ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രി അധികൃതര്‍ ഇന്നലെ മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളൊട് നിലവിളിക്കുകയായിരുന്നു–510 കൊവിഡ് രോഗികളുണ്ട്, അതില്‍ 70ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ഓക്‌സിജനില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള നിലയിലാണ്. ഇനി ഏതാനും മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓകസിജന്‍ മാത്രമേ ഉള്ളൂ…
എല്ലാം വനരോദനമായി, കഴിഞ്ഞ ഒരു ദിവസത്തിനകം 25 പേര്‍ ആശുപത്രിയില്‍ പിടഞ്ഞു മരിച്ചു–പ്രാണവായു കിട്ടാതെ.
ഇന്ന് രാവിലെ ആശുപത്രി മെഡിക്കല്‍ ഡയരക്ടര്‍ വീണ്ടും പരിഭ്രാന്തനായി എസ്.ഒ.എസ്. സന്ദേശം അയച്ചു. രക്ഷിക്കണേ എന്ന വിലാപ സന്ദേശം.–രണ്ട് മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജനേ ഉള്ളൂ. 60 രോഗികള്‍ അത്യാസന്നനിലയിലാണ്.
ഇന്നിതാ ഒടുവില്‍ ഗംഗാറാം ആശുപത്രിയിലേക്ക് ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തി, നിരനിരയായി. 25 ജീവനുകള്‍ ആ ടാങ്കറിലെ വായുവിന് കാത്തുനില്‍ക്കാതെ പറന്നുപോയ ശേഷം… ഇനി ഓക്‌സിജന്‍ ടാങ്കറില്‍ നിന്നും ഇറക്കി രോഗിക്കെത്തിക്കുമ്പോഴേക്കും എത്ര പേര്‍ കൂടി ഈ ഭൂമി വിട്ടു പോകും എന്ന് അറിയില്ല.
ഇതാണ് ഡെല്‍ഹിയിലെ അവസ്ഥ. കൊവിഡ് വൈറസ് ഏറ്റവും ബാധിക്കുക ശ്വാസകോശത്തെ ആയിരിക്കുമെന്നറിയാമായിരുന്നിട്ടും, ഒരു വര്‍ഷം മുഴുവന്‍ സമയമുണ്ടായിരുന്നിട്ടും പ്രാണവായു പോലും യഥേഷ്ടം ലഭ്യമാക്കാത്ത ദുരവസ്ഥയാണ് രാജ്യതലസ്ഥാനത്ത് എന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഡല്‍ഹി ഹൈക്കോടതി ഒടുവില്‍ ഇടപെടേണ്ടിവന്നു. ഇന്ന് വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ കോടതിയില്‍ പറഞ്ഞത്, ജനങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ പരാമര്‍ശം.