണറായി അന്ന് ആ ഉപമ പറഞ്ഞത്. വി.എസിന് കുറിക്കു കൊള്ളുന്ന ആ വിമര്‍ശനം പിണറായിക്ക് പറഞ്ഞു കൊടുത്തത് ജലീല്‍ ആണെന്ന് അന്ന് എല്ലാവരും അറിയുന്ന കാര്യമാണ്.
പിന്നീട് ജലീല്‍ പാര്‍ടിയിലെ മുസ്ലീം മുഖമായി മാറുന്ന കാഴ്ചയാണ് ഉണ്ടായത്. മന്ത്രിസഭയില്‍ പരമ്പരാഗത മുസ്ലീം നാമധാരി നേതാക്കളെ പിന്തള്ളി ജലീല്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
2006-ല്‍ അന്നത്തെ കുറ്റിപ്പുറം മണ്ഡലത്തില്‍ ജലീല്‍ ലീഗ് വിമതനായി മല്‍സരിച്ച് പരാജയപ്പെടുത്തിയത് കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരിക്കലും പരാജയപ്പെടുത്താനാവാത്ത നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടിയെത്തന്നെയായിരുന്നു. ഇത് സി.പി.എമ്മില്‍ ജലീലിന് നല്‍കിയത് ഒരു താര പദവി തന്നെയായിരുന്നു. നിരോധിക്കപ്പെട്ട സംഘടനയായ സിമി-യുടെ നേതാവായിരുന്നു നേരത്തെ ജലീല്‍. പിന്നീടാണ് യൂത്ത് ലീഗ് ജനറല്‍സെക്രട്ടറിയായി കൂടു മാറിയത്. അവിടെ കുഞ്ഞാലിക്കുട്ടിക്ക് അപ്രിയനായി. പാര്‍ടി വിടേണ്ടിവരികയും ചെയ്തു. എന്നാല്‍ ലീഗിതര മുസ്ലീംസംഘടനകളുമായി സി.പി.എമ്മിന് കൃത്യമായ പാലമായി മാറാന്‍ ജലീലിന് സാധിച്ചു. അഥവാ സി.പി.എം. ആ രീതിയില്‍ ജലീലിനെ കണ്ടു. മലപ്പുറത്തെ മുതിര്‍ന്ന മുസ്ലീം നേതാവായ പാലോളി മുഹമ്മദ് കുട്ടിക്കോ, കോഴിക്കോട്ടെ പ്രബലനായ എളമരം കരീമിനോ ഒന്നും ഉണ്ടാക്കാന്‍ സാധിക്കാത്ത അത്തരം മുസ്ലീം സമുദായ സംഘടനാ ലിങ്കുകള്‍ ജലീലിന് എളുപ്പത്തില്‍ സാധിച്ചു എന്നതാണ് ജലീലിനെ അദ്ദേഹം പാര്‍ടി അംഗംപോലുമല്ലാത്ത സാഹചര്യത്തിലും ഏത് പാര്‍ടി നേതാവിനെക്കാളും സി.പി.എമ്മില്‍ പ്രബലനാക്കിയത്.
എന്നാല്‍ ജലീല്‍ സി.പി.എമ്മിനു വേണ്ടി ഉണ്ടാക്കിക്കൊടുത്ത സഖ്യങ്ങളില്‍ ഏറെയും വലിയ തിരിച്ചടി മാത്രമാണ് തിരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് ഉണ്ടാക്കിക്കൊടുത്തത് എന്നത് ഒരു വൈരുദ്ധ്യമാണ്. 2009-ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.യുമായുള്ള ബന്ധം ആണ് അതില്‍ പ്രധാനം. പിന്നീട് അത് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് തള്ളിപ്പറയേണ്ടി വന്ന എസ്.ഡി.പി.ഐ. ബാന്ധവം ആണ് മറ്റൊന്ന്. ഇങ്ങനെയൊക്കെയെങ്കിലും സമുദായ വോട്ടുകള്‍ സ്വാധീനിക്കാന്‍ പാര്‍ടിയിലെ മറ്റ് മുസ്ലീം നാമധാരികളെക്കാള്‍ ശേഷിയും ബന്ധവും ഉള്ള നേതാവ് എന്ന ഇമേജ് ജലീല്‍ നിലനിര്‍ത്തി. അതിന്റെ മറവില്‍ അദ്ദേഹം പാര്‍ടിയില്‍ വലിയ സ്വാതന്ത്ര്യത്തോടെ പെരുമാറി. പിണറായി വിജയന്റെ വലംകൈ എന്ന നിലയില്‍ ഭരണത്തില്‍ ജലീലിനെ നിയന്ത്രിക്കാന്‍ പാര്‍ടിക്ക് പലപ്പോഴും സാധിച്ചില്ല. ജലീല്‍ എല്ലാറ്റിലും മീതെ, പാര്‍ടിയുടെ നിയന്ത്രണം പോലും കൂസാതെ പല കാര്യങ്ങളും ചെയ്ത് എല്ലാറ്റിലും വിവാദങ്ങള്‍ ഉണ്ടാക്കി. ഇതിനൊക്കെ മറുപടി പറയേണ്ടിവന്നതാകട്ടെ കേരളത്തിലെ ലക്ഷക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരും.
പിണറായി മന്ത്രിസഭയിലെ ഏറ്റവും വകതിരിവില്ലാതെ പെരുമാറിയ മന്ത്രിമാരുടെ കണക്കെടുത്താല്‍ ജലീല്‍ അതില്‍ ഒന്നാമന്‍ ആയിരിക്കും. ഇപ്പോള്‍ വലിയ കുരുക്കായി മന്ത്രിസ്ഥാനം പോലും നഷ്ടമായ ബന്ധു നിയമ വിവാദം പോലും ജലീല്‍ സി.പി.എമ്മില്‍ വിശദീകരിച്ചത് ലാഘവത്തോടെയായിരുന്നു എന്ന് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ടിയിലെ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുളള മുസ്ലീം നേതാക്കള്‍ നിഷ്പ്രഭരാവുകയും ജലീലിനെപ്പോലുള്ളവര്‍ പ്രബലരാവുകയും ചെയ്യുന്നതില്‍ സി.പി.എമ്മില്‍ തന്നെ എല്ലാവര്‍ക്കും പ്രിയമില്ല. എന്നാല്‍ ജലീലിനെ ഓഡിറ്റ് ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല. ഈ സൗകര്യം ജലീല്‍ പരമാവധി ഉപയോഗിക്കുകയും പാര്‍ടിക്കാരനല്ലാത്ത പാര്‍ടിക്കാരനായി സ്വന്തം ഇഷ്ടം നടപ്പാക്കുകയും ചെയ്യുന്നു എന്ന വിമര്‍ശനവും പാര്‍ടി നേതൃനിരയില്‍ ഉണ്ട്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ വീണ്ടും ജലീല്‍ മന്ത്രിയാവും എന്ന കാര്യം ഏകദേശം ഉറപ്പാണ്. അതിനു വഴിയൊരുക്കാന്‍ കൂടിയാണ് ഇപ്പോള്‍ പിണറായി ഇടപെട്ട്, ധാര്‍മികതയ്ക്കായി ജലീലിനെക്കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിച്ചതും. അടുത്ത തവണ പരിഗണിക്കുമ്പോള്‍ പാര്‍ടിക്കകത്ത് വിമര്‍ശനം നേരിടരുത് എന്ന താല്‍പര്യമാണ് സ്ഥാനത്യാഗത്തിനു പിന്നിലെ ഒരു തന്ത്രം. മറ്റൊന്ന്, ഇപ്പോള്‍ കൂടുതല്‍ കുരുക്കില്‍ പെടാതെ പാര്‍ടിയെ അനുസരിച്ചു എന്ന ഇമേജ് നിലനിര്‍ത്താനും സാധിക്കുമെന്നതും.